ഡല്‍ഹി എകെജി ഭവനിലെത്തി ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ അധ്യക്ഷയും എസ്എഫ്ഐ ജോയിന്റ് സെക്രട്ടറിയുമായ ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ച് ഡല്‍ഹി പോലീസ്

എകെജി ഭവനിലേക്ക് സ്വകാര്യ കാറില്‍ സിവില്‍ വേഷത്തില്‍ പോലീസ്! ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനുള്ള ഡല്‍ഹി പോലീസിന്റെ നീക്കം തടഞ്ഞ് ജോണ്‍ ബ്രിട്ടാസ് എംപി; 'മഴ കാരണം യൂണിഫോം ഇട്ടില്ല' എന്ന് ഉദ്യോഗസ്ഥയുടെ ന്യായീകരണം; പോയി യൂണിഫോമിട്ട് വരാന്‍ ബ്രിട്ടാസ്; ജന്തര്‍ മന്തര്‍ പ്രക്ഷോഭത്തിന് പിന്നാലെ ഡല്‍ഹിയില്‍ നാടകീയ രംഗങ്ങള്‍



ന്യൂഡല്‍ഹി: ഡല്‍ഹി എകെജി ഭവനിലെത്തി ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ അധ്യക്ഷയും എസ്എഫ്ഐ ജോയിന്റ് സെക്രട്ടറിയുമായ ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ച് ഡല്‍ഹി പോലീസ്. 2021ലെ ജെഎന്‍യു സമരവുമായി ബന്ധപ്പെട്ട കേസിന്റെ ഭാഗമായാണ് ഈ നടപടിയെന്നാണ് പോലീസിന്റെ പ്രാഥമിക വിശദീകരണം. എകെജി ഭവനിലേക്ക് സിവില്‍ വേഷത്തിലെത്തിയ വനിതാ പോലീസ് ഉദ്യോഗസ്ഥ ഉള്‍പ്പെടെയുള്ള സംഘമാണ് അറസ്റ്റ് നീക്കത്തിന് നേതൃത്വം നല്‍കിയത്.

എന്നാല്‍, സ്വകാര്യ വാഹനത്തിലും കൃത്യമായ യൂണിഫോമും ബാഡ്ജും ഔദ്യോഗിക രേഖകളും ഇല്ലാതെയും എത്തിയ പോലീസ് സംഘത്തെ സിപിഎം നേതാക്കള്‍ ശക്തമായി ചോദ്യം ചെയ്തു. സ്ഥലത്തുണ്ടായിരുന്ന ജോണ്‍ ബ്രിട്ടാസ് എംപി, യൂണിഫോം ധരിക്കാതെ എത്തിയതിനെ ചോദ്യം ചെയ്തപ്പോള്‍ മഴ കാരണമാണ് യൂണിഫോം ഇടാതിരുന്നത് എന്നായിരുന്നു പോലീസ് ഉദ്യോഗസ്ഥയുടെ മറുപടി.

എന്നാല്‍ പോയി യൂണിഫോമും ബാഡ്ജും ധരിച്ച് കൃത്യമായ രേഖകളോടെ എത്തു, അതുവരെ താന്‍ ഇവിടെത്തന്നെ കാണുമെന്ന് ബ്രിട്ടാസ് കര്‍ശന നിലപാടെടുത്തതോടെ പോലീസ് സംഘം താത്കാലികമായി പിന്തിരിയുകയായിരുന്നു. സംഭവസ്ഥലത്തേക്ക് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളും എത്തിയിരുന്നു.

ഡല്‍ഹി ജന്തര്‍ മന്തറില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭത്തില്‍ സജീവമായി പങ്കെടുത്തതിന്റെ പ്രതികാര നടപടിയായാണ് ഐഷിക്കെതിരെയുള്ള ഈ പോലീസ് നീക്കമെന്ന് ജോണ്‍ ബ്രിട്ടാസ് എംപി ആരോപിച്ചു. സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ യാതൊരുവിധ പ്രതികാര നടപടികളും ഉണ്ടാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നെങ്കിലും, ഡല്‍ഹി സമരത്തില്‍ പങ്കെടുത്തവരെ തെരഞ്ഞുപിടിച്ച് അറസ്റ്റ് ചെയ്യാനുള്ള രാഷ്ട്രീയ നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ആക്ഷേപമുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കേസുകളുടെ പേര് പറഞ്ഞ് പ്രതിഷേധക്കാരെ ഒതുക്കാനാണ് കേന്ദ്ര സര്‍ക്കാരും പോലീസും ശ്രമിക്കുന്നതെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.