ഗള്‍ഫില്‍ പരക്കെ ആക്രമണം; ഖത്തറിലും ബഹ്‌റൈനിലും അതീവ ജാഗ്രത
ദുബായ്: ഗള്‍ഫ് മേഖലയില്‍ ആശങ്ക പരത്തി വീണ്ടും ആക്രമണ ശ്രമങ്ങള്‍. ഇറാന്‍റെ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളെ തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ വിജയകരമായി തടഞ്ഞതായി യുഎഇയും കുവൈത്തും സ്ഥിരീകരിച്ചു.
ആക്രമണങ്ങളെ തടഞ്ഞ് യുഎഇ
ഇറാനില്‍ നിന്നുള്ള ബാലിസ്റ്റിക് മിസൈലുകള്‍, ക്രൂസ് മിസൈലുകള്‍, ഡ്രോണുകള്‍ എന്നിവയെ യുഎഇ വ്യോമപ്രതിരോധ സംവിധാനം വിജയകരമായി തകർത്തതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ആക്രമണ ഭീഷണിയെ തുടർന്ന് യുഎഇയിലുടനീളമുള്ള താമസക്കാരുടെ മൊബൈല്‍ ഫോണുകളിലേക്ക് അധികൃതർ ആദ്യഘട്ടത്തില്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ നിർദ്ദേശം നല്‍കുന്ന അടിയന്തര മുന്നറിയിപ്പ് സന്ദേശം അയച്ചിരുന്നു.
എന്നാല്‍ മിസൈലുകള്‍ തകർത്തതിന് പിന്നാലെ, രാജ്യം ഇപ്പോള്‍ പൂർണ്ണമായും സുരക്ഷിതമാണെന്ന് വ്യക്തമാക്കിക്കൊണ്ട് പുതിയ മൊബൈല്‍ അലർട്ട് അധികൃതർ പുറപ്പെടുവിച്ചു.
അടിയന്തര സാഹചര്യത്തില്‍ സഹകരിച്ച ജനങ്ങള്‍ക്ക് നന്ദി അറിയിച്ച അധികൃതർ ജനജീവിതം സാധാരണ നിലയിലായതായും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കൂട്ടിച്ചേർത്തു.
പ്രതിരോധം തീർത്ത് കുവൈത്ത്
കുവൈത്ത് വ്യോമാതിർത്തിക്കുള്ളിലേക്ക് കടന്നു കയറാൻ ശ്രമിച്ച ശത്രുക്കളുടെ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങളെ വിജയകരമായി പ്രതിരോധിച്ചതായി കുവൈത്ത് സായുധ സേനയുടെ ജനറല്‍ സ്റ്റാഫ് അറിയിച്ചു.
രാജ്യത്ത് കേള്‍ക്കുന്ന സ്ഫോടന ശബ്ദങ്ങള്‍ വ്യോമപ്രതിരോധ സംവിധാനം ശത്രുക്കളുടെ മിസൈലുകളെയും ഡ്രോണുകളെയും നേരിടുന്നതിന്‍റെ ഭാഗമാണെന്നും ഔദ്യോഗിക നിർദ്ദേശങ്ങള്‍ കർശനമായി പാലിക്കണമെന്നും കുവൈത്ത് അധികൃതർ താമസക്കാരോട് ആവശ്യപ്പെട്ടു.
ഖത്തറിലും ബഹ്‌റൈനിലും അതീവ ജാഗ്രത
മേഖലയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഖത്തർ ആഭ്യന്തര മന്ത്രാലയം രാജ്യത്തെ സുരക്ഷാ ഭീഷണി നിലവാരം അതീവ ഗുരുതരം എന്നതിലേക്ക് ഉയർത്തി.
ഞായറാഴ്ച ഇത് രണ്ടാം തവണയാണ് ഖത്തർ സുരക്ഷാ നിലവാരം ഉയർത്തുന്നത്. ജനങ്ങള്‍ വീടുകളില്‍ തന്നെ തുടരണമെന്നും സുരക്ഷിത സ്ഥാനങ്ങളില്‍ നിന്ന് മാറരുതെന്നും ഖത്തർ നിർദ്ദേശിച്ചു.
സമാനമായ രീതിയില്‍ ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയവും രാജ്യത്ത് അടിയന്തര സുരക്ഷാ സൈറണുകള്‍ മുഴക്കി ജാഗ്രതാ നിർദ്ദേശം നല്‍കിയിട്ടുണ്ട്.
ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്നും എത്രയും വേഗം തൊട്ടടുത്തുള്ള സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്നുമാണ് ബഹ്‌റൈൻ ഭരണകൂടം പൗരന്മാരോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഔദ്യോഗിക മാധ്യമങ്ങളിലൂടെ വരുന്ന കൃത്യമായ വിവരങ്ങള്‍ മാത്രം ജനങ്ങള്‍ പിന്തുടരണമെന്ന് എല്ലാ ഗള്‍ഫ് രാജ്യങ്ങളും അഭ്യർത്ഥിച്ചു
