സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ റിപ്പോര്‍ട്ട്; 12 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു; മഴ ശക്തിപ്രാപിക്കുന്നത് തെക്കന്‍ ഗുജറാത്ത് തീരം മുതല്‍ വടക്കന്‍ കേരള തീരം വരെ നീളുന്ന തീരദേശ ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനത്തില്‍; പമ്പയില്‍ ജലനിരപ്പ് ഉയരുന്നു; മൂഴിയാര്‍ ഡാം ഉടന്‍ തുറക്കും; തെക്കന്‍ കേരളം അതീവ ജാഗ്രതയില്‍

കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ കൂടുതല്‍ ശക്തമായ മഴ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും വൈകീട്ടോടെ മഴയുടെ ആഘാതം കുറഞ്ഞേക്കാം. എന്നാല്‍ അഞ്ചാം തീയതി മുതല്‍ മഴ വീണ്ടും ശക്തമാകുമെന്നാണ് കാലാവസ്ഥ പ്രവചനം. കാലാവസ്ഥാ വ്യതിയാനവും കടല്‍ക്ഷോഭവും രൂക്ഷമായ സാഹചര്യത്തില്‍ കേരള, ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പൂര്‍ണ്ണ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. അപകടസാധ്യത മുന്നില്‍ക്കണ്ട് ജലവുമായി ബന്ധപ്പെട്ടുള്ള എല്ലാവിധ വിനോദസഞ്ചാര പ്രവര്‍ത്തനങ്ങളും നിരോധിച്ചിട്ടുണ്ട്.
തുടര്‍ച്ചയായ കനത്ത മഴയുടെ പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ സംസ്ഥാനത്തെ 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകുളം, ആലപ്പുഴ എന്നീ ജില്ലകളിലാണ് കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണല്‍ കോളേജുകള്‍, അംഗന്‍വാടികള്‍, മദ്രസകള്‍ എന്നിവയുള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. എന്നാല്‍ കാസര്‍കോട്, പത്തനംതിട്ട ജില്ലകളില്‍ മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ലെന്ന് ജില്ലാ ഭരണകൂടങ്ങള്‍ അറിയിച്ചു.
അതിനിടെ മലയോര മേഖലകളിലും തീരദേശങ്ങളിലും മഴ പെയ്‌തൊഴിയാതെ നില്‍ക്കുന്നത് നദികളിലെ ജലനിരപ്പ് കുത്തനെ ഉയര്‍ത്തുകയാണ്. പമ്പാനദിയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് റാന്നി, കോഴഞ്ചേരി താലൂക്കുകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. അപകടസാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ആളുകളെ സുരക്ഷിതമായ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിക്കുകയാണ്. ജില്ലയിലെ സാഹചര്യം വിലയിരുത്താന്‍ മന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്നു.
പത്തനംതിട്ട മൂഴിയാര്‍ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴ ശക്തമായതോടെ ഡാമിലെ ജലനിരപ്പ് റെഡ് അലര്‍ട്ട് ലെവലായ 190 മീറ്ററിലെത്തി. ജലനിരപ്പ് പരമാവധി ശേഷിയായ 192.63 മീറ്ററിലേക്ക് എത്തിയാല്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി ജലം കക്കാട്ടാറിലേക്ക് ഒഴുക്കിവിടുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കക്കാട്ടാറിന്റെയും പമ്പാ നദിയുടെയും ഇരുകരകളില്‍ താമസിക്കുന്നവരും പൊതുജനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്നും ഒരു കാരണവശാലും നദിയില്‍ ഇറങ്ങരുതെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ എ. നിസാമുദ്ദീന്‍ അഭ്യര്‍ത്ഥിച്ചു.
തീവ്രമഴയുടെ ശക്തിയില്‍ നേരിയ കുറവുണ്ടായിട്ടുണ്ടെങ്കിലും സംസ്ഥാനത്തെ മഴക്കെടുതിയില്‍ ജീവഹാനി തുടരുകയാണ്. വിവിധ അപകടങ്ങളില്‍ ഞായറാഴ്ച അഞ്ച് പേര്‍ കൂടി മരിച്ചതോടെ കഴിഞ്ഞ രണ്ടു ദിവസങ്ങളിലെ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 15 ആയി ഉയര്‍ന്നു. വിവിധ ജില്ലകളിലായി ആറു പേരെ കാണാതായെന്നാണ് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്.
കണ്ണൂര്‍ കൂത്തുപറമ്പ് തോട്ടിന്‍കരയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കൈതേരി ഇടത്തില്‍ രാരീഷ് (45), തിരുവനന്തപുരത്ത് വിഴിഞ്ഞം, മുതലപ്പൊഴി എന്നിവിടങ്ങളില്‍നിന്ന് കാണാതായ മത്സ്യത്തൊഴിലാളികളായ അഞ്ചുതെങ്ങ് സ്വദേശി ഫ്രീമോന്‍ (26), അടിമലത്തുറ സ്വദേശി ആന്റണി (60), പാലക്കാട് പാലക്കുഴി വെള്ളച്ചാട്ടത്തില്‍ വീണ് ഭാനുപ്രിയ (40), കുളത്തില്‍ വീണ് മരിച്ച ബിരുദ വിദ്യാര്‍ഥിയായ മലപ്പുറം മഞ്ചേരി കരിക്കാട് സ്വദേശി ശ്രീഹരി (19) എന്നിവരാണ് ഞായറാഴ്ച മരിച്ചത്.
തിരുവനന്തപുരത്ത് മുതലപ്പൊഴിയിലും വിഴിഞ്ഞത്തുമായി തിരയില്‍പ്പെട്ട് കാണാതായ രണ്ടുപേര്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമായി തുടരുകയാണ്. അഞ്ചുതെങ്ങ് സ്വദേശി ഷിജിന്‍, വിഴിഞ്ഞം സ്വദേശി ജോണ്‍ എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്. മുതലപ്പൊഴിയില്‍ വള്ളത്തില്‍ നിന്ന് തെറിച്ചുവീണാണ് ഷിജിന് അപകടമുണ്ടായത്. വിഴിഞ്ഞത്ത് വള്ളം മറിഞ്ഞാണ് ജോണിനെ കാണാതായത്. കൊല്ലം, കണ്ണൂര്‍, തിരുവനന്തപുരം ജില്ലകളിലായി കടലില്‍ കാണാതായ മറ്റ് ആറുപേര്‍ക്കായും റസ്‌ക്യൂ ടീം തിരച്ചില്‍ നടത്തുന്നുണ്ട്.
മഴ കടുത്തതോടെ പലയിടത്തും വന്‍ നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പത്തനംതിട്ട റാന്നിയില്‍ വെള്ളം ഇറങ്ങിയെങ്കിലും ആറന്മുളയും അപ്പര്‍ കുട്ടനാടും ഇപ്പോഴും കടുത്ത വെള്ളക്കെട്ടില്‍ തന്നെയാണ്. മഴയുമായി ബന്ധപ്പെട്ട വിവിധ അപകടങ്ങളില്‍ പരിക്കേറ്റ 13 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. കനത്ത കാറ്റിലും മഴയിലും മരങ്ങള്‍ കടപുഴകി വീണ് ഞായറാഴ്ച വൈകീട്ട് വരെ 323 വീടുകളാണ് സംസ്ഥാനത്തുടനീളം തകര്‍ന്നത്. ഇതില്‍ 30 വീടുകള്‍ പൂര്‍ണ്ണമായും 293 എണ്ണം ഭാഗികമായും തകര്‍ന്നു.
ദുരിതം വിതച്ച പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. സംസ്ഥാനത്തൊട്ടാകെ തുറന്ന 273 ദുരിതാശ്വാസ ക്യാമ്പുകളിലായി 7674 പേരാണ് കഴിയുന്നത്. ഇതില്‍ 3049 പുരുഷന്മാരും 3249 സ്ത്രീകളും 1406 കുട്ടികളും ഉള്‍പ്പെടുന്നു. എന്നാല്‍, പല ക്യാമ്പുകളിലും ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങളോ ശുചിമുറികളോ ഇല്ലെന്ന പരാതിയും ദുരിതബാധിതരുടെ ഭാഗത്തുനിന്ന് ഉയരുന്നുണ്ട്. മഴ ശക്തമായി തുടരുമെന്ന മുന്നറിയിപ്പുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത കൈവിടരുതെന്ന് ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി.
