ഡൽഹിയിൽ വിദ്യാർത്ഥികൾ നടത്തുന്ന പ്രക്ഷോഭത്തിന് നേരെ പോലീസ് നടത്തിയ അടിച്ചമർത്തൽ നടപടികളിൽ പ്രതിഷേധവും പിന്തുണയുമായി നടൻ മോഹൻലാലിന്റെ മകൾ വിസ്മയ

'ടിയര്‍ ഗ്യാസ് പൊട്ടിച്ചു.. ലാത്തി ചാര്‍ജ് ചെയ്ത് വിരട്ടി; റോഡുകൾ എല്ലാം ബ്ലോക്ക് ചെയ്തു; ഇന്‍റര്‍നെറ്റ് വരെ നിരോധിക്കുന്ന കാഴ്ച; അവര്‍ ഉയര്‍ത്തുന്ന ശബ്ദത്തെ നിങ്ങൾ എന്തിന് അടിച്ചമർത്തുന്നു'; ആര്..എന്ത് വിചാരിക്കുമെന്ന് കരുതാതെ ധൈര്യത്തോടെ രാജ്യത്തിന്റെ അവസ്ഥയെ കുറിച്ച് വെട്ടിത്തുറന്ന് പറഞ്ഞ് വിസ്‌മയ മോഹൻലാൽ; ചർച്ചയായി വാക്കുകൾ



ഡൽഹി: ഡൽഹിയിൽ വിദ്യാർത്ഥികൾ നടത്തുന്ന പ്രക്ഷോഭത്തിന് നേരെ പോലീസ് നടത്തിയ അടിച്ചമർത്തൽ നടപടികളിൽ പ്രതിഷേധവും പിന്തുണയുമായി നടൻ മോഹൻലാലിന്റെ മകൾ വിസ്മയ (മായ). സോഷ്യൽ മീഡിയയിലൂടെയാണ് വിസ്മയ വിദ്യാർത്ഥി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയത്. 'വിൽ മേക്ക് ഇറ്റ് എസ്.കെ' എന്ന പേജിന്റെ പോസ്റ്റ് പങ്കുവെച്ചുകൊണ്ടാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്.

സ്വന്തം രാജ്യത്തെ പൗരന്മാരോട് ഇത്തരത്തിലാണോ പെരുമാറേണ്ടതെന്ന് കേന്ദ്ര സർക്കാരിനോട് വിസ്മയ പോസ്റ്ററിലൂടെ ചോദിക്കുന്നു. "സ്വന്തം പൗരന്മാരോട് ഇങ്ങനെ പെരുമാറുന്നതാണോ നിങ്ങൾ കരുതുന്ന ജനാധിപത്യം?" എന്ന രൂക്ഷമായ ചോദ്യമാണ് പോസ്റ്ററിലുള്ളത്. ഡൽഹിയിൽ സമരം ചെയ്ത വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ ലാത്തിച്ചാർജ്ജ്, കണ്ണീർവാതക പ്രയോഗം എന്നിവയുൾപ്പെടെയുള്ള ബലപ്രയോഗങ്ങളോടുള്ള കടുത്ത പ്രതിഷേധമാണ് വിസ്മയയുടെ ഈ വാക്കുകളിലുള്ളത്.

ജനാധിപത്യപരമായ പ്രതിഷേധങ്ങളെ അധികാരം ഉപയോഗിച്ച് അടിച്ചമർത്തുന്നതിനെ ചോദ്യം ചെയ്യുന്ന വിസ്മയയുടെ പോസ്റ്റ് ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിട്ടുണ്ട്. പ്രമുഖ വ്യക്തികളുടെ മക്കളടക്കമുള്ളവർ പരസ്യമായി രംഗത്തുവരുന്നത് വിദ്യാർത്ഥി പ്രക്ഷോഭത്തിന് വലിയ പ്രചാരവും പൊതുജനശ്രദ്ധയും നൽകുന്നുണ്ട്.

വിസ്മയ മോഹൻലാലിന്റെ വാക്കുകൾ...

ടിയര്‍ ഗ്യാസ്, ലാത്തി ചാര്‍ജ്, വിദ്യാര്‍ത്ഥികള്‍ക്കെല്ലാം പരിക്ക്, റേഡുകള്‍ ബ്ലോക്ക് ചെയ്തു, മെട്രോ സ്റ്റേഷനുകള്‍ അടച്ചിട്ടു, നഗരം മുഴുവന്‍ ബാരിക്കേഡുകള്‍, ഇന്‍റര്‍നെറ്റ് നിരോധിച്ചു.

സമരക്കാരെ നിങ്ങള്‍ അനുകൂലിക്കണ്ട ആവശ്യമില്ല. അവരുടെ ആവശ്യങ്ങളെ അം​ഗീകരിക്കേണ്ടതില്ല. അവരുടെ കൂടെ നില്‍ക്കുന്ന സംഘടനയെ അംഗീകരിക്കുകയും വേണ്ട. പക്ഷേ, പൗരന്മാരുടെ ചോദ്യത്തിനും അവര്‍ ഉയര്‍ത്തുന്ന ശബ്ദത്തിലും നേരെ ഇത്തരം അടിച്ചമര്‍ത്തല്‍ നടക്കുമ്പോൾ അതിനെ തടഞ്ഞു നിര്‍ത്തുകയും ഇത് ഏത് തരത്തിലുള്ള ജനാധിപത്യമാണെന്ന് ചോദിക്കുകയും വേണം. കാരണം നാളെ നിങ്ങള്‍ പറയുന്നതും അവര്‍ക്ക് കേള്‍ക്കേണ്ട അവസ്ഥ വരും. നിങ്ങളല്ലെങ്കില്‍ നിങ്ങളുടെ കുടുംബമോ അയല്‍ക്കാരോ നാട്ടുകാരോ ആയിരിക്കും ചോദ്യം ചോദിക്കാന്‍ ഉണ്ടാവുക. എന്‍റെ ചോദ്യം വളരെ ലളിതമാണ്. സ്വന്തം പൗരന്മാരോട് ഇങ്ങനെ പെരുമാറുന്നതാണ് ജനാധിപത്യം എന്നാണോ നിങ്ങൾ കരുതുന്നത്?

അതേസമയം, ഡൽഹിയിൽ പ്രതിഷേധം അലയടിക്കുന്നതിനിടെ പിന്തുണയുമായി കോണ്‍ഗ്രസും രംഗത്ത് എത്തിയിട്ടുണ്ട്. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുന ഖർഗെ, പ്രിയങ്ക ഗാന്ധി, കേരള മുഖ്യമന്ത്രി വി ഡി സതീശൻ, കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ, എ ഐ സി സി സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ തുടങ്ങി നേതാക്കളെല്ലാവരും തന്നെ തെരുവിലേക്കിറങ്ങി. ഇതിനിടെ മന്ത്രി ജിതേന്ദ്ര സിംഗ് രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തി. പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് ചര്‍ച്ച.