ഡല്‍ഹിയില്‍ വിമാനമിറങ്ങിയ ശേഷം നടത്തിയ പരിശോധനയില്‍ തെളിഞ്ഞത് രക്തത്തിലെ ലഹരി മരുന്നിന്റെ സാന്നിധ്യം; യാത്രക്കാരെ പരിഭ്രാന്തിയിലാക്കി വിമാനം 300 അടി താഴേക്ക് പതിച്ച സംഭവത്തില്‍ കര്‍ശന നടപടി; ഫുക്കെറ്റ് - ഡല്‍ഹി വിമാനത്തിലെ പൈലറ്റ് ഇന്‍ കമാന്‍ഡിനെ പിരിച്ചുവിട്ട് എയര്‍ ഇന്ത്യ

ഡല്‍ഹിയില്‍ വിമാനമിറങ്ങിയ ശേഷം നടത്തിയ പരിശോധനയില്‍ തെളിഞ്ഞത് രക്തത്തിലെ ലഹരി മരുന്നിന്റെ സാന്നിധ്യം; യാത്രക്കാരെ പരിഭ്രാന്തിയിലാക്കി വിമാനം 300 അടി താഴേക്ക് പതിച്ച സംഭവത്തില്‍ കര്‍ശന നടപടി; ഫുക്കെറ്റ് - ഡല്‍ഹി വിമാനത്തിലെ പൈലറ്റ് ഇന്‍ കമാന്‍ഡിനെ പിരിച്ചുവിട്ട് എയര്‍ ഇന്ത്യ


ന്യൂഡല്‍ഹി: ഫുക്കറ്റില്‍ നിന്ന് ഡല്‍ഹിയിലേക്ക് വരികയായിരുന്ന എയര്‍ ഇന്ത്യ വിമാനം പറക്കുന്നതിനിടെ 300 അടി താഴേക്ക് പതിച്ച സംഭവത്തില്‍ ലഹരി മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയ പൈലറ്റ് ഇന്‍ കമാന്‍ഡിനെ എയര്‍ ഇന്ത്യ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. അപകടസമയത്ത് പൈലറ്റ് കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഈ കടുത്ത നടപടി. ആഗസ്റ്റ് 4-നായിരുന്നു ഏവരെയും ഭീതിയിലാഴ്ത്തിയ ഈ സംഭവം നടന്നത്.

വിമാനത്തിലുണ്ടായിരുന്ന പൈലറ്റ് ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായി എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എഎഐബി) സമര്‍പ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിലാണ് വ്യക്തമാക്കിയത്. വിമാന സുരക്ഷയ്ക്ക് ഏറ്റവും ഉയര്‍ന്ന പരിഗണന നല്‍കുന്നതിനാലും സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചതിനാലും പൈലറ്റിനെ അടിയന്തരമായി പിരിച്ചുവിടുകയാണെന്ന് എയര്‍ ഇന്ത്യ ഔദ്യോഗികമായി അറിയിച്ചു. ഇത്തരത്തിലുള്ള ലംഘനങ്ങളോട് വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് കമ്പനിക്കുള്ളതെന്നും അവര്‍ വ്യക്തമാക്കി.

ഡല്‍ഹി വിമാനത്താവളത്തില്‍ വിമാനമിറങ്ങിയ ഉടന്‍ തന്നെ പൈലറ്റുമാരെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. പ്രാഥമിക പരിശോധനയിലും പിന്നീട് നടത്തിയ കൂടുതല്‍ വിശദമായ രക്തപരിശോധനയിലും പൈലറ്റ് ഇന്‍ കമാന്‍ഡിന്റെ സാംപിളില്‍ ലഹരിമരുന്നിന്റെ സാന്നിധ്യം വീണ്ടും സ്ഥിരീകരിച്ചു. അതേസമയം വിമാനത്തിലുണ്ടായിരുന്ന കോ-പൈലറ്റിന്റെ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവ് ആയിരുന്നു.

അപകടസമയത്ത് 3 കുട്ടികള്‍ ഉള്‍പ്പെടെ 137 യാത്രക്കാരും 6 കാബിന്‍ ക്രൂവും 2 ഫ്‌ലൈറ്റ് ക്രൂ അംഗങ്ങളും അടക്കം 145 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം പെട്ടെന്ന് താഴേക്ക് പതിച്ചതോടെ 20 യാത്രക്കാര്‍ക്കും 4 ക്രൂ അംഗങ്ങള്‍ക്കും പരുക്കേല്‍ക്കുകയുണ്ടായി. വിമാനത്തിനുള്ളിലെ സാധനങ്ങള്‍ സൂക്ഷിക്കുന്ന റാക്കുകള്‍ക്കും സീലിംഗ് പാനലുകള്‍ക്കും വലിയ കേടുപാടുകള്‍ സംഭവിച്ചു.

ഒഡീഷയ്ക്ക് മുകളിലൂടെ പറക്കുമ്പോഴാണ് എയര്‍ബസ് എ320 വിമാനത്തിന് സാങ്കേതിക തകരാറുകള്‍ നേരിടേണ്ടി വന്നത്. വിമാനത്തിന്റെ പ്രധാന ഹൈഡ്രോളിക് സംവിധാനങ്ങള്‍ ഒന്നൊന്നായി പ്രവര്‍ത്തനരഹിതമായി. തുടര്‍ന്ന് ഓട്ടോ പൈലറ്റ് വിച്ഛേദിക്കപ്പെടുകയും വിമാനം ആദ്യം 372 അടി ഉയരുകയും പിന്നീട് പെട്ടെന്ന് 292 അടി താഴേക്ക് പതിക്കുകയുമായിരുന്നു.

തുടക്കത്തില്‍ കോ-പൈലറ്റാണ് വിമാനം നിയന്ത്രിക്കാന്‍ ശ്രമിച്ചതെങ്കിലും പിന്നീട് പൈലറ്റ് ഇന്‍ കമാന്‍ഡ് വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. തൊട്ടുപിന്നാലെ സാങ്കേതിക സംവിധാനങ്ങള്‍ വീണ്ടും പ്രവര്‍ത്തനക്ഷമമായതോടെ വിമാനം സുരക്ഷിതമായി ഡല്‍ഹിയില്‍ ഇറക്കാന്‍ സാധിച്ചു. സംഭവം ഗൗരവമുള്ളതാണെന്നും ഡിജിസിഎ അടിയന്തര നടപടി സ്വീകരിക്കണമെന്നും എഎഐബി റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.

ഈ അപകടത്തിന് ശേഷം എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്നിവയിലെ മുഴുവന്‍ പൈലറ്റുമാര്‍ക്കും ലഹരി നിര്‍ണയ പരിശോധനകള്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും അവരുടെ വിശ്വാസം നിലനിര്‍ത്താനുമാണ് ഇത്തരം കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കി.