60 രൂപയുടെ മീൻകറി ഊണ്‍ മുതല്‍ 580 രൂപയുടെ അല്‍ഫാം വരെ; 90 വിഭവങ്ങളുമായി കേരളത്തിലെ ആദ്യ റെയില്‍വേ കോച്ച് റസ്റ്ററന്റ് പയ്യന്നൂരില്‍
പയ്യന്നൂർ: ട്രെയിൻ യാത്രയ്ക്കിടെ ഭക്ഷണം കഴിക്കുന്നത് സാധാരണമാണ്. എന്നാല്‍ ട്രെയിനില്‍ കയറാതെ തന്നെ ഒരു റെയില്‍വേ കോച്ചില്‍ ഇരുന്ന് ഇഷ്ടവിഭവങ്ങള്‍ കഴിക്കാനായാലോ?പയ്യന്നൂരില്‍ ഇനി അതിനും അവസരമുണ്ട്. കേരളത്തിലെ ആദ്യ റെയില്‍വേ കോച്ച് റസ്റ്ററന്റ് വ്യാഴാഴ്ച മുതല്‍ പയ്യന്നൂർ റെയില്‍വേ സ്റ്റേഷനില്‍ പ്രവർത്തനം ആരംഭിക്കും. 'ജുജു എക്സ്പ്രസ്' എന്ന പേരിലുള്ള റസ്റ്ററന്റില്‍ രുചിയൂറുന്ന 90ഓളം വിഭവങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
അറ്റ്ലസുകൾ പരിശോധിക്കുക
സ്റ്റേഷൻ കവാടത്തിന് സമീപം ഒരുക്കിയിരിക്കുന്ന ജുജു എക്സ്പ്രസിന് പാലക്കാട് ഡിവിഷൻ റെയില്‍വേ മാനേജർ മധുകർ റോട്ടാണ് വ്യാഴാഴ്ച പച്ചക്കൊടി വീശുക. 60 രൂപയുടെ മീൻകറി ഊണ്‍ മുതല്‍ 580 രൂപ വിലയുള്ള ജുജു സ്പെഷല്‍ ക്രീമി അല്‍ഫാം വരെയുള്ള വൈവിധ്യമാർന്ന വിഭവങ്ങള്‍ ഇവിടെ ലഭിക്കും.
മറ്റു ഹോട്ടലുകളില്‍നിന്ന് വ്യത്യസ്തമായി റെയില്‍വേ അംഗീകരിച്ച നിരക്കിലായിരിക്കും ഇവിടെ ഭക്ഷണം നല്‍കുകയെന്ന് നടത്തിപ്പുകാർ അറിയിച്ചു. സാധാരണ ഹോട്ടല്‍ നിരക്കിനെക്കാള്‍ ഏകദേശം 30 ശതമാനം വരെ വിലക്കുറവിലാണ് വിഭവങ്ങള്‍ ലഭ്യമാക്കുക. റെയില്‍വേ പ്ലാറ്റ്ഫോമിനകത്തല്ല റസ്റ്ററന്റ് പ്രവർത്തിക്കുന്നതെങ്കിലും റെയില്‍വേ അംഗീകരിച്ച വില തന്നെയായിരിക്കും ഈടാക്കുക.രാവിലെ അഞ്ച് മണി മുതല്‍ തന്നെ റസ്റ്ററന്റില്‍ ഭക്ഷണം ലഭിക്കും. ഇഡ്ഡലി, വട, ദോശ തുടങ്ങിയ പ്രഭാതഭക്ഷണങ്ങള്‍ക്കൊപ്പം നാടൻ വിഭവങ്ങളും നോർത്ത് ഇന്ത്യൻ, ചൈനീസ് വിഭവങ്ങളും മെനുവിലുണ്ടാകും. ഉച്ചഭക്ഷണത്തിനും രാത്രിഭക്ഷണത്തിനുമായി വ്യത്യസ്ത രുചിവൈവിധ്യങ്ങളും ഒരുക്കിയിട്ടുണ്ട്.
മംഗളൂരുവില്‍നിന്ന് എത്തിച്ച ത്രീടയർ റെയില്‍വേ കോച്ചാണ് റസ്റ്ററന്റായി മാറ്റിയെടുത്തത്. പയ്യന്നൂർ റെയില്‍വേ സ്റ്റേഷന് പുറത്ത് രാമന്തളി റോഡില്‍ പ്രത്യേക ട്രാക്ക് നിർമിച്ച് അതിലാണ് കോച്ച് സ്ഥാപിച്ചത്. 50 പേർക്ക് ഒരേസമയം ഇരിക്കാവുന്ന തരത്തില്‍ ടേബിളുകളും സീറ്റുകളും ഒരുക്കിയിട്ടുണ്ട്. എയർ കണ്ടീഷൻ സൗകര്യത്തോടെയുള്ള റസ്റ്ററന്റിന് ആകർഷകമായ ഇന്റീരിയറും ഒരുക്കിയിട്ടുണ്ട്.
കോച്ചിനോട് ചേർന്ന് പ്രത്യേക പ്ലാറ്റ്ഫോമും നിർമിച്ചിട്ടുണ്ട്. ഇവിടെ 30 പേർക്ക് ഇരിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. ആധുനിക രീതിയിലുള്ള അടുക്കളയ്ക്കൊപ്പം ടീ, ജ്യൂസ്, ഐസ്ക്രീം എന്നിവയ്ക്കായി പ്രത്യേക കൗണ്ടറുകളും സജ്ജീകരിച്ചിട്ടുണ്ട്. കൂടുതല്‍ സീറ്റുകള്‍ ഒരുക്കുന്നതിനുള്ള സൗകര്യവും ഇവിടെയുണ്ട്
