'വിസ്മയ മോഹന്‍ലാലിന് രാഷ്ട്രീയം അറിയില്ല, തെരുവ് നായയെ കണ്ടാല്‍ പോലും കരയുന്ന അത്രയും പാവം കുട്ടിയാണ് അവള്‍; സമരത്തിന് പിന്നില്‍ അമേരിക്കന്‍ ഫണ്ടിങ്; അടിച്ചാല്‍ തിരിച്ചുകിട്ടും, അതിന് പോയി നിന്ന് മോങ്ങിയിട്ട് കാര്യമില്ല'; നീറ്റ് പ്രക്ഷോഭകര്‍ക്കെതിരെ വിമര്‍ശനവുമായി മേജര്‍ രവി

'വിസ്മയ മോഹന്‍ലാലിന് രാഷ്ട്രീയം അറിയില്ല, തെരുവ് നായയെ കണ്ടാല്‍ പോലും കരയുന്ന അത്രയും പാവം കുട്ടിയാണ് അവള്‍; സമരത്തിന് പിന്നില്‍ അമേരിക്കന്‍ ഫണ്ടിങ്; അടിച്ചാല്‍ തിരിച്ചുകിട്ടും, അതിന് പോയി നിന്ന് മോങ്ങിയിട്ട് കാര്യമില്ല'; നീറ്റ് പ്രക്ഷോഭകര്‍ക്കെതിരെ വിമര്‍ശനവുമായി മേജര്‍ രവി


കൊച്ചി: നീറ്റ് പരീക്ഷാ പേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് നടക്കുന്ന വിദ്യാര്‍ത്ഥി സമരങ്ങളെയും അതിന് പിന്തുണ നല്‍കുന്നവരെയും രൂക്ഷമായി വിമര്‍ശിച്ച് സംവിധായകന്‍ മേജര്‍ രവി. ഡല്‍ഹിയില്‍ സമരം ചെയ്യുന്നത് യഥാര്‍ത്ഥ വിദ്യാര്‍ത്ഥികളല്ലെന്നും, പോലീസിനെ ആക്രമിച്ചാല്‍ തിരിച്ചു തല്ലുക തന്നെ ചെയ്യുമെന്നും അതിന് നിന്ന് മോങ്ങിയിട്ട് കാര്യമില്ലെന്നും മേജര്‍ രവി തുറന്നടിച്ചു. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ലാലേട്ടന്റെ മകള്‍ വിസ്മയ മോഹന്‍ലാല്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചതിനെയും മേജര്‍ രവി ലൈവില്‍ പരാമര്‍ശിച്ചു. മായയ്ക്ക് (വിസ്മയ) ഇതിന് പിന്നിലെ രാഷ്ട്രീയം അറിയില്ലെന്നും തെരുവ് നായയെ കണ്ടാല്‍ പോലും കരയുന്ന അത്രയും പാവം കുട്ടിയാണ് അവളെന്നും മേജര്‍ രവി ന്യായീകരിച്ചു. ഇന്ത്യയില്‍ പാര്‍ലമെന്റ് ആക്രമണം നടത്താന്‍ പോകാന്‍ ഈ പീക്കിരി പിള്ളേരെക്കൊണ്ട് സാധിക്കില്ലെന്ന് മേജര്‍ രവി പരിഹസിച്ചു. അവിടെ പോയി പൊലീസിന്റെ വണ്ടി തകര്‍ക്കുകയും പെപ്പര്‍ സ്‌പ്രേ അടിക്കുകയും ചെയ്താല്‍ തിരിച്ചുകിട്ടുമെന്നും അദ്ദേഹം പറഞ്ഞു.

'സമരത്തില്‍ കുട്ടികള്‍ക്ക് അടികൊള്ളുന്നത് കണ്ടപ്പോള്‍ ആദ്യം വിഷമം തോന്നിയിരുന്നു. എന്നാല്‍ പിന്നീട് നോക്കിയപ്പോഴാണ് ഇതിന് പിന്നിലെ കളി മനസ്സിലായത്. യു.എസിലിരുന്നാണ് ഈ സമരത്തിന് തുടക്കമിട്ടത്. ജോര്‍ജ്ജ് സോറോസിനെപ്പോലുള്ളവരുടെ വിദേശ ഫണ്ടിങും ഇന്ത്യക്കെതിരെയുള്ള ഗൂഢാലോചനയുമാണ് ഇതിന് പിന്നില്‍. നേപ്പാളിലും ശ്രീലങ്കയിലും ബംഗ്ലാദേശിലും അസ്ഥിരതയുണ്ടാക്കിയ അതേ പാറ്റേണ്‍ ഇന്ത്യയിലും നടപ്പാക്കാനാണ് അവരുടെ ശ്രമം. നന്നായി വളര്‍ത്തിയെടുത്ത ഒരു പെണ്‍കുട്ടിയും ആണ്‍കുട്ടിയും ഇങ്ങനെയുള്ള സമരത്തിന് പോകില്ല.'- മേജര്‍ രവി

സി.ബി.എസ്.ഇയുടെയോ നീറ്റിന്റെയോ ഫുള്‍ ഫോം പോലും അറിയാത്തവരാണ് അവിടെ മുദ്രാവാക്യം വിളിക്കുന്നത്. ഉമര്‍ ഖാലിദിനെയും ഷെര്‍ജീല്‍ ഇമാമിനെയും മോചിപ്പിക്കാനും ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കാനും മുദ്രാവാക്യം വിളിക്കുന്നതില്‍ നിന്ന് തന്നെ സമരത്തിന്റെ രാഷ്ട്രീയ ലക്ഷ്യം വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മോഹന്‍ലാലിന്റെ മകള്‍ വിസ്മയ സമരത്തിന് പിന്തുണയര്‍പ്പിച്ച് പോസ്റ്റിട്ടതിനെക്കുറിച്ചും മേജര്‍ രവി വിശദീകരിച്ചു.

'മായയെ അവള്‍ ജനിച്ച അന്ന് തൊട്ട് എനിക്ക് അറിയാവുന്നതാണ്. അവള്‍ക്ക് ഇത്തരം രാഷ്ട്രീയപരമായ യാതൊരു അറിവുമില്ല. പട്ടി പോലെയുള്ള ഏതെങ്കിലും മൃഗത്തെയോ തെരുവ് നായയെയോ കണ്ടാല്‍ അതിനെ രക്ഷിക്കണം എന്ന് പറഞ്ഞ് കരഞ്ഞുകൊണ്ട് പുറകെ നടക്കുന്ന ആളാണ് മായ. ഡല്‍ഹിയില്‍ ബ്ലോക്കിനകത്ത് വെച്ച് കുട്ടികളെ അടിക്കുന്നത് കണ്ടപ്പോള്‍ തോന്നിയ വിഷമത്തില്‍ ഒരു പോസ്റ്റിട്ടു, അത്രയേ ഉള്ളൂ. അതിന് പിന്നിലെ വിദേശ ഫണ്ടിങ്ങിനെക്കുറിച്ചോ നീറ്റ് സമരത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ചോ അവള്‍ക്കറിയില്ല. കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കിയാല്‍ അവള്‍ക്ക് അത് പെട്ടെന്ന് മനസ്സിലാകും.'- മേജര്‍ രവി പറഞ്ഞു.