ഗുജറാത്തിൽ പടക്ക നിർമാണശാലയിൽ സ്ഫോടനം; എട്ടുമരണം, ഒൻപതുപേർക്ക് ​ഗുരുതര പരിക്ക്; സഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ഗുജറാത്തിൽ പടക്ക നിർമാണശാലയിൽ സ്ഫോടനം; എട്ടുമരണം, ഒൻപതുപേർക്ക് ​ഗുരുതര പരിക്ക്; സഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി


അഹമ്മദാബാദ്: ​ഗുജറാത്തിൽ പടക്ക നിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ എട്ടുപേർ മരിച്ചു. അപകടത്തിൽ ഒൻപതുപേർക്ക് ​ഗുരുതരമായി പരിക്കേറ്റു. ​അ​ഹമ്മദാബാദിലെ വസ്ത്രാൽ മേഖലയിലെ ടാലന്റ് ഫയർവർക്ക്സ് പടക്കനിർമാണ ശാലയിലാണ് സ്ഫോടനമുണ്ടായത്. ശനിയാഴ്ച വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം.അപകടമുണ്ടായ വിവരമറിഞ്ഞയുടൻ അ​ഗ്നിരക്ഷാസേനയും ദ്രുതകർമ സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റവരെ സിവിൽ ആശുപത്രിയിലും എൽജി ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.പടക്ക നിർമാണശാലയിലെ അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും പരിക്കേറ്റവർ വേ​ഗത്തിൽ സുഖംപ്രാപിക്കാൻ പ്രാർഥിക്കുന്നതായും അദ്ദേഹം പറഞ്ഞു. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അടിയന്തര സാമ്പത്തിക സഹായമായി രണ്ടുലക്ഷം രൂപയും പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് 50,000 രൂപയും സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്