നിയമപ്രകാരം പശുക്കളെ അറുക്കാന്‍ അനുമതിയുള്ളപ്പോള്‍ വിരുദ്ധമായ ഉത്തരവ് നിലനില്‍ക്കില്ലെന്ന് വിജയ് സര്‍ക്കാര്‍; തമിഴ്നാട്ടില്‍ ഗോവധം നിരോധിച്ചുകൊണ്ടുള്ള മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിന് ഇടക്കാല സ്റ്റേ അനുവദിച്ച് സുപ്രീം കോടതി

നിയമപ്രകാരം പശുക്കളെ അറുക്കാന്‍ അനുമതിയുള്ളപ്പോള്‍ വിരുദ്ധമായ ഉത്തരവ് നിലനില്‍ക്കില്ലെന്ന് വിജയ് സര്‍ക്കാര്‍; തമിഴ്നാട്ടില്‍ ഗോവധം നിരോധിച്ചുകൊണ്ടുള്ള മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിന് ഇടക്കാല സ്റ്റേ അനുവദിച്ച് സുപ്രീം കോടതി


ന്യൂഡല്‍ഹി: തമിഴ്നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ചുകൊണ്ടുള്ള മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ഹൈക്കോടതി പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങളില്‍ വലിയ രീതിയിലുള്ള തിരുത്തലുകള്‍ ആവശ്യമുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് തിങ്കളാഴ്ച നിര്‍ണ്ണായകമായ ഈ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. മദ്രാസ് ഹൈക്കോടതിയുടെ വിവാദ ഉത്തരവിനെതിരെ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (ടിവികെ) സര്‍ക്കാര്‍ സമര്‍പ്പിച്ച പ്രത്യേക അനുമതി ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഈ നിര്‍ണ്ണായക ഇടപെടല്‍. സുപ്രീം കോടതിയില്‍ നിന്ന് അനുകൂലമായ സ്റ്റേ ഉത്തരവ് നേടിയെടുക്കാനായത് തമിഴ്നാട്ടിലെ വിജയ് സര്‍ക്കാരിന് വലിയ രാഷ്ട്രീയ-നിയമ വിജയമായി മാറി.

ബക്രീദ് ദിനത്തിലോ മറ്റ് സാധാരണ ദിവസങ്ങളിലോ സംസ്ഥാനത്ത് പശുക്കളെയോ പശുക്കിടാങ്ങളെയോ അറക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് മദ്രാസ് ഹൈക്കോടതി തമിഴ്നാട് സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു. പാല്‍ ഉല്‍പ്പാദനം സംരക്ഷിക്കുന്നതിനും ഗ്രാമീണ സമ്പദ്വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനുമാണ് ഈ കടുത്ത നിയന്ത്രണമെന്നായിരുന്നു ഹൈക്കോടതിയുടെ നിലപട്. 1976 ഓഗസ്റ്റിലെ ഒരു പഴയ സര്‍ക്കാര്‍ ഉത്തരവ് നടപ്പിലാക്കിക്കൊണ്ട് മെയ് 27-നാണ് ജസ്റ്റിസുമാരായ ജി.ആര്‍. സ്വാമിനാഥന്‍, വി. ലക്ഷ്മീനാരായണന്‍ എന്നിവരടങ്ങിയ മദ്രാസ് ഹൈക്കോടതി ബെഞ്ച് സംസ്ഥാനത്തുടനീളം ഗോവധം നിരോധിക്കാന്‍ ഉത്തരവിട്ടത്. ഭരണഘടനയുടെ 48-ാം അനുച്ഛേദം (ആര്‍ട്ടിക്കിള്‍ 48) പ്രകാരം പശുക്കള്‍, കന്നുകാലികള്‍, മറ്റ് കറവപ്പശുക്കള്‍ എന്നിവയെ അറുക്കുന്നത് നിരോധിക്കാന്‍ സംസ്ഥാനങ്ങള്‍ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്ന് ജസ്റ്റിസ് സ്വാമിനാഥന്‍ വിധിന്യായത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഭരണഘടനാ അസംബ്ലിയിലെ ചര്‍ച്ചകളില്‍പ്പോലും പശുവിനെ ആദരിക്കപ്പെടുന്ന മൃഗമായി അടിവരയിട്ടിട്ടുണ്ടെന്നും ശ്രീകൃഷ്ണന്റെ കാലം മുതല്‍ പശു ഇന്ത്യന്‍ സംസ്‌കാരവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം എടുത്തുപറഞ്ഞിരുന്നു.

എന്നാല്‍, ഈ ജുഡീഷ്യല്‍ ഉത്തരവ് സംസ്ഥാനത്ത് നിലവിലുള്ള നിയമവ്യവസ്ഥകള്‍ക്ക് വിരുദ്ധമാണെന്ന് കാണിച്ച് വിജയ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. തമിഴ്നാട് മൃഗസംരക്ഷണ നിയമം 1958 പ്രകാരം, പത്ത് വര്‍ഷത്തിലധികം പ്രായമുള്ളതും ജോലി ചെയ്യിപ്പിക്കാനോ പ്രജനനത്തിനോ ശേഷിയില്ലെന്ന് വെറ്ററിനറി അധികൃതര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയതുമായ കന്നുകാലികളെ വധിക്കാന്‍ നിയമപരമായ അനുമതിയുണ്ട്. നിശ്ചിത സ്ഥലങ്ങളില്‍ വെച്ച് പ്രത്യേക വിഭാഗത്തില്‍പ്പെട്ട പശുക്കളെ അറുക്കാന്‍ നിയമം കൃത്യമായി വ്യവസ്ഥ ചെയ്യുന്നുണ്ടെന്നും, നിലവിലുള്ള ഈ നിയമപരമായ വ്യവസ്ഥകളെ മറികടന്നുകൊണ്ട് കോടതിക്ക് ഇത്തരമൊരു ജുഡീഷ്യല്‍ നിര്‍ദ്ദേശം നല്‍കാന്‍ കഴിയില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ വാദിച്ചു. സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഡോ. അഭിഷേക് മനു സിങ്വിയുടെ ശക്തമായ വാദങ്ങള്‍ അംഗീകരിച്ചാണ് സുപ്രീം കോടതി ഹൈക്കോടതി ഉത്തരവിന് സ്റ്റേ അനുവദിച്ചത്. മദ്രാസ് ഹൈക്കോടതിയുടെ വിധിയില്‍ വ്യക്തമായ തിരുത്തല്‍ ആവശ്യമാണെന്ന് നിരീക്ഷിച്ച സുപ്രീം കോടതി, കേസില്‍ കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി മാറ്റി വെച്ചു.