കോട്ടയം: പാലാ നഗരസഭയില്‍ യുഡിഎഫിന് ഭരണം നഷ്ടമായി. ചെയര്‍പേഴ്സണ്‍ ദിയ ബിനു പുളിക്കകണ്ടത്തിനെതിരായ അവിശ്വാസം പാസായി. നാല് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ അവിശ്വാസത്തെ പിന്തുണച്ചതോടെയാണ് അവിശ്വാസം പാസായത്. വിപ്പ് ലംഘിച്ച് യോഗത്തിനെത്തിയ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരും വിമതയായി വിജയിച്ച മായാ രാഹുലും എല്‍ഡിഎഫ് അവിശ്വാസത്തെ പിന്തുണച്ചു.
എതിരില്ലാത്ത 17 വോട്ടിനാണ് പ്രമേയം പാസായത്. എല്‍ഡിഎഫിലെ 12 പേര്‍ക്കു പുറമെ കോണ്‍ഗ്രസിലെ 4 അംഗങ്ങളും ഉപാധ്യക്ഷ മായാ രാഹുലും പ്രമേയത്തെ പിന്തുണച്ചു. രാവിലെ 11നാണ് കൗണ്‍സില്‍ യോഗം ചേര്‍ന്നത്. ചര്‍ച്ചയില്‍നിന്നു വിട്ടുനില്‍ക്കണമെന്നാണു യുഡിഎഫ് അറിയിച്ചിരുന്നതെങ്കിലും വിപ്പ് ലംഘിച്ച് 4 കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ യോഗത്തിനെത്തി.
ലിസി കുട്ടി മാത്യു, ബിജു മാത്യൂസ്, ടോണി തൈപ്പറമ്പില്‍, രജിത പ്രകാശ്,എന്നിവരാണ് വിപ്പ് ലംഘിച്ച് യോഗത്തിനെത്തിയത്. റിയ ചീരാംകുഴി, സെബാസ്റ്റ്യന്‍ പനക്കല്‍ എന്നീ കോണ്‍ഗ്രസ് അംഗങ്ങള്‍ ഹാജരായില്ല. കേരള കോണ്‍ഗ്രസിന്റെ മൂന്ന് അംഗങ്ങളായ സോണിയ ചിറ്റേട്ട്, ബിജു വരിക്കാനി, സിജി ടോണി എന്നിവരും മാണി.സി. കാപ്പന്റെ പാര്‍ട്ടിയായ കെ.ഡി.പിയിലെ പ്രിന്‍സി സണ്ണിയും ഹാജരായിരുന്നില്ല.
ദിയ ബിനു ഉള്‍പ്പെടുന്ന സ്വതന്ത്ര കൂട്ടായ്മയുമായി ചേര്‍ന്ന് ഭരണം നടത്താനില്ലെന്നാണ് ആറോളം കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെ നിലപാട്. ഭരണത്തിനെതിരെ കോണ്‍ഗ്രസ് അംഗങ്ങളുടെ എതിര്‍പ്പ് ഉയര്‍ന്നതോടെയാണ് എല്‍ഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ തീരുമാനിച്ചത്. യുഡിഎഫിനുള്ളിലെ ആഭ്യന്തര പ്രതിസന്ധിയും കലഹവും മുന്‍നിര്‍ത്തിക്കൊണ്ടാണ് പ്രതിപക്ഷം അവിശ്വാസപ്രമേയം കൊണ്ടുവരുന്നത്.
26 അംഗങ്ങളുള്ള പാലാ നഗരസഭയില്‍ നിലവില്‍ എല്‍ഡിഎഫിന് 12 അംഗങ്ങളാണ് ഉണ്ടായിരുന്നത്. 14 പേരുടെ പിന്തുണ ഉറപ്പാക്കിയാല്‍ പ്രതിപക്ഷത്തിന് ഭരണം അട്ടിമറിക്കാനാവുമെന്നതായിരുന്നു അവസ്ഥ. ഭരണം നഷ്ടപ്പെടുത്തുന്ന തീരുമാനം എടുക്കരുതെന്ന് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം അംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയിരുന്നു. എന്നാല്‍ തങ്ങള്‍ വിപ്പ് കൈപ്പറ്റിയിട്ടില്ലെന്നാണ് അവിശ്വാസത്തെ പിന്തുണച്ചവര്‍ പറയുന്നത്.
പുളിക്കകണ്ടം കുടുംബത്തിലെ മൂന്ന് പേരും, കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും സ്വതന്ത്രരുമടക്കം 14 പേരാണ് ഭരണപക്ഷത്തുള്ളത്. ഇതില്‍ കോണ്‍ഗ്രസ് ആണ് സ്വതന്ത്ര കൂട്ടായ്മക്കുള്ള പിന്തുണ പിന്‍വലിച്ചുവെന്ന് ആദ്യം പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് അംഗങ്ങള്‍ വിപ്പ് ലംഘിച്ച് അവിശ്വാസ പ്രമേയത്തെ പിന്തുണച്ചതോടെയാണ് ഭരണം അട്ടിമറിക്കപ്പെട്ടത്.
നഗരസഭാധ്യക്ഷ ദിയാ ബിനു ഉള്‍പ്പെടുന്ന സ്വതന്ത്ര കൂട്ടായ്മയോട് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരും സ്വതന്ത്ര അംഗമായ ഉപാധ്യക്ഷ മായാ രാഹുലും ഇടഞ്ഞതോടെയാണ് പാലാ നഗരസഭയില്‍ ഭരണപക്ഷത്ത് വിള്ളലുണ്ടായത്. ഈ രാഷ്ട്രീയ സാഹചര്യം തങ്ങള്‍ക്കനുകൂലമാക്കി മാറ്റുകയാണ് ഇടതുപക്ഷം ചെയ്തതും.
