സൗദിക്ക് നേരെ വീണ്ടും ഹൂതി ആക്രമണം; 13 പേർക്ക് പരിക്ക്, വീടുകൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ
റിയാദ്: സൗദി അറേബ്യയിലെ ജനവാസ മേഖലകൾ ലക്ഷ്യമിട്ട് ഹൂതി വിമതരുടെ ആക്രമണം. ബാല്ലിസ്റ്റിക് മിസൈൽ-ഡ്രോൺ ആക്രമണങ്ങളിൽ 13 സാധാരണക്കാർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച പുലർച്ചെ രാജ്യത്തെ മൂന്ന് പ്രധാന നഗരങ്ങളായ ഖമീസ് മുശൈത്ത്, അബഹ, തായിഫ് എന്നിവിടങ്ങളിലാണ് ആക്രമണമുണ്ടായതെന്ന് യെമനിലെ അറബ് സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി അറിയിച്ചു.സാധാരണക്കാരെയും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ട് ഹൂതികൾ നടത്തുന്ന ആക്രമണങ്ങളുടെ തുടർച്ചയാണിതെന്ന് സഖ്യസേന വ്യക്തമാക്കി. ആക്രമണത്തിൽ പരിക്കേറ്റ 13 പേരുടെയും പരിക്ക് ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു. ഇവർക്ക് പ്രാദേശിക ആശുപത്രികളിൽ ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്. ആക്രമണത്തിൽ മേഖലയിലെ ഏഴ് വീടുകൾക്കും രണ്ട് വാഹനങ്ങൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചു. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഖമീസ് മുശൈത്ത്, അബഹ, തായിഫ് എന്നീ നഗരങ്ങളിലെ സിവിലിയൻ കേന്ദ്രങ്ങൾ ലക്ഷ്യമാക്കിയാണ് ബാല്ലിസ്റ്റിക് മിസൈലുകളും സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോണുകളും തൊടുത്തത്. അതിർത്തി മേഖലകളിൽ ജാഗ്രത ശക്തമാക്കിയതായും സിവിലിയന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ ശക്തമായ തിരിച്ചടി നൽകുമെന്നും സഖ്യസേനാ വക്താവ് കൂട്ടിച്ചേർത്തു