നിതിന്‍ രാജിന്റെ മരണം; ഡോ. എം കെ റാമിനെ അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു


നിതിന്‍ രാജിന്റെ മരണം; ഡോ. എം കെ റാമിനെ അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു



കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ മുഖ്യപ്രതി ഡോ. എം കെ റാം കസ്റ്റഡിയില്‍. അഞ്ച് ദിവസത്തേക്കാണ് പ്രതിയെ തലശ്ശേരി സെഷന്‍സ് കോടതി കസ്റ്റഡിയില്‍ വിട്ടത്. പുതുതായി രൂപീകരിച്ച ക്രൈംബ്രാഞ്ച് ആണ് കേസ് അന്വേഷിക്കുന്നത്. റാമിനെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യും.

ആഗസ്റ്റ് ഒന്നിന് പ്രതിയെ കോടതിയില്‍ ഹാജരാക്കണം. കണ്ണൂര്‍ ഡെന്റര്‍ കോളേജിലും സംഭവസ്ഥലങ്ങളിലും റാമിനെ എത്തിച്ച് തെളിവെടുപ്പ് നടത്താനും അന്വേഷണസംഘത്തിന് പദ്ധതിയുണ്ട്. റാമിനെ അറസ്റ്റ് ചെയ്ത നടപടിയിലെ നിയമപരമായ വീഴ്ചകളില്‍ പൊലീസിനെയും സര്‍ക്കാരിനെയും കഴിഞ്ഞ ദിവസം ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്യാന്‍ ഒരു കാര്യവും പൊലീസ് ചെയ്തില്ല. പ്രതിയെ രക്ഷിക്കാനാണ് പൊലീസ് ശ്രമിച്ചതെന്നും അറസ്റ്റിനുള്ള കാരണം അറിയിക്കണമെന്ന് ഉദ്യോഗസ്ഥന് അറിയില്ലേ എന്നും കോടതി ചോദിച്ചിരുന്നുസംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കേസില്‍ ബന്ധമുണ്ടെന്നും കോടതിയുടെ രൂക്ഷ വിമര്‍ശനമുണ്ടായി. അറസ്റ്റിനുള്ള കാരണം കാണിച്ചില്ലെങ്കില്‍ അറസ്റ്റ് നിയമ വിരുദ്ധമാണെന്ന് ഉദ്യോഗസ്ഥന് അറിയാം. പ്രതിയെ രക്ഷിക്കാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ടു. അന്വേഷണ ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്ന് നീക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. നിതിന്‍ രാജിന്റെ മരണം നടന്ന് മാസങ്ങള്‍ക്ക് ശേഷം കുടകില്‍വെച്ചാണ് ക്രൈംബ്രാഞ്ച് സംഘം എം കെ റാമിനെ പിടികൂടിയത്. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയെങ്കിലും മാനദണ്ഡങ്ങളും നിയമപരമായ നടപടിക്രമങ്ങളും പാലിക്കാതെയാണ് അറസ്റ്റ് എന്ന് ചൂണ്ടിക്കാട്ടി റാമിനെ വിട്ടയക്കുകയായിരുന്നു.