കോൺഗ്രസിൽ പുതിയ പോർമുഖം, 'പല്ലി വാല് മുറിക്കുന്നത് പോലെ ഭൂതകാലം ഉപേക്ഷിക്കാൻ കഴിയില്ല'; മുഖ്യമന്ത്രിക്കെതിരെ കോണ്‍ഗ്രസ് വക്താവ് വി ആര്‍ അനൂപ്

കോൺഗ്രസിൽ പുതിയ പോർമുഖം, 'പല്ലി വാല് മുറിക്കുന്നത് പോലെ ഭൂതകാലം ഉപേക്ഷിക്കാൻ കഴിയില്ല'; മുഖ്യമന്ത്രിക്കെതിരെ കോണ്‍ഗ്രസ് വക്താവ് വി ആര്‍ അനൂപ്


തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശനെതിരെ ഒരുവിഭാഗം കോൺഗ്രസ് നേതാക്കൾ രംഗത്ത്. കെഎസ്‌യു സംസ്ഥാന അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകുന്നില്ലെന്ന വിമർശനം ഉയർത്തുകയാണ് കോൺഗ്രസ് വക്താവ് വി ആർ അനൂപ്. ഹിന്ദു ഐക്യവേദിക്ക് കിട്ടുന്ന പരിഗണനയെങ്കിലും കെഎസ്‌യു അധ്യക്ഷന് ലഭിക്കണമെന്നും പി എം നിയാസും അലോഷ്യസ് സേവ്യറും നേരിട്ടത് സമാന അനുഭവമാണെന്ന് അനൂപ് പറയുന്നു. അവർക്ക് മുഖ്യമന്ത്രിയെ കാണാൻ സമയം ലഭിക്കണമെന്നത് കോൺഗ്രസുകാരന്റെ വികാരം. പല്ലി വാല് മുറിക്കുന്നത് പോലെ ഭൂതകാലം ഉപേക്ഷിക്കാൻ മുഖ്യമന്ത്രിക്കും ഞങ്ങൾക്കും കഴിയില്ലെന്നും അനൂപ് വ്യക്തമാക്കുന്നു.&nbsp;</p><p>കെസി വേണുഗോപാൽ പക്ഷക്കാരനായ അനൂപിനെ വിമർശിച്ച് സതീശൻ ക്യാമ്പിലുള്ള രാജു പി നായര്‍ രംഗത്തെത്തിയിരുന്നു. മോഹഭംഗം സംഭവിച്ച ചിലർ പാർട്ടിയുടെ മുഖമായിരുന്നു കൊണ്ട് സംഘപരിവാറിന്റെയും സിപിഎമ്മിന്റെയും പണി എടുക്കുകയാണെന്നാണ് രാജു പി നായർ ആഞ്ഞടിച്ചത്. ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരിക്കുന്നവർ ഉത്തരവാദിത്വത്തോടെ പെരുമാറണം. സർക്കാരിന്റെ ഏതെങ്കിലും തീരുമാനവുമായി ബന്ധപ്പെട്ട് പരാതിയുണ്ടെങ്കിൽ ആദ്യം ഉന്നയിക്കേണ്ടത് മുഖ്യമന്ത്രിയോടോ, കെ.പി.സി.സി. പ്രസിഡന്റിനോടോ ആണ്. ഹിന്ദു ഐക്യ വേദിയുടെ നേതാക്കന്മാർ കണ്ടതുമായി കൂട്ടി കെട്ടി പ്രതികരിക്കണമെങ്കിൽ അത് നിഷ്കളങ്കമല്ല, മാധ്യമങ്ങളുടെ തോളിൽ കയറിയിരുന്ന് ചെവി കടിക്കുന്നവർ ആരുടെ 'വക്താക്കൾ' ആണെന്ന് സ്വയം ചിന്തിക്കണമെന്നും രാജു പി നായർ ഫേസ്ബുക്കിൽ കുറിച്ചു.