കണ്ണൂർ: ആരോഗ്യ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി നടത്തിയ പ്രത്യേക പരിശോധനയിൽ ജില്ലയിലെ 1,186 ഭക്ഷ്യ-പാനീയ വിതരണ സ്ഥാപനങ്ങളിൽ റെയ്ഡ് നടത്തി. പരിശോധനയിൽ ഗുരുതര വീഴ്ചകൾ കണ്ടെത്തിയ 84 സ്ഥാപനങ്ങൾക്കു നോട്ടീസ് നൽകുകയും മൂന്ന് സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ നിർദ്ദേശം നൽകുകയും ചെയ്തു. 100 സ്ക്വാഡുകളുടെ നേതൃത്വത്തിലായിരുന്നു ജില്ലയിലുടനീളം ഒറ്റദിവസത്തെ പരിശോധന.
ഹോട്ടലുകൾ, കൂൾബാറുകൾ, ബേക്കറികൾ, തട്ടുകടകൾ, ഐസ്-സോഫ്റ്റ് ഡ്രിങ്ക് ഉത്പാദന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്. തളിപ്പറമ്പ്, പേരാവൂർ, മുണ്ടേരിമൊട്ട എന്നിവിടങ്ങളിൽ ജീവനക്കാരുടെ ഹെൽത്ത് കാർഡോ ജലഗുണനിലവാര സര്‍ട്ടിഫിക്കറ്റോ ഇല്ലാതെ വൃത്തിഹീനമായ രീതിയിൽ പ്രവർത്തിച്ച സ്ഥാപനങ്ങളാണ് അടച്ചുപൂട്ടിച്ചത്.
ശുചിത്വമില്ലായ്മ, മാലിന്യ സംസ്കരണത്തിലെ വീഴ്ച, പകര്‍ച്ചവ്യാധി ഭീഷണി ഉയർത്തൽ, ആവശ്യമായ ലൈസൻസുകൾ ഇല്ലാതിരിക്കൽ എന്നീ പ്രശ്നങ്ങൾ മുൻനിർത്തി പൊതുജനാരോഗ്യ നിയമപ്രകാരമാണ് 84 കടകൾക്ക് നോട്ടീസ് നൽകിയത്. ഇതോടൊപ്പം പൊതുസ്ഥലങ്ങളിലെ പുകവലിക്കെതിരെ കോട്പ (COTPA) നിയമപ്രകാരം 8,400 രൂപ പിഴയീടാക്കി. വരും ദിവസങ്ങളിലും പരിശോധന കർശനമായി തുടരുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

