
കോക്റോച്ച് ജനത പാർട്ടി നടത്തിയത് അടുത്ത കാലത്ത് ഇന്ത്യ കണ്ട ഏറ്റവും വലിയ യുവജന സമരമെന്ന് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി. സിജെപിയുടെ സമരവിജയം മോദി സർക്കാരിനേറ്റ ഏറ്റവും വലിയ തിരിച്ചടിയാണെന്നും ബിജെപിയുടെ തകർച്ചയുടെ ആരംഭമാണെന്നും നാട്ടിലെ യുവാക്കൾ തെളിയിച്ച സമരത്തിൻ്റെ പുതിയ മാതൃക മറ്റ് രാഷ്ട്രീയ പാർട്ടികൾക്കും സ്വീകരിക്കാമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പ്രധാനമന്ത്രിക്കും കേന്ദ്ര സർക്കാരിനുമെതിരെ വലിയ പ്രക്ഷോഭം ഉരുണ്ടുകൂടി വരുന്നുണ്ടെന്ന് മനസ്സിലാക്കിയാണ് സർക്കാരിന് പൂർണമായി മുട്ടുമടക്കേണ്ടി വന്നത്. ഇപ്പോൾ രണ്ടടി പിന്നോട്ടു പോയില്ലെങ്കിൽ പെട്ടെന്ന് പ്രക്ഷോഭം ഉണ്ടാകുമെന്ന് തോന്നിയപ്പോഴാണ് സമരം ഒത്തുതീർപ്പാക്കിയതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഈ നാട്ടിൽ നിരവധി പ്രശ്നങ്ങളുണ്ട്. കർഷകർക്ക് പ്രശ്നമുണ്ട്, തൊഴിലില്ലായ്മ രൂക്ഷമാണ്, സാമ്പത്തിക പ്രതിസന്ധി വളരെ വലുതാണ്, വിലക്കയറ്റം ഏറ്റവും ഉയർന്ന നിലയിലാണ്, ഇന്ത്യൻ രൂപയുടെ മൂല്യം നിരന്തരം ഇടിയുകയാണ്. ഇതൊക്കെ ജനജീവിതത്തിൽ വലിയ പ്രശ്നങ്ങൾ വരുത്തിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
തീവ്ര ആശയങ്ങൾ ഉയർത്തി പ്രചാരണം നയിച്ചാൽ ജനങ്ങളുടെ പ്രശ്നങ്ങൾ മൂടിവെക്കാൻ കഴിയുമെന്ന ബിജെപിയുടെയും സംഘപരിവാറിന്റെയും ചിന്തയ്ക്കാണ് തിരിച്ചടി നേരിട്ടത്. ഇതേക്കുറിച്ചു പുതിയ തലമുറ ബോധവാന്മാരാണെന്ന് തെളിയിക്കുന്നതാണ് ഇപ്പോഴത്തെ സംഭവവികാസം. ജാതിയോ മതമോ പ്രാദേശിക വികാരമോ ഇല്ലാതെ നാട്ടിലെ യുവതീയുവാക്കൾ അതിശക്തമായ പ്രതികരിച്ചുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു
