ഇരുവഞ്ഞിപ്പുഴയിൽ മലവെള്ളപ്പാച്ചിൽ; കല്ലിന് മുകളിൽ ഇരിക്കുകയായിരുന്ന യുവതി ഒഴുക്കിൽപ്പെട്ടു, കാണാതായി

കോഴിക്കോട്: ഇരുവഞ്ഞിപ്പുഴയിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ യുവതിയെ ഒഴുക്കിൽപ്പെട്ട് കാണാതായി. മലപ്പുറം കീഴ്ശേരി സ്വദേശിനി ജെസ്‌ന (30)യെയാണ് കാണാതായത്. കോടഞ്ചേരി കാലംപാറ തൂക്കുപാലത്തിന് സമീപമാണ് സംഭവം. ഇന്നലെ വൈകുന്നേരം ഉൾവനത്തിൽ ശക്തമായ മഴ പെയ്തതിനെ തുടർന്ന് ഇരുവഞ്ഞിപ്പുഴയിൽ അപ്രതീക്ഷിതമായി മലവെള്ളപ്പാച്ചിൽ ഉണ്ടാകുകയായിരുന്നു. ഈ സമയത്ത് പുഴയിലെ കല്ലിന് മുകളിൽ ഇരിക്കുകയായിരുന്ന ജെസ്‌ന ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നെന്നാണ് വിവരം. (Iruvanjippuzha river incident)
സംഭവമറിഞ്ഞ് മുക്കം അഗ്നിരക്ഷാസേനയും കോടഞ്ചേരി പൊലീസും സ്ഥലത്തെത്തി. യുവതിക്കായി പുഴയിൽ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ മഴയും ശക്തമായ ഒഴുക്കും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്.
