ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവര്‍ത്തകര്‍ക്ക് ജാമ്യമില്ല; ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് പ്രോസിക്യൂഷന്‍

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവര്‍ത്തകര്‍ക്ക് ജാമ്യമില്ല; ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് പ്രോസിക്യൂഷന്‍



തിരുവനന്തപുരം: പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ഇഡി ഉദ്യോ?ഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളായ ഏഴ് സിപിഎം പ്രവര്‍ത്തകരുടെ ജാമ്യ അപേക്ഷ കോടതി തള്ളി. തിരുവനന്തപുരം ജില്ലാ കോടതിയാണ് ജാമ്യ അപേക്ഷ തള്ളിയത്. 10 പ്രതികളുടെ ജാമ്യ അപേക്ഷ നേരത്തെ കോടതി തള്ളിയിരുന്നു.

ശ്രീജിത്ത്, ദിനീത്, അമല്‍, ഷൈജു സലിം, അനില്‍കുമാര്‍, നിഷാദ്, ദിനകര്‍ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. 50 ദിവസത്തിലേറെയായി പ്രതികള്‍ ജയിലിലാണെന്നും വധശ്രമം ചുമത്തിയെങ്കിലും തെളിവു ഹാജരാക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞിട്ടില്ലെന്നും പ്രതിഭാഗം വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.

ഇപ്പോള്‍ ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും സ്പെഷല്‍ പ്രോസിക്യൂട്ടര്‍ എ.സന്തോഷ് കുമാറും ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് എത്തിയ ഉദ്യോഗസ്ഥരെ ആക്രമിക്കുന്നത് ഗുരതരമായ വിഷയമായി പരിഗണിക്കണമെന്ന് ഇഡിയുടെ അഭിഭാഷകനും അറിയിച്ചു. ബംഗാളിലാണ് ഇതിന് മുമ്പ് ഇഡി ഉദ്യോഗസ്ഥര്‍ ആക്രമിക്കപ്പെട്ടത്. അന്ന് കേസില്‍ പ്രതിയായ ഉന്നത രാഷ്ട്രീയ നേതാവ് ഇപ്പോഴും ജയിലിലാണെന്നും പ്രോസിക്യൂട്ടര്‍ കോടതിയില്‍ പറഞ്ഞു.