കോഴിക്കോട്: സ്‌കൂളിലും ബി.ആര്‍.സി യോഗങ്ങളിലും എപ്പോഴും ഒപ്പത്തിനൊപ്പം നടന്നിരുന്ന ആ ബെസ്റ്റികളായ അധ്യാപികമാര്‍ പകല്‍ സമയങ്ങളില്‍ മേശപ്പുറത്ത് തലവെച്ച് ഉറക്കം തൂങ്ങുമ്പോഴും പരസ്പരം കാട്ടിയ ആ 'ഐക്യം' കണ്ട് സഹപ്രവര്‍ത്തകര്‍ പലപ്പോഴും അത്ഭുതപ്പെട്ടിരുന്നു. 'ഇതെന്ത് കൂത്ത്, എപ്പോഴും എന്തിനാണ് ഇവര്‍ ഇങ്ങനെ ഉറങ്ങുന്നത്?' എന്ന് അന്നൊക്കെ കൂടെയുള്ളവര്‍ തമാശയായി ചോദിച്ചിരുന്നെങ്കിലും, ആ ഉറക്കച്ചടവും ക്ഷീണവും കടുത്ത എം.ഡി.എം.എ ലഹരിയുടെ ആലസ്യമായിരുന്നുവെന്ന തിരിച്ചറിവില്‍ ഇപ്പോള്‍ ഞെട്ടിത്തരിച്ചിരിക്കുകയാണ് അധ്യാപക ലോകവും നാടൊട്ടുക്കും.
വടകര കേന്ദ്രീകരിച്ച് നടന്ന കോടികളുടെ രാസലഹരി വ്യാപാര കേസില്‍ മൂന്നാമത്തെ അധ്യാപികയും, ഇവര്‍ക്ക് ലഹരി കൈമാറാന്‍ ഇടനിലക്കാരനായി നിന്ന ഫുഡ് ഡെലിവറി ബോയും ചൊവ്വാഴ്ച അറസ്റ്റിലായതോടെയാണ് കേരളത്തെ നടുക്കിയ ഈ ലഹരി ശൃംഖലയുടെ ഞെട്ടിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നത്.
പേരാമ്പ്ര ബി.ആര്‍.സിയിലെ സ്‌പെഷല്‍ എജ്യുക്കേറ്ററും ആവള കുട്ടോത്ത് വലിയപറമ്പില്‍ വി.പി. നീഷ്മ (30) ആണ് ചൊവ്വാഴ്ച രാവിലെ പോലീസ് പിടിയിലായത്. സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം കൂടിയുള്ള വ്യക്തിയാണ് നീഷ്മ. ലഹരി വില്‍പന വഴിയുള്ള പണം നീഷ്മയുടെ ബാങ്ക് അക്കൗണ്ടിലേക്കും വന്‍തോതില്‍ എത്തിയിരുന്നതായി കണ്ടെത്തിയതോടെയാണ് വടകര പോലീസ് ഇവരെ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. നേരത്തെ അറസ്റ്റിലായ മരുതോങ്കര സ്വദേശി കീര്‍ത്തന (31), കൂരാച്ചുണ്ട് ചെറുക്കാട്ട് സ്വദേശി കെ. കാവ്യ (29) എന്നിവരെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. അറസ്റ്റിന് പിന്നാലെ നീഷ്മയെയും സര്‍വശിക്ഷാ കേരളം സര്‍വീസില്‍ നിന്ന് അടിയന്തരമായി പിരിച്ചുവിട്ടു.
ഫുഡ് ഡെലിവറി ബോയ് വഴി കോടികളുടെ കൈമാറ്റം

ലഹരിമരുന്ന് കൈമാറ്റത്തിന് ഇടനിലക്കാരനായി നിന്ന ഓണ്‍ലൈന്‍ ഭക്ഷണ വിതരണ സ്ഥാപനത്തിലെ ജീവനക്കാരനായ ഇരിട്ടി സ്വദേശി ജിജില്‍ കുര്യാക്കോസിനെയും പ്രത്യേക അന്വേഷണ സംഘം പിടി കൂടി. ഇയാളുടെയും അധ്യാപികമാരുടെയും അക്കൗണ്ടുകളിലൂടെ ഏകദേശം ഒരു കോടി രൂപയുടെ സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നാണ് നിഗമനം. റൂറല്‍ എസ്.പി ഓഫീസിലെത്തിച്ച് ജിജിലിനെ വിശദമായി ചോദ്യം ചെയ്തു. ഇയാളുടെ ഫോണിലെ ചാറ്റുകള്‍, യു.പി.ഐ ഐഡികള്‍ വഴി നടന്ന സാമ്പത്തിക ഇടപാടുകള്‍ എന്നിവ ശാസ്ത്രീയമായി പരിശോധിച്ച് ലഹരി ശൃംഖലയുടെ തലവനിലേക്ക് എത്താനായി ഫോണ്‍ സൈബര്‍ സെല്ലിന് കൈമാറിയിട്ടുണ്ട്.
സൂംബ ഡാന്‍സും ലഹരി വിരുദ്ധ ക്ലാസും നടത്തിയത് ലഹരി വില്‍പനക്കാരി!
പെണ്‍കുട്ടികളെയും അധ്യാപികമാരെയും ലഹരി മാഫിയ പരമാവധി മുതലെടുക്കുകയായിരുന്നു. മൂന്ന് അധ്യാപികമാരും എം.ഡി.എം.എയുടെ കടുത്ത അടിമകളായിരുന്നുവെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന വടകര ഇന്‍സ്‌പെക്ടര്‍ എ.വി. ദിനേശ് പറഞ്ഞു. ഏറെ ഞെട്ടിക്കുന്ന വസ്തുത എന്തെന്നാല്‍, മുന്‍പ് അറസ്റ്റിലായ കീര്‍ത്തന സ്‌കൂള്‍ കുട്ടികള്‍ക്കായി ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസുകള്‍ നയിച്ച വ്യക്തിയായിരുന്നു എന്നതാണ്! ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച ലഹരിവിരുദ്ധ പദ്ധതിയുടെ ഭാഗമായി കുട്ടികള്‍ക്ക് സൂംബ ട്രെയിനിങ് നല്‍കിയ കായിക അധ്യാപിക കൂടിയായ കീര്‍ത്തന തന്നെയായിരുന്നു ആ സംഘത്തിന്റെ പ്രധാനി. ലഹരി വിരുദ്ധ ക്ലാസെടുത്ത് പുറത്തിറങ്ങിയ ശേഷം ഇവര്‍ സ്വയം ലഹരി ഉപയോഗിക്കുകയും വില്‍പന നടത്തുകയും ചെയ്തു.
ലഹരിക്കെതിരെയുള്ള 'ഓപ്പറേഷന്‍ തൂഫാന്‍' പരിശോധനയുടെ ഭാഗമായി ജൂണ്‍ 28-ന് വടകര ആവിക്കലില്‍ സഫ്വാന്‍ എന്ന യുവാവിനെ 2 ഗ്രാം എം.ഡി.എം.എയുമായി പിടികൂടിയതാണ് വഴിത്തിരിവായത്. ഇയാളുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ 2000 രൂപ വീതം ബാങ്ക് അക്കൗണ്ട് വഴി വാങ്ങിയത് കീര്‍ത്തനയുടെ അക്കൗണ്ടിലേക്കാണെന്ന് തെളിഞ്ഞു. തുടര്‍ന്ന് ജൂലൈ 11-ന് കീര്‍ത്തനയെ അറസ്റ്റ് ചെയ്തു.
കീര്‍ത്തനയുടെ അക്കൗണ്ടില്‍ ഒരു വര്‍ഷത്തിനിടെ 14 ലക്ഷം രൂപയും, കാവ്യയുടെ അക്കൗണ്ടില്‍ 5 മാസത്തിനിടെ 9 ലക്ഷം രൂപയും വന്നെത്തി. കേവലം 11,000 രൂപ മാത്രം പ്രതിമാസ ശമ്പളമുള്ള ഇവര്‍ ലക്ഷങ്ങളുടെ ആഡംബര ജീവിതമാണ് നയിച്ചിരുന്നത്. കാവ്യ അടുത്തിടെ ഒരു പുതിയ ആഡംബര കാറും വാങ്ങിയിരുന്നു. മുന്‍പ് അപകടത്തില്‍ പരിക്കേറ്റപ്പോള്‍ സഹപ്രവര്‍ത്തകരായ അധ്യാപകര്‍ പിരിവിട്ട് പണം നല്‍കിയ കാവ്യയാണ് ലക്ഷങ്ങളുടെ കാറുമായി ലഹരി ഇടപാടുകള്‍ നടത്തി നടന്നത്.

ആരാണ് മാഫിയയുടെ 'കിങ്പിന്‍'? വടകര മേഖലയില്‍ വലവിരിച്ച് എസ്.ഐ.ടി
ഇന്‍സ്റ്റാഗ്രാം വഴിയാണ് ആവശ്യക്കാരെ കണ്ടെത്തിയിരുന്നത്. ഗൂഗിള്‍ പേ വഴി 2000 രൂപ വീതം അക്കൗണ്ടുകളില്‍ സ്വീകരിച്ച ശേഷം, ലഹരിമരുന്ന് ഒളിപ്പിച്ചു വെച്ചിരിക്കുന്ന സ്ഥലത്തിന്റെ ഗൂഗിള്‍ ലൊക്കേഷന്‍ ഏജന്റുമാര്‍ മുഖേന ഉപഭോക്താക്കള്‍ക്ക് അയച്ചു നല്‍കുന്നതായിരുന്നു ഇവരുടെ രീതി. മംഗളൂരുവിലുള്ള ഒരു സുഹൃത്ത് വഴിയാണ് ഇവര്‍ ലഹരി ശൃംഖലയുമായി ബന്ധപ്പെടുന്നത്. വടകര, കുറ്റ്യാടി, നാദാപുരം മേഖലകളിലെ നിരവധി വിദ്യാര്‍ത്ഥികളും യുവാക്കളും ഇവരില്‍ നിന്ന് ലഹരി വാങ്ങിയിരുന്നതായി സംശയമുണ്ട്.
നര്‍കോട്ടിക് സെല്‍ ഡിവൈ.എസ്.പി ടി. ഉത്തംദാസിന്റെ റിപ്പോര്‍ട്ട് പ്രകാരം കോഴിക്കോട് റൂറല്‍ എസ്.പി മെറിന്‍ ജോസഫിന്റെ നിര്‍ദ്ദേശാനുസരണമാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്. വടകര, എടച്ചേരി, പയ്യോളി സ്റ്റേഷനുകളിലെ പോലീസുകാരും സൈബര്‍ സെല്ലും അടങ്ങുന്ന സംഘം പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ഒന്നിച്ചിരുത്തി ചോദ്യം ചെയ്യും. വിദേശത്തു നിന്നോ മംഗളൂരുവില്‍ നിന്നോ എത്തുന്ന വന്‍കിട ലഹരി മാഫിയയുടെ വടകര മേഖലയിലെ കിങ്പിന്നിനെ കണ്ടെത്താനായുള്ള വലവീശലിലാണ് നിലവില്‍ പോലീസ്. വരും ദിവസങ്ങളില്‍ കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്ന് റൂറല്‍ പോലീസ് അറിയിച്ചു.
