ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ ചരക്കുകപ്പലിന് നേരെ ആക്രമണം; ഒരു നാവികനെ കാണാതായി, പത്തുപേർ രക്ഷപ്പെട്ടു

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ ചരക്കുകപ്പലിന് നേരെ ആക്രമണം; ഒരു നാവികനെ കാണാതായി, പത്തുപേർ രക്ഷപ്പെട്ടു


രാജ്യാന്തര ചരക്കുഗതാഗത മേഖലയെ ഭീതിയിലാഴ്ത്തി ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ ജീവനക്കാരുമായി പോയ ചരക്കുകപ്പലിന് നേരെ മിസൈൽ-ഡ്രോൺ ആക്രമണം. ആക്രമണത്തെ തുടർന്ന് കപ്പലിലുണ്ടായിരുന്ന ഒരു ഇന്ത്യൻ നാവികനെ കാണാതായതായാണ് നടുക്കുന്ന വിവരങ്ങൾ പുറത്തുവരുന്നത്. കപ്പലിലുണ്ടായിരുന്ന മറ്റ് പത്ത് ഇന്ത്യക്കാരെ സുരക്ഷിതമായി രക്ഷപ്പെടുത്താൻ സാധിച്ചിട്ടുണ്ട്. സൈപ്രസിന്റെ പതാകയേന്തി സർവീസ് നടത്തിയിരുന്ന ‘ജിഎഫ്എക്സ് ഗാലക്സി’ (GFX Galaxy) എന്ന ചരക്കുകപ്പലിന് നേരെയാണ് ഈ അപ്രതീക്ഷിത ആക്രമണമുണ്ടായത്. ആകെ 11 ഇന്ത്യൻ ജീവനക്കാരായിരുന്നു ഈ കപ്പലിൽ ഉണ്ടായിരുന്നത്.

ന്ത്യൻ നാവികർക്ക് നേരെയുണ്ടായ ഈ ആക്രമണത്തെ ഇന്ത്യൻ വിദേശകാര്യമന്ത്രാലയം ശക്തമായ ഭാഷയിൽ അപലപിച്ചു. ഒമാനിലെ ഇന്ത്യൻ എംബസി കപ്പലിലുണ്ടായ സംഭവവികാസങ്ങളും നിലവിലെ സാഹചര്യങ്ങളും വളരെ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. കാണാതായ ഇന്ത്യൻ നാവികനായുള്ള തിരച്ചിലിനും മറ്റ് രക്ഷാപ്രവർത്തനങ്ങൾക്കുമായി ഇന്ത്യൻ നയതന്ത്രജ്ഞർ ഒമാൻ അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. പ്രതിസന്ധി ഘട്ടത്തിൽ രക്ഷാപ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകുന്ന ഒമാൻ സർക്കാരിന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം സമൂഹമാധ്യമങ്ങളിലൂടെ പ്രത്യേക നന്ദി അറിയിക്കുകയും ചെയ്തു.