
കണ്ണൂര്‍: ഒന്‍പതു വര്‍ഷമായിട്ടും അനുയോജ്യമായ വിവാഹാലോചന ലഭിച്ചില്ലെന്ന പരാതിയില്‍ വിവാഹ ബ്യൂറോ നഷ്ടപരിഹാരം നല്‍കണമെന്ന് കണ്ണൂര്‍ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ഉത്തരവിട്ടു.
2016 ലാണ് ശ്രീചക്ര വിവാഹ ബ്യൂറോയുടെ പരസ്യം കണ്ടതിനെത്തുടര്‍ന്ന് കണ്ണൂരിലെ നഴ്‌സിംഗ് കോളേജ് പ്രൊഫസര്‍ 3,000 രൂപ നല്‍കി രജിസ്റ്റര്‍ ചെയ്തത്. കാസര്‍ഗോഡു നിന്ന് വധുവിനെ ലഭിക്കുമെന്ന ഉറപ്പ് ബ്യൂറോ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. തിരക്കുമ്പോഴെല്ലാം അടുത്ത തവണ ലഭിക്കുമെന്ന ഉറപ്പ് ആവര്‍ത്തിച്ചു. ഇതിനിടെ പരാതിക്കാരന്‌റെ അച്ഛന്‍ കാന്‍സര്‍ ബാധിച്ച് മരിച്ചു, അമ്മ കിടപ്പുരോഗിയായി. തുടര്‍ന്നാണ് സേവനത്തിലെ പോരായ്‌മ ചൂണ്ടിക്കാട്ടി കമ്മിഷനെ സമീപിച്ചത്.
എന്നാല്‍ ബ്യൂറോ നടത്തിപ്പുകാര്‍ കമ്മീഷന് മുമ്പാകെ ഹാജരാകുകയോ മറുപടി നല്‍കുകയോ ചെയ്തില്ല. തുടര്‍ന്ന് രജിസ്‌ട്രേഷന്‍ ഫീസായി നല്‍കിയ 3,000 രൂപയും മാനസിക പീഡനത്തിന് നഷ്ടപരിഹാരമായി 3,000 രൂപയും കേസ് ചെലവുകള്‍ക്കായി 2,000 രൂപയും 30 ദിവസത്തിനുള്ളില്‍ നല്‍കണമെന്ന് പ്രസിഡന്റ് രവി സുഷ, അംഗങ്ങളായ മോളിക്കുട്ടി മാത്യു, സജീഷ് കെ.പി എന്നിവരടങ്ങിയ ബെഞ്ച് ബ്യൂറോയോട് നിര്‍ദ്ദേശിച്ചത്.
