'ടൈ കെട്ടാൻ മറന്നതിന് കാലിൽ പിടിച്ച് മാപ്പ് പറയണമെന്ന്': ഇൻഡിഗോയിലെ ജോലി രാജിവച്ച് മലയാളി യുവാവ്, വീഡിയോ വൈറൽ
വിമാനത്താവളത്തിലെ ഗ്രൗണ്ട് സ്റ്റാഫ് ജോലിക്കിടെ നേരിട്ട അപമാനകരമായ അനുഭവത്തെ തുടർന്ന് ജോലി രാജിവെച്ച മലയാളി യുവാവിന്‍റെ വെളിപ്പെടുത്തൽ സമൂഹ മാധ്യമങ്ങളിൽ വ്യാപക ശ്രദ്ധ നേടി. വിമാനക്കമ്പനിയിലെ ജോലി തന്‍റെ സ്വപ്നസാഫല്യമാണെന്ന് കരുതിയിരുന്നെങ്കിലും, ജോലിസ്ഥലത്ത് നേരിട്ട പെരുമാറ്റം ജോലി തുടരാൻ തന്നെ അനുവദിക്കുന്നില്ലെന്ന് യുവാവ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നു. യൂണിഫോമിന്‍റെ ഭാഗമായ ടൈ ധരിക്കാതെ ജോലിക്കെത്തിയതാണ് സംഭവങ്ങൾക്ക് തുടക്കം.</p><h2><strong>'ടൈ കെട്ടാൻ മറന്നു പോയി'</strong></h2><p>ബെംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇൻഡിഗോയുടെ ഗ്രൗണ്ട് സ്റ്റാഫായിരുന്ന കാസർകോഡ് സ്വദേശി മുഹമ്മദ് ജംഷിദാണ് തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തിയത്. ഡ്യൂട്ടിക്ക് ടൈ ധരിക്കാതെ എത്തിയതിന് സൂപ്പർവൈസറുടെ കാല് പിടിച്ച് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടെന്നും എന്നാൽ അതിന് തയ്യാറല്ലാത്തതിനാൽ താൻ ജോലി രാജിവയ്കക്കുകയാണെന്നും സമൂഹ മാധ്യമ ഉള്ളടക്ക സൃഷ്ടാവ് കൂടിയായ മുഹമ്മദ് ജംഷിദ് തന്‍റെ ഇന്‍സ്റ്റാഗ്രാം വീഡിയോയിൽ പറയുന്നു. തിരക്കുപിടിച്ച സാഹചര്യത്തിൽ ടൈ മറന്നുപോയിരുന്നുവെന്നും എന്നാൽ, മുതിർന്ന ഉദ്യോഗസ്ഥൻ തന്നെ പരസ്യമായി ശകാരിച്ചെന്നും അങ്ങേയറ്റം അപമാനിച്ചെന്നും മുഹമ്മദ് ജംഷീദ് പറയുന്നു.'കാലിൽ പിടിച്ച് മാപ്പ് പറയണം' ഇതുകൊണ്ട് സംഭവം അവസാനിച്ചില്ല. ടൈ കെട്ടാൻ മറന്നതിന് ശിക്ഷയായി സൂപ്പർവൈസർ തന്നോട് ആദ്യം മാപ്പ് പറയാൻ ആവശ്യപ്പെട്ടു. അത് പ്രകാരം മാപ്പ് പറഞ്ഞു. എന്നാൽ, തൊട്ട് പിന്നാലെ അയാൾ തന്‍റെ കാലിൽ പിടിച്ച് മാപ്പ് പറയാൻ ആവശ്യപ്പെട്ടു. സഹപ്രവർത്തകരുടെ മുന്നിൽ വച്ച് ഇത്തരമൊരു നിർദേശം കേട്ടപ്പോൾ തനിക്ക് കടുത്ത മാനസിക വിഷമം തോന്നിയെന്ന് മുഹമ്മദ് ജംഷാദ് പറയുന്നു. ഇത് തന്‍റെ ആത്മാഭിമാനത്തെ ഗുരുതരമായി ബാധിച്ചു. ജോലിയോടുള്ള താൽപര്യവും വ്യോമയാന മേഖലയിലെ കരിയറിനെക്കുറിച്ചുള്ള വലിയ പ്രതീക്ഷകളും ഉണ്ടായിരുന്നെങ്കിലും, ആത്മാഭിമാനത്തേക്കാൾ ഒരു ജോലിയും വലുതല്ലെന്ന് താന്‍ തിരിച്ചറിഞ്ഞെന്നും കാൽ പിടിച്ച് മാപ്പ് പറയുന്നതിനെക്കാൾ നല്ലത് രാജിക്കത്ത് നൽകുകയായിരുന്നെന്നും അദ്ദേഹം പറയുന്നു. ഏറെ കാലമായി സ്വപ്നം കണ്ട ജോലിയായിരുന്നിട്ടും ആ തീരുമാനത്തിൽ പിന്നീട് ഖേദമുണ്ടായില്ലെന്നും ജംഷാദ് കൂട്ടിച്ചേർത്തു. സംഭവത്തെ കുറിച്ച് ബന്ധപ്പെട്ട മാനേജർമാരെ വിവരം അറിയിച്ചിരുന്നു. എന്നാൽ ആരും തന്‍റെ പരാതി കേൾക്കാൻ തയ്യാറായിരുന്നില്ലെന്നും അദ്ദേഹം പറയുന്നു. അതിനാലാണ് സമൂഹ മാധ്യമത്തിലൂടെ വെളിപ്പെടുത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.വീഡിയോ വൈറൽ മുഹമ്മദ് ജംഷാദിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. നിരവധി പേർ ജംഷാദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കുറിപ്പെഴുതി. ജോലിസ്ഥലങ്ങളിൽ അച്ചടക്കവും യൂണിഫോം മാനദണ്ഡങ്ങളും ആവശ്യമായ കാര്യങ്ങളാണെങ്കിലും, ജീവനക്കാരുടെ അന്തസ്സിനും മാന്യതയ്ക്കും മങ്ങലേൽപ്പിക്കുന്ന രീതിയിലുള്ള പെരുമാറ്റം ഒരിക്കലും അംഗീകരിക്കാനാകില്ലെന്നാണ് പലരും അഭിപ്രായപ്പെട്ടു. ശാസനാനടപടികൾ സ്വീകരിക്കുമ്പോഴും പരസ്പര ബഹുമാനവും പ്രൊഫഷണൽ സമീപനവും പാലിക്കേണ്ടത് സ്ഥാപനങ്ങളുടെ ഉത്തരവാദിത്തമാണെന്നും ചിലർ ചൂണ്ടിക്കാട്ടി. അതേസമയം, ഈ ആരോപണങ്ങളോട് ബന്ധപ്പെട്ട് ഇൻഡിഗോ വക്താവ് പ്രതികരണവുമായി രംഗത്തെത്തി. ജംഷാദിന്‍റെ പരാതി പരിശോധിച്ചെന്നും എന്നാൽ. ആരോപണങ്ങളെ സാധൂകരിക്കുന്ന യാതൊരു തെളിവും ലഭിച്ചില്ല. മാത്രമല്ല, ജോലിയിലുണ്ടായിരുന്ന കാലത്ത് ജംഷിദിന്‍റെ പ്രകടനം മോശമായിരുന്നെന്നും ഇന്‍ഡിഗോ ആരോപിച്ചു. സമൂഹ മാധ്യമങ്ങളിലൂടെ ഉയർന്ന ഈ വെളിപ്പെടുത്തൽ ഇന്ത്യയിലെ ജോലി സംസ്കാരവും തൊഴിലാളികളോടുള്ള മനോഭാവത്തെ കുറിച്ചും വലിയ ചർച്ചയ്ക്കാണ് തുടക്കം കുറിച്ചത്