
ഉദുമ: കാസര്‍കോട് - കാഞ്ഞങ്ങാട് തീരദേശ സംസ്ഥാന പാതയില്‍ കനത്ത മഴയെത്തുടര്‍ന്ന് റോഡരികിലെ കുന്നിടിഞ്ഞുവീണ് വന്‍ അപകടം. മേല്‍പ്പറമ്പ് ചളിയംകോട് കോട്ടരുവത്ത് ബുധനാഴ്ച രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവം. പാതയിലൂടെ കടന്നുപോവുകയായിരുന്ന ഒരു കാറിനും ബൈക്കിനും മുകളിലേക്ക് വന്‍തോതില്‍ മണ്ണും കല്ലും ഇടിഞ്ഞുവീഴുകയായിരുന്നു. അപകടത്തില്‍ വാഹനങ്ങളിലുണ്ടായിരുന്ന മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.
മേഖലയില്‍ കനത്ത മഴ തുടരുന്നതിനിടയിലാണ് കോട്ടരുവത്ത് റോഡരികിലെ വലിയ കുന്ന് പെട്ടെന്ന് റോഡിലേക്ക് ഇടിഞ്ഞു പതിച്ചത്. ഈ സമയം റോഡിലൂടെ വരികയായിരുന്ന കാറും ബൈക്കും പൂര്‍ണ്ണമായും മണ്ണിനടിയിലാവുകയായിരുന്നു. മണ്ണും കല്ലും വീഴുന്നത് കണ്ട് യാത്രക്കാര്‍ അതിവേഗം വാഹനങ്ങളില്‍ നിന്നും പുറത്തേക്ക് ചാടി മാറിയതിനാലും, മണ്‍തിട്ടയുടെ വലിയൊരു ഭാഗം തങ്ങിനിന്നതിനാലും മാത്രമാണ് വന്‍ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായത്. കുന്നിടിഞ്ഞതിനെ തുടര്‍ന്ന് തീരദേശ സംസ്ഥാന പാതയില്‍ ഗതാഗതം പൂര്‍ണ്ണമായി തടസ്സപ്പെട്ടു. റോഡിലെ മണ്ണുമാറ്റി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ അധികൃതര്‍ ആരംഭിച്ചിട്ടുണ്ട്
