'വിദ്യാര്‍ത്ഥികളാണ് നാളെത്തെ നട്ടെല്ല്! ഡൽഹി തെരുവിൽ അലയടിക്കുന്നത് വെറുമൊരു ശബ്ദമല്ല; നാളെയുടെ വിപ്ലവം'; രാജ്യതലസ്ഥാനത്ത് ഇരമ്പുന്ന യുവതലമുറയ്ക്ക് പൂർണ പിന്തുണയുമായി അൻസിബ ഹസൻ

ഡൽഹിയിൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടക്കുന്ന സി.ജെ.പി പ്രതിഷേധത്തിന് പിന്തുണയേറുന്നു. വിദ്യാർത്ഥികൾ ഉന്നയിക്കുന്ന ആവശ്യങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സാംസ്‌കാരിക-സിനിമാ രംഗത്തെ പ്രമുഖർ ഉൾപ്പെടെ നിരവധി പേരാണ് ഇതിനോടകം രംഗത്തെത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി മലയാള ചലച്ചിത്ര മേഖലയിൽ നിന്നും നിരവധി അഭിനേതാക്കൾ വിദ്യാർത്ഥികൾക്ക് പിന്തുണയുമായി രംഗത്തുവന്നിട്ടുണ്ട്.ഡൽഹിയിൽ ഉയരുന്ന ശബ്ദങ്ങൾ വെറുമൊരു പ്രതിഷേധമല്ലെന്നും അനീതിക്കെതിരായ പോരാട്ടമാണെന്നും വ്യക്തമാക്കി നടി അൻസിബ ഹസനും ഇപ്പോൾ ഐക്യദാർഢ്യം പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നും യുവതയ്ക്കൊപ്പവും നീതിക്കൊപ്പവുമാണ് താനെന്ന് വ്യക്തമാക്കി സോഷ്യൽ മീഡിയയിലൂടെയായിരുന്നു അൻസിബയുടെ പ്രതികരണം."ഇരമ്പുന്ന യുവത്വം, ഉണരുന്ന ഇന്ത്യ. വിദ്യാർത്ഥികളാണ് നാളത്തെ നട്ടെല്ല്," എന്ന് അൻസിബ തൻ്റെ കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു. തെരുവുകളിൽ ഉയരുന്ന പ്രതിഷേധങ്ങൾ ഭാവിയിലേക്കുള്ള മാറ്റത്തിന്റെ സൂചനയാണെന്നും താരം അഭിപ്രായപ്പെട്ടു.ഡൽഹിയിലെ തെരുവുകളിൽ അലയടിക്കുന്നത് വെറുമൊരു ശബ്ദമല്ലെന്ന് അൻസിബ കുറിച്ചു. അത് അനീതിയുടെ ചുവരുകൾ തകർത്തെറിയാൻ പൊരുതുന്ന നാളെയുടെ വിപ്ലവമാണെന്നാണ് നടിയുടെ വാക്കുകൾ. പ്രതിസന്ധികൾക്ക് മുന്നിൽ പതറാതെ മുന്നോട്ട് പോകുന്ന വിദ്യാർത്ഥികളുടെ ധീരമായ പോരാട്ടത്തിന് തന്റെ ഹൃദയപൂർണ്ണമായ ഐക്യദാർഢ്യം നേർന്നുകൊണ്ടാണ് അൻസിബ ഹസൻ തൻ്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.
