
ബെംഗളൂരു: കർണാടകയിലെ ധാർവാഡിൽ അനസ്തേഷ്യോളജിസ്റ്റായ നാൽപ്പത്തിയഞ്ചുകാരനെ ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ചിരായു ഹോസ്പിറ്റലിലെ ഡോക്ടറായ കിരൺ ഹൊനന്നാവർ ആണ് മരിച്ചത്. ഇവരുടെ എട്ടുവയസുകാരനായ മകനെ ഗുരുതരമായി കുത്തേറ്റ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കിരണിന്റെ ഭാര്യയും നേത്രരോഗവിദഗ്ദ്ധയുമായ ഡോ. പ്രിയങ്കയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.(Doctor Found Murdered Inside Karnataka Apartment Wife In Custody)
ഉയർന്ന സുരക്ഷയുള്ള ഫ്ലാറ്റ് സമുച്ചയമായതിനാൽ പുറത്തുനിന്നുള്ള ആരും അകത്തുകടന്നിട്ടില്ലെന്നാണ് ഹുബ്ലി-ധാർവാഡ് പോലീസ് കമ്മീഷണർ എൻ. ശശികുമാർ വ്യക്തമാക്കുന്നത്. സംഭവസമയത്ത് ഭർത്താവും ഭാര്യയും കുട്ടിയും മാത്രമാണ് ഫ്ലാറ്റിൽ ഉണ്ടായിരുന്നത്. ഡോ. കിരണിനെ ബന്ധുക്കൾ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. കിരൺ വിശ്രമിക്കുകയാണെന്നും പിന്നീട് പുറത്തുപോയെന്നുമാണ് പ്രിയങ്ക ബന്ധുക്കളോട് പറഞ്ഞിരുന്നത്. എന്നാൽ വൈകുന്നേരമായിട്ടും വിവരമൊന്നുമില്ലാതായതോടെ ബന്ധുക്കൾ ഫ്ലാറ്റിലെത്തുകയും രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിൽ കിരണിനെ കണ്ടെത്തുകയുമായിരുന്നു. മറ്റൊരു മുറിയിലാണ് പരിക്കേറ്റ കുട്ടിയെ കണ്ടെത്തിയത്.
കസ്റ്റഡിയിലുള്ള ഡോ. പ്രിയങ്ക നിലവിൽ കടുത്ത മാനസികാഘാതത്തിലാണെന്നും പരസ്പരവിരുദ്ധമായ പ്രസ്താവനകളാണ് നടത്തുന്നതെന്നും പോലീസ് അറിയിച്ചു. ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്. കുടുംബവഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനമെങ്കിലും കൃത്യമായ കാരണം പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും വിശദമായ അന്വേഷണവും പൂർത്തിയായ ശേഷമേ വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു
