വടകര/കോഴിക്കോട്: കേരളത്തിലെ ലഹരി ശൃംഖലയെ തകര്‍ക്കാന്‍ ലക്ഷ്യമിട്ട് കേരളാ പോലീസ് നടപ്പിലാക്കുന്ന 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ ശക്തമാകുന്നു. അധ്യാപികമാര്‍ ഉള്‍പ്പെട്ട എം.ഡി.എം.എ കേസില്‍ ഒരു അധ്യാപികയെക്കൂടി പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. പേരാമ്പ്ര ബി.ആര്‍.സിയിലെ അധ്യാപികയായ കുട്ടോത്ത് സ്വദേശിനി വലിയ പറമ്പില്‍ വി. പി. നീഷ്മ (30) ആണ് പിടിയിലായത്.
കഴിഞ്ഞ ദിവസങ്ങളില്‍ വന്‍തോതില്‍ ലഹരിമരുന്നുമായി അറസ്റ്റിലായ താല്‍ക്കാലിക അധ്യാപികമാരായ കെ. സി. കീര്‍ത്തന, കെ. കാവ്യ എന്നിവരെ ഒന്നിച്ചിരുത്തി ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നീഷ്മയെ പോലീസ് വലയിലാക്കിയത്. കേസില്‍ കൂടുതല്‍ പേര്‍ കണ്ണികളായിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്ന് വടകര റൂറല്‍ എസ്.പിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് പ്രത്യേക അന്വേഷണ സംഘം പ്രവര്‍ത്തിക്കുന്നത്. തുടര്‍ച്ചയായി മൂന്ന് അധ്യാപികമായ ലഹരി കേസില്‍ അറസ്റ്റിലായത് പ്രദേശത്തെ ശരിക്കും ഞെട്ടിച്ചിട്ടുണ്ട്.
നീഷ്മയുടെ ഡീലിംഗ് ഇന്‍സ്റ്റാഗ്രാം വഴി
ആവശ്യക്കാരെ നേരിട്ട് കാണാതെ ഇന്‍സ്റ്റാഗ്രാം വഴിയാണ് ഇവര്‍ ലഹരി മാഫിയയുമായി ബന്ധം പുലര്‍ത്തിയിരുന്നത്. ലഹരി കൈമാറുന്നതിനും പണം വാങ്ങുന്നതിനും ഡിജിറ്റല്‍ മാര്‍ഗ്ഗങ്ങളാണ് സംഘം ഉപയോഗിച്ചിരുന്നത്. നീഷ്മയുടെ ബാങ്ക് അക്കൗണ്ടിലേക്കും വന്‍തോതില്‍ ഡ്രഗ് മണി എത്തിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.
നേരത്തെ പിടിയിലായ പ്രതികളുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചപ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. ഒരു വര്‍ഷത്തിനിടെ കീര്‍ത്തനയുടെ അക്കൗണ്ടിലേക്ക് 14 ലക്ഷം രൂപയും, വെറും അഞ്ച് മാസം കൊണ്ട് കാവ്യയുടെ അക്കൗണ്ടിലേക്ക് 9 ലക്ഷം രൂപയുമാണ് എത്തിയത്. ബംഗളൂരുവില്‍ നിന്ന് വന്‍തോതില്‍ ലഹരി എത്തിച്ച് സംസ്ഥാനത്ത് വിറ്റഴിച്ചതിന്റെ പണമാണിതെന്നാണ് പ്രാഥമിക നിഗമനം. പതിവായി ബംഗളൂരു സന്ദര്‍ശിച്ചിരുന്ന ഇവര്‍ക്ക് അവിടെയുള്ള വന്‍കിട റാക്കറ്റുകളുമായി ബന്ധമുണ്ടെന്ന് വ്യക്തമായതോടെ അന്വേഷണം കര്‍ണാടകത്തിലേക്കും വ്യാപിപ്പിക്കാനാണ് പോലീസിന്റെ തീരുമാനം.
സംഭവം വന്‍ വിവാദമായതോടെ സമഗ്ര ശിക്ഷാ അഭിയാനില്‍ നിന്ന് വിവരങ്ങള്‍ തേടിയ ശേഷം വിദ്യാഭ്യാസ വകുപ്പ് ആഭ്യന്തര അന്വേഷണം ആരംഭിച്ചു. പിടിയിലായ അധ്യാപികമാര്‍ക്കെതിരെ മുമ്പ് പരാതികള്‍ ഉയര്‍ന്നിട്ടും നടപടിയെടുക്കാതിരുന്നതിനെക്കുറിച്ച് എസ്.എസ്.എ ജില്ലാ ഓഫീസ് അന്വേഷിക്കുന്നുണ്ട്. വീഴ്ച വരുത്തിയ പേരാമ്പ്ര ബി.ആര്‍.സി കോര്‍ഡിനേറ്ററെ ചുമതലകളില്‍ നിന്ന് ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി.
കോഴിക്കോട് ജില്ലയിലെ 15 ബി.ആര്‍.സികള്‍ക്ക് കീഴില്‍ ജോലി ചെയ്യുന്ന മുഴുവന്‍ താല്‍ക്കാലിക അധ്യാപകരുടെയും പശ്ചാത്തലം വിശദമായി പരിശോധിക്കാനാണ് തീരുമാനം. കുറ്റകൃത്യങ്ങളില്‍ പങ്കാളികളായവരെയും ലഹരി ശൃംഖലയുമായി ബന്ധമുള്ളവരെയും ഉടനടി സര്‍വീസില്‍ നിന്ന് പുറത്താക്കും. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ അറസ്റ്റിലാകാന്‍ സാധ്യതയുണ്ടെന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന
