അഞ്ചരക്കണ്ടിയിലെ കണ്ണൂര്‍ ദന്തല്‍ കോളേജ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി ആര്‍ എല്‍ നിതിന്‍ രാജിന്റെ ആത്മഹത്യ പ്രേരണാ കേസില്‍ ഒന്നാം പ്രതിയായ ഡോക്ടര്‍ എം കെ റാമിന്റെ അറസ്റ്റ് കോടതി റദ്ദാക്കി.

നിതിന്‍ രാജിന്റെ മരണം: ഡോക്ടര്‍ എം കെ റാമിന്റെ അറസ്റ്റ് കോടതി റദ്ദാക്കി; സുപ്രീം കോടതി മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് അറസ്റ്റെന്ന പ്രതിഭാഗം വാദം പരിഗണിച്ചു നടപടി; തലശേരി കോടതിയില്‍ നാടകീയ രംഗങ്ങള്‍; കോടതി വിട്ടയച്ചതിന് പിന്നാലെ ഡോ. റാമിനെ വീണ്ടും അറസറ്റു ചെയ്ത് പോലീസ്; ബലംപ്രയോഗിച്ചാണ് പോലീസ് നടപടിയെന്ന് ഭാര്യ


കണ്ണൂര്‍: അഞ്ചരക്കണ്ടിയിലെ കണ്ണൂര്‍ ദന്തല്‍ കോളേജ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി ആര്‍ എല്‍ നിതിന്‍ രാജിന്റെ ആത്മഹത്യ പ്രേരണാ കേസില്‍ ഒന്നാം പ്രതിയായ ഡോക്ടര്‍ എം കെ റാമിന്റെ അറസ്റ്റ് കോടതി റദ്ദാക്കി. സുപ്രീം കോടതി മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് അറസ്റ്റെന്ന പ്രതിഭാഗം വാദം പരിഗണിച്ചാണ് നടപടി. പ്രതിക്ക് വേണ്ടി അഡ്വ കിഷോര്‍ കുമാര്‍ കോടതിയില്‍ ഹാജരായി. കോടതി ജാമ്യത്തില്‍വിട്ടയച്ചതിന് പിന്നാലെ ഡോക്ടര്‍ റാമിനെ പൊലിസ് വീണ്ടും അറസ്റ്റുചെയ്തതായി വിവരമുണ്ട്.

കോടതി വളപ്പില്‍ നിന്ന് ബലം പ്രയോഗിച്ചാണ് കസ്റ്റഡിയിലെടുത്തത്. തന്റെ കൈ തട്ടിമാറ്റിയാണ് ഡോക്ടര്‍റാമിനെ ഡിവൈഎസ്പി ബലപ്രയോഗത്തിലുടെ കൊണ്ടുപോയതെന്ന് കൂടെയുണ്ടായിരുന്നഭാര്യ ദില്‍ന ആരോപിച്ചു ഇരിക്കാന്‍ അനുവദിക്കാന്‍ പറഞ്ഞിട്ടും കേട്ടില്ലെന്നാണ് ഭാര്യയുടെ പരാതി. സംഭവത്തെ തുടര്‍ന്ന് തലശ്ശേരി കോടതിയില്‍ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്.

ഡോക്ടറെ അറസ്റ്റ് ചെയ്തതു ചൂണ്ടിക്കാട്ടി അഭിഭാഷകര്‍ വീണ്ടും ജഡ്ജിന്റെ ചേംബറിലെത്തി. അറസ്റ്റ് നിയമവിരുദ്ധമാണെന്നും സുപ്രീംകോടതി മാനദണ്ഡം പാലിച്ചില്ലെന്നും ചൂണ്ടിക്കാണിച്ചായിരുന്നു നേരത്തെ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഡോ. എം കെ റാമിന് ജാമ്യം നല്‍കിയത്. ഗ്രൗണ്ട് ഓഫ് അറസ്റ്റില്‍ വ്യക്തതയില്ലെന്ന പ്രതിഭാഗം വാദം കോടതി അംഗീകരിക്കുകയായിരുന്നു.

ഞായറാഴ്ച കര്‍ണാടകയിലെ കുടകില്‍ നിന്നായിരുന്നു മുഖ്യപ്രതി റാമിനെ പൊലീസ് പിടികൂടിയത്. അവിടെ ഒളിവില്‍ കഴിഞ്ഞിരുന്ന സ്ഥലത്തുനിന്നായിരുന്നു പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. കണ്ണൂരില്‍ എത്തിച്ച ശേഷം റാമിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തുകയായിരുന്നു. ഒളിവ് ജീവിതത്തില്‍ പ്രതി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നില്ല. മൂന്ന് പേരുടെ സഹായം ഇയാള്‍ക്ക് ലഭിച്ചിരുന്നു. പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സെഷന്‍സ് കോടതിയും ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയിരുന്നു.

ഇതിന് പിന്നാലെ റാമിനായി പൊലീസ് വ്യാപക പരിശോധന നടത്തിവരികയായിരുന്നു. ഇതിനിടെയായിരുന്നു പ്രതിയെ പിടികൂടിയത്. എന്നാല്‍ വിദ്യാര്‍ത്ഥിജീവനൊടുക്കിയത് താന്‍ കാരണമല്ലെന്ന് ആത്മഹത്യ പ്രേരണാ കേസിലെ ഒന്നാം പ്രതിയും വകുപ്പ് മേധാവിയുമായ ഡോക്ടര്‍ എം കെ റാമിന്റെ മൊഴി. താന്‍ വിദ്യാര്‍ത്ഥിക്കെതിരെ ജാതി അധിക്ഷേപം നടത്തിയിട്ടില്ലെന്ന് അറസ്റ്റിലായ ഡോക്ടര്‍ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലില്‍ മൊഴി നല്‍കി. നിതിന്‍ രാജിനെ മാനസികമായ പീഡിപ്പിക്കുന്ന യാതൊന്നും ചെയ്തിട്ടില്ല എച്ച് ഒഡിയെന്ന നിലയില്‍ തന്റെ ചുമതലയാണ് അച്ചടക്കവും വിദ്യാര്‍ത്ഥികളുടെ മാര്‍ക്കും പരിശോധിക്കല്‍.

മാര്‍ക്ക് കുറഞ്ഞ കുട്ടികളെ ക്‌ളാസില്‍ നിന്നും പരസ്യമായി ശാസിച്ചിട്ടുണ്ട് ഇത് ആ കുട്ടികളുടെ നന്മയ്ക്ക് വേണ്ടി ചെയ്തതാണ് തനിക്കെതിരെ വിദ്യാത്ഥികളുടെ മൊഴികള്‍ക്ക് പിന്നില്‍ അച്ചടക്കം കര്‍ശനമാക്കിയതിലെ എതിര്‍പ്പ് കാരണമാകാമെന്നും പ്രതി മൊഴി നല്‍കി. കുടകില്‍ നിന്നാണ് ഞായറാഴ്ച്ച രാവിലെ ഡോ. എം കെ റാമിനെ ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്തത് തുടര്‍ന്ന് കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ച് ചോദ്യം ചെയ്യുകയായിരുന്നു. കണ്ണൂര്‍ ജില്ലാ ആശു പത്രിയില്‍ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയതിന് ശേഷമാണ് ഡോക്ടര്‍ എം കെ റാമിനെ തലശേരി കോടതിയില്‍ ഹാജരാക്കിയത്.