
ടെഹ്‌റാൻ: അമേരിക്ക ഇറാനിലെ ലക്ഷ്യങ്ങൾക്ക് നേരെ തുടർച്ചയായ ഏഴാം രാത്രിയും വ്യോമാക്രമണം നടത്തിയതിന് പിന്നാലെ ശക്തമായ തിരിച്ചടിയുമായി ഇറാൻ. ജോർദാൻ, കുവൈറ്റ്, ബഹ്‌റൈൻ എന്നിവിടങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ തങ്ങൾ പ്രത്യാക്രമണം നടത്തിയതായി ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇറാന്റെ ഔദ്യോഗിക മാധ്യമമായ ഐ.ആർ.ഐ.ബി (IRIB) വഴിയാണ് ഇറാൻ ആർമിയും ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സും (IRGC) ഇക്കാര്യം പുറത്തുവിട്ടത്.(Iran Attacks US Military Bases In Middle East Regions)
ഇറാൻ സൈന്യത്തിന്റെ പബ്ലിക് റിലേഷൻസ് വിഭാഗം പുറത്തുവിട്ട പ്രസ്താവന പ്രകാരം, “ഓപ്പറേഷൻ ലൈറ്റ്നിംഗ്” പദ്ധതിയുടെ പതിനാലാം ഘട്ടത്തിന്റെ ഭാഗമായി കുവൈറ്റിലെയും ജോർദാനിലെയും യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഡ്രോൺ ആക്രമണം നടത്തി. കുവൈറ്റിലെ അൽ-ഉദൈരി ക്യാമ്പിലെ യുദ്ധോപകരണ ഡിപ്പോയും അലി അൽ-സലേം എയർ ബേസിലെ ആസ്ഥാന മന്ദിരങ്ങളും ഇറാന്റെ ഡ്രോണുകൾ തകർത്തു. കൂടാതെ മേഖലയിലെ നിർണായക ആശയവിനിമയ സംവിധാനങ്ങളും ലക്ഷ്യമിട്ടു. ജോർദാനിലെ അൽ-അസ്രഖ് എയർ ബേസിലെ ഇന്ധന സംഭരണ ടാങ്കുകൾക്ക് നേരെയും ആക്രമണമുണ്ടായതായി സൈന്യം അവകാശപ്പെട്ടു. അമേരിക്കയുടെ വ്യോമ-പ്രതിരോധ പ്രവർത്തനങ്ങളുടെ പ്രധാന ഹബ്ബുകളാണ് ഈ സൈനിക താവളങ്ങൾ.
മറ്റൊരു പ്രസ്താവനയിൽ, ബഹ്‌റൈനിലെ യുഎസ് ഡ്രോൺ ഡിപ്പോയ്ക്ക് നേരെ നടത്തിയ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് ഏറ്റെടുത്തു. “ഓപ്പറേഷൻ നസർ 2” എന്ന് പേരിട്ട ഈ നീക്കത്തിലൂടെ അമേരിക്കയുടെ അൺമാൻഡ് ഏരിയൽ വെഹിക്കിൾ സംഭരണ കേന്ദ്രം പൂർണ്ണമായി നശിപ്പിച്ചതായും നിരവധി ഡ്രോണുകൾക്ക് തീപിടിച്ചതായും ഐ.ആർ.ജി.സി അവകാശപ്പെട്ടു. ബഹ്‌റൈനിലെ യുഎസിന്റെ പ്രധാന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കേന്ദ്രത്തിന് നേരെയും ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും വർഷിച്ചതായി റിപ്പോർട്ടിലുണ്ട്.
ഇറാനിലെ പാലങ്ങളും അടിസ്ഥാന സൗകര്യങ്ങളും തകർക്കുകയും സാധാരണക്കാരുടെ മരണത്തിന് ഇടയാക്കുകയും ചെയ്ത യുഎസ് വ്യോമാക്രമണങ്ങൾക്കുള്ള മറുപടിയാണ് ഇതെന്നാണ് ഇറാന്റെ വാദം. അമേരിക്കയ്ക്ക് താവളമൊരുക്കുന്ന രാജ്യങ്ങൾ ഇറാന് നേരെയുള്ള ആക്രമണത്തിൽ പങ്കാളികളാണെന്ന് കുറ്റപ്പെടുത്തിയ ഐ.ആർ.ജി.സി, തങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ഇനിയും യുഎസ് ആക്രമണം തുടർന്നാൽ ഈ രാജ്യങ്ങളിലെ അമേരിക്കൻ കമ്പനികളുടെ വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലകളെ ലക്ഷ്യമിടുമെന്നും മുന്നറിയിപ്പ് നൽകി.
ഇരുരാജ്യങ്ങളും തമ്മിലുള്ള 14-ഇന ധാരണാപത്രം പരാജയപ്പെട്ടതിനെത്തുടർന്നാണ് മേഖലയിൽ സംഘർഷം രൂക്ഷമായത്. ഇറാന്റെ സൈനിക ശേഷി തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രസിഡന്റിന്റെ നിർദ്ദേശപ്രകാരം തങ്ങൾ തുടർച്ചയായ ഏഴാം ദിവസവും ആക്രമണം നടത്തിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഇറാന്റെ ഭാഗത്തുനിന്നും അതിശക്തമായ പ്രത്യാക്രമണം ഉണ്ടായിരിക്കുന്നത്
