അബ്രഹാം കരാറിലും ഒപ്പ് വയ്ക്കണം, അമേരിക്കയുമായി ആണവ കരാർ ഉറപ്പിച്ച സൗദിക്ക് മുന്നിൽ പുതിയ നിബന്ധനയുമായി ട്രംപ്; 'ഇസ്രയേലുമായി സാധാരണ ബന്ധം വേണം'
വാഷിംഗ്ടൺ: അമേരിക്കയുമായി ചരിത്രപരമായ ആണവ സഹകരണ കരാറിൽ ഒപ്പുവെച്ച സൗദി അറേബ്യക്ക് മുന്നിൽ പുതിയ നിബന്ധനയുമായി പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. കരാർ പൂർണ്ണമായി പ്രാബല്യത്തിൽ വരണമെങ്കിൽ സൗദി അറേബ്യ കർശനമായ ഉപാധികൾ പാലിക്കണമെന്ന് ട്രംപ് വ്യക്തമാക്കി. ഇസ്രയേലുമായി സാധാരണ ബന്ധം സ്ഥാപിക്കുന്നതിനുള്ള അബ്രഹാം കരാറിൽ സൗദി അറേബ്യ ഒപ്പുവെച്ചാൽ മാത്രമേ ആണവ സഹകരണവുമായി മുന്നോട്ട് പോകുകയുള്ളൂവെന്നാണ് ട്രംപിന്റെ നിലപാട്. ഇതോടെ പശ്ചിമേഷ്യൻ ഭൗമരാഷ്ട്രീയത്തിൽ പുതിയ മാറ്റങ്ങൾക്ക് വഴിതുറന്നിരിക്കുമോ എന്നതാണ് കണ്ടറിയേണ്ടത്. ഇറാന്റെ ആണവപദ്ധതികൾക്കെതിരെ അമേരിക്ക കടുത്ത നിലപാടുകൾ സ്വീകരിച്ചിട്ടുള്ള പശ്ചാത്തലത്തിൽ സൗദിയുമായി ഇത്തരമൊരു കരാറിലെത്തിയത് അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.ചരിത്ര സഹകരണത്തിന് കൈകൊടുത്ത് സൗദിആണവോർജ്ജ മേഖലയിൽ അമേരിക്കയുമായി ചരിത്രപരമായ സഹകരണത്തിനാണ് സൗദി അറേബ്യ കൈകൊടുത്തിരിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിൽ തന്ത്രപ്രധാനമായ ആണവ കരാറിൽ ഒപ്പുവെച്ചതിനെ ലോകം അതീവ ശ്രദ്ധയോടെയാണ് നോക്കിക്കാണുന്നത്. സൗദി ഊർജ്ജ, വ്യവസായ, ഖനന വിഭവ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരനും യു എസ് ഊർജ്ജ സെക്രട്ടറി ക്രിസ് റൈറ്റും തമ്മിലാണ് കരാറിൽ ഒപ്പുവെച്ചതെന്ന് സൗദി ഊർജ്ജ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വർഷം നവംബറിൽ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ നടത്തിയ യു എസ് സന്ദർശനത്തിനിടെ ഇരുരാജ്യങ്ങളും തമ്മിൽ ആരംഭിച്ച ഉഭയകക്ഷി ചർച്ചകളുടെ തുടർച്ചയായാണ് ഈ സുപ്രധാന കരാർ നിലവിൽ വന്നത്. സമാധാനപരമായ ആവശ്യങ്ങൾക്കായുള്ള ആണവോർജ്ജ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ഇരുരാജ്യങ്ങളും തമ്മിൽ വിജ്ഞാനവും അത്യാധുനിക സാങ്കേതികവിദ്യകളും കൈമാറാൻ കരാർ ലക്ഷ്യമിടുന്നു. അന്താരാഷ്ട്ര ആണവ സുരക്ഷാ മാനദണ്ഡങ്ങളും ആണവായുധ വ്യാപന വിരുദ്ധ നിബന്ധനകളും പൂർണ്ണമായും പാലിച്ചുകൊണ്ടായിരിക്കും പദ്ധതികൾ നടപ്പിലാക്കുക. ഊർജ്ജ സ്രോതസ്സുകളിൽ വൈവിധ്യവൽക്കരണം കൊണ്ടുവരാനും അത്യാധുനിക സാങ്കേതികവിദ്യകൾ വികസിപ്പിക്കാനും, ഊർജ്ജ മേഖലയിൽ പുതിയ നിക്ഷേപ അവസരങ്ങൾ സൃഷ്ടിക്കാനും ഇത് വഴി തുറക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള ദീർഘകാല തന്ത്രപ്രധാന ബന്ധത്തെയും ഭാവി സാങ്കേതികവിദ്യകളിലെ സഹകരണത്തെയും കൂടുതൽ കരുത്തുറ്റതാക്കുന്നതാണ് ഈ കരാറെന്ന് സൗദി ഊർജ്ജ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.