ഉപരാഷ്ട്രപതിയെയും സുരേഷ് ഗോപിയെയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ തന്നെ തിരുത്തി; ബിജെപി നേതാക്കളുടെ പ്രസ്താവനകളില്‍ പരസ്യപ്രതികരണം വേണ്ട; രാഷ്ട്രീയ പാര്‍ട്ടിയുമായി ഏറ്റുമുട്ടേണ്ടെന്ന നിലപാടില്‍ എന്‍എസ്എസ് നേതൃത്വം


ഉപരാഷ്ട്രപതിയെയും സുരേഷ് ഗോപിയെയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ തന്നെ തിരുത്തി; ബിജെപി നേതാക്കളുടെ പ്രസ്താവനകളില്‍ പരസ്യപ്രതികരണം വേണ്ട; രാഷ്ട്രീയ പാര്‍ട്ടിയുമായി ഏറ്റുമുട്ടേണ്ടെന്ന നിലപാടില്‍ എന്‍എസ്എസ് നേതൃത്വം



കോട്ടയം: ബിജെപി നേതാക്കളുടെ പ്രസ്താവനകളില്‍ പരസ്യപ്രതികരണം വേണ്ടെന്ന തീരുമാനത്തില്‍ എന്‍എസ്എസ് നേതൃത്വം. രാഷ്ട്രീയ പാര്‍ട്ടിയുമായി ഏറ്റുമുട്ടേണ്ട എന്നാണ് നേതൃത്വത്തിന്റെ നിലപാട്. എന്‍എസ്എസിനെ വിമര്‍ശിച്ച ഉപരാഷ്ട്രപതിയെയും സുരേഷ് ഗോപിയെയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ തന്നെ തിരുത്തിയിട്ടുണ്ടെന്നാണ് എന്‍എസ്എസ് നേതൃത്വം ചൂണ്ടിക്കാട്ടുന്നത്. ബിജെപി നേതാക്കളുടെ ഭാഗത്തുനിന്നുണ്ടായ കടുത്ത പ്രസ്താവനകളില്‍ പരസ്യമായി പ്രതികരിക്കേണ്ടതില്ലെന്നാണ് എന്‍എസ്എസ് നേതൃത്വത്തിന്റെ ഒടുവിലത്തെ തീരുമാനം. ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായി നേരിട്ടുള്ള ഏറ്റുമുട്ടലിന് സംഘടന തയ്യാറല്ലെന്ന കൃത്യമായ സന്ദേശമാണ് ഇതിലൂടെ നല്‍കുന്നത്. എന്‍എസ്എസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ബിജെപി ഇടപെടില്ലെന്നും സംഘടനയെയും നേതൃത്വത്തെയും പൂര്‍ണ്ണമായി ബഹുമാനിക്കുന്നുവെന്നുമുള്ള ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണത്തെ എന്‍എസ്എസ് നേതൃത്വം സ്വാഗതം ചെയ്യുകയും ചെയ്തിട്ടുണ്ട്.

ന്യൂഡല്‍ഹിയില്‍ എന്‍എസ്എസ് ഡല്‍ഹി യൂണിയന്‍ നിര്‍മ്മിച്ച മന്നം സ്മൃതി മണ്ഡപത്തിന്റെ ഉദ്ഘാടന വേദിയിലാണ് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനും കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്. ഇരുവരുടെയും വ്യക്തിപരമായ പ്രസ്താവനകള്‍ യാതൊരുവിധ മറുപടിയും അര്‍ഹിക്കുന്നില്ലെന്നായിരുന്നു ഇതിനോട് ജി. സുകുമാരന്‍ നായര്‍ ഇന്നലെ പ്രതികരിച്ചത്. ചില രാഷ്ട്രീയ ഗൂഢലക്ഷ്യങ്ങള്‍ വെച്ചുകൊണ്ടാണ് ഇത്തരം പ്രസ്താവനകള്‍ ഇറക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തുന്നതിനോ പ്രവേശിക്കുന്നതിനോ ആര്‍ക്കും യാതൊരുവിധ വിലക്കും ഏര്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ വിവിഐപി സന്ദര്‍ശന വേളകളില്‍ സുരക്ഷാ പ്രോട്ടോക്കോള്‍ പാലിക്കണമെന്ന് പറയുന്നത് സ്വാഭാവികമാണ്. എന്‍എസ്എസ് ഒരു ക്ഷേത്രം പോലെ കാണുന്ന വിശുദ്ധമായ സ്ഥലമാണ് മന്നം സമാധി. അവിടെ സുരക്ഷയുടെ ഭാഗമായി നായ്ക്കളെ കൊണ്ടുവന്നുള്ള പരിശോധനകള്‍ നടത്തുന്നത് ഒട്ടും അംഗീകരിക്കാന്‍ കഴിയില്ലെന്ന ശക്തമായ നിലപാടിലാണ് എന്‍എസ്എസ് നേതൃത്വം.

ഈ തര്‍ക്കങ്ങളുടെ തുടക്കം മുന്‍പ് നടന്ന ചില സംഭവങ്ങളുമായി ബന്ധപ്പെട്ടതാണ്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ കേരള സന്ദര്‍ശനത്തിനിടെ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന് പെരുന്നയിലെ മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്താന്‍ എന്‍എസ്എസ് അനുമതി നല്‍കിയിരുന്നില്ല. ഇതിലുള്ള അമര്‍ഷമാണ് ഡല്‍ഹിയിലെ ചടങ്ങില്‍ അദ്ദേഹം പരസ്യമായി പ്രകടിപ്പിച്ചത്. 'നിങ്ങളാണ് എല്ലാമെന്ന് വിചാരിക്കരുത്. നിങ്ങള്‍ ഇപ്പോള്‍ എല്ലാമായിരിക്കുന്നത് മന്നത്ത് പത്മനാഭന്റെ സംഭാവനകള്‍ കാരണമാണ്. താന്‍ ജനറല്‍ സെക്രട്ടറിയാണെന്ന് പറഞ്ഞ് മന്നം സമാധിയിലേക്ക് ഇന്നയാള്‍ വരരുതെന്ന് വിലക്കാന്‍ ആര്‍ക്കും അവകാശമില്ല' എന്നായിരുന്നു ഉപരാഷ്ട്രപതിയുടെ പരോക്ഷമായ വിമര്‍ശനം.

ഉപരാഷ്ട്രപതിക്ക് പിന്നാലെ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും എന്‍എസ്എസ് നേതൃത്വത്തിനെതിരെ കടുത്ത വാക്കുകളുമായി രംഗത്തെത്തി. പെരുന്ന സ്വയം ശുദ്ധീകരിക്കപ്പെടുമെന്നും, ഒന്നുകില്‍ അവിടെ ഇരിക്കുന്നവര്‍ സ്വയം ശുദ്ധീകരിക്കും അല്ലെങ്കില്‍ കാലം അവരെ ശുദ്ധീകരിക്കുമെന്നുമായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. മുന്‍പ് 2015-ല്‍ എന്‍എസ്എസ് ആസ്ഥാനത്തെത്തിയപ്പോള്‍ സുരേഷ് ഗോപിയെ കാണാന്‍ സുകുമാരന്‍ നായര്‍ വിസമ്മതിച്ചിരുന്നു. ഈ പഴയ നീരസവും ഡല്‍ഹിയിലെ പ്രതികരണത്തിന് പിന്നിലുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. കൂടാതെ മുന്‍ പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ് ഗവര്‍ണറാകുന്നതിന് മുന്‍പ് പെരുന്നയിലെത്തിയപ്പോഴും മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്താന്‍ അനുമതി ലഭിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ താല്പര്യപ്രകാരമാണ് ഡല്‍ഹി ദ്വാരകയിലെ മന്നം ഇന്റര്‍നാഷണല്‍ സെന്ററില്‍ ഈ സ്മൃതി മണ്ഡപം പണിതത്.

വിവാദങ്ങള്‍ കൊഴുക്കുന്നതിനിടയിലാണ് എന്‍എസ്എസിനെ അനുനയിപ്പിക്കാനും ബന്ധം വഷളാകാതിരിക്കാനും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നേരിട്ട് രംഗത്തെത്തിയത്. ഉപരാഷ്ട്രപതിയുടെയും സുരേഷ് ഗോപിയുടെയും പ്രസ്താവനകളെ തള്ളിപ്പറയാതെ തന്നെ, ബിജെപിയുടെ ഔദ്യോഗിക നിലപാട് അദ്ദേഹം വ്യക്തമാക്കി. സുകുമാരന്‍ നായര്‍ക്കെതിരെ ബിജെപി നിലപാടെടുത്തു എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തീര്‍ത്തും വസ്തുതാവിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. ലക്ഷക്കണക്കിന് വരുന്ന സമുദായ അംഗങ്ങളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന എന്‍എസ്എസിനെയും അതിന്റെ ജനറല്‍ സെക്രട്ടറിയെയും ബിജെപി ഏറെ ആദരവോടെയാണ് കാണുന്നത്. തനിക്ക് വ്യക്തിപരമായി വലിയ പിന്തുണ നല്‍കിയ വ്യക്തിയാണ് ജി. സുകുമാരന്‍ നായരെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.