വടകര ലഹരികേസിലെ കൂടുതല്‍ കണ്ണികളെ തേടി പോലീസ്; അധ്യാപികമാരെ കസ്റ്റഡിയില്‍ വാങ്ങി ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും; കാവ്യയെ പിരിച്ചുവിട്ടുകൊണ്ടുള്ള വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക ഉത്തരവ് ഇന്ന് പുറത്തുവരും; ലഹരിവില്‍പ്പനയിലെ ഇടനിലക്കാരിയായ നിന്ന പണം കൊണ്ട് ആഢംബര കാര്‍ വരെ വാങ്ങിയ അധ്യാപികയുടെ അറസ്റ്റ് നാട്ടുകാരെയും ഞെട്ടിച്ചു

 വടകര ലഹരികേസിലെ കൂടുതല്‍ കണ്ണികളെ തേടി പോലീസ്; അധ്യാപികമാരെ കസ്റ്റഡിയില്‍ വാങ്ങി ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും; കാവ്യയെ പിരിച്ചുവിട്ടുകൊണ്ടുള്ള വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക ഉത്തരവ് ഇന്ന് പുറത്തുവരും; ലഹരിവില്‍പ്പനയിലെ ഇടനിലക്കാരിയായ നിന്ന പണം കൊണ്ട് ആഢംബര കാര്‍ വരെ വാങ്ങിയ അധ്യാപികയുടെ അറസ്റ്റ് നാട്ടുകാരെയും ഞെട്ടിച്ചു


വടകര: കോഴിക്കോട് വടകരയില്‍ അധ്യാപികമാര്‍ ഉള്‍പ്പെട്ട എം.ഡി.എം.എ. ലഹരിമരുന്ന് കേസില്‍ കൂടുതല്‍ കണ്ണികളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാന്‍ ഒരുങ്ങി പോലീസ്. കേസില്‍ അറസ്റ്റിലായ പ്രതികളായ മരുതോങ്കര സ്വദേശി കെ.സി. കീര്‍ത്തന, കൂരാച്ചുണ്ട് സ്വദേശി കാവ്യ എന്നിവരെ കസ്റ്റഡിയില്‍ വാങ്ങുന്നതിനായി പോലീസ് ഉടന്‍ കോടതിയെ സമീപിക്കും. തുടര്‍ന്ന് ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കേസില്‍ കൂടുതല്‍ അധ്യാപകര്‍ക്കോ വന്‍കിട ലഹരി സംഘങ്ങള്‍ക്കോ പങ്കുണ്ടോയെന്ന കാര്യവും പോലീസ് സമാന്തരമായി പരിശോധിക്കുന്നുണ്ട്.

അതിനിടെ, കേസില്‍ അറസ്റ്റിലായ താത്കാലിക അധ്യാപിക കാവ്യയെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടുകൊണ്ടുള്ള വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക ഉത്തരവ് ഇന്ന് പുറത്തുവരും. പേരാമ്പ്ര ബ്ലോക്ക് റിസോഴ്സ് കേന്ദ്രത്തിലെ സ്പെഷ്യലിസ്റ്റ് കായിക അധ്യാപികയായ കീര്‍ത്തനയെ സമഗ്ര ശിക്ഷാ കേരള കഴിഞ്ഞ ദിവസം തന്നെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു.

ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ നടന്ന 'ഓപ്പറേഷന്‍ തൂഫാന്‍' എന്ന ലഹരിവിരുദ്ധ സ്പെഷ്യല്‍ ഡ്രൈവിലാണ് നാടിനെയാകെ ഞെട്ടിച്ച വിവരങ്ങള്‍ പുറത്തുവന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് മാതൃകയാകേണ്ട അധ്യാപികമാരാണ് ഹൈടെക് ലഹരി ശൃംഖലയുടെ പ്രധാന ഇടനിലക്കാരായി പ്രവര്‍ത്തിച്ചത്.

ലഹരി ആവശ്യപ്പെടുന്നവരില്‍ നിന്ന് ക്യൂ.ആര്‍. കോഡ് വഴി സ്വന്തം അക്കൗണ്ടുകളിലേക്ക് തുക സ്വീകരിക്കുകയായിരുന്നു ഇവരുടെ രീതി. പണം ലഭിച്ചാല്‍ ലഹരിമരുന്ന് ഒളിപ്പിച്ചുവെച്ച സ്ഥലത്തിന്റെ ജി.പി.എസ്. ലൊക്കേഷന്‍ ആവശ്യക്കാര്‍ക്ക് അയച്ചുകൊടുക്കും. ഈ സ്ഥലത്തെത്തുമ്പോള്‍ സംഘത്തിലെ മറ്റൊരാള്‍ ലഹരി കൈമാറുന്നതായിരുന്നു രീതി.

കീര്‍ത്തനയുടെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തുന്ന വന്‍തുക പൊലീസിന്റെ സംശയം ഒഴിവാക്കാനായി സുഹൃത്തായ കാവ്യയുടെ അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു. എം.എ. സൈക്കോളജി ബിരുദധാരിയായ കാവ്യ നിലവില്‍ ചെറൂവാളൂര്‍ ഗവ. എല്‍.പി. സ്‌കൂളിനോടു ചേര്‍ന്നുള്ള ഓട്ടിസം സ്‌കൂളിലാണ് ജോലി ചെയ്തിരുന്നത്. രണ്ട് വര്‍ഷം മുന്‍പ് അപകടത്തില്‍ പരിക്കേറ്റ കാവ്യയുടെ ചികിത്സയ്ക്കായി മറ്റ് അധ്യാപകര്‍ പിരിവെടുത്ത് പണം നല്‍കിയിരുന്നു. എന്നാല്‍ അടുത്തിടെ കാവ്യ പുതിയ ആഡംബര കാര്‍ വാങ്ങിയത് സഹപ്രവര്‍ത്തകരില്‍ സംശയം ഉണ്ടാക്കിയിരുന്നു. വിദേശത്തുള്ള സഹോദരന്റെ വാഹനമാണിതെന്നായിരുന്നു കാവ്യ നല്‍കിയ വിശദീകരണം.

രണ്ടാഴ്ച മുന്‍പ് വടകര പോലീസ് രണ്ട് ഗ്രാം എം.ഡി.എം.എയുമായി സഫ്വാന്‍, റിസ്വാന്‍ എന്നിവരെ പിടികൂടിയതാണ് കേസില്‍ നിര്‍ണ്ണായക വഴിത്തിരിവായത്. ഇവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കേന്ദ്രീകരിച്ച് ഫോറന്‍സിക് പരിശോധന നടത്തിയപ്പോഴാണ് കീര്‍ത്തനയുടെയും കാവ്യയുടെയും അക്കൗണ്ടുകളിലേക്ക് വന്‍തോതില്‍ പണമെത്തിയതായി പോലീസ് കണ്ടെത്തിയത്. തുടര്‍ന്ന് ജൂലൈ 11-നാണ് കീര്‍ത്തന പിടിയിലാകുന്നത്. കീര്‍ത്തനയെ ചോദ്യം ചെയ്തതോടെയാണ് കാവ്യയുടെ പങ്കും പുറത്തുവരുന്നത്.

അധ്യാപക പരിശീലനങ്ങളും ബോധവല്‍ക്കരണ ശില്‍പ്പശാലകളും നയിക്കേണ്ട ബി.ആര്‍.സി. അധ്യാപികമാര്‍ തന്നെ ലഹരി മാഫിയയുടെ പ്രധാന പങ്കാളികളായത് വിദ്യാഭ്യാസ മേഖലയ്ക്ക് കടുത്ത നാണക്കേടായിട്ടുണ്ട്. അധ്യാപികമാരുടെ അക്കൗണ്ടുകളിലേക്ക് പണം അയച്ചുകൊടുത്തവരെയും ലഹരി നേരിട്ട് കൈമാറിയിരുന്ന ഏജന്റുമാരെയും കണ്ടെത്താന്‍ പ്രതികളെ ചോദ്യം ചെയ്യുന്നതോടെ സാധിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.