തൃശൂര്‍ കയ്പമംഗലം പനമ്പിക്കുന്നില്‍ ദേശീയപാത 66-ല്‍ എട്ട് എന്‍ജിനീയറിങ് വിദ്യാര്‍ഥികളുടെ ജീവനെടുത്ത വാഹനാപകടത്തിന് പ്രധാന കാരണം അധികൃതരുടെ കൊടിയ അനാസ്ഥ

സുരക്ഷാ മുന്നറിയിപ്പുകളില്ലാത്ത ദേശീയപാതയിലെ നിര്‍മ്മാണ മേഖലകള്‍ വീണ്ടും വലിയൊരു മനുഷ്യക്കുരുതിക്ക് സാക്ഷ്യം വഹിച്ചു; സുരക്ഷാ വീഴ്ചകള്‍ക്ക് പുറമെ കോണ്‍ക്രീറ്റ് ഭിത്തിക്ക് പിറകിലായി ചരക്കുലോറി നിര്‍ത്തിയിട്ടത് വലിയ ദുരന്തമായി; അനാസ്ഥയുടെ നേര്‍ചിത്രമായി കയ്പമംഗലം ദുരന്തം; അനധികൃത പാര്‍ക്കിങ്ങും സൂചനാ ബോര്‍ഡുകളുടെ അഭാവവും കൊണ്ടു പോയത് എട്ടു ജീവനുകള്‍; അനിധികൃതമായി പാര്‍ക്ക് ചെയ്തിരുന്നത് മൂന്ന് ലോറികള്‍



തൃശൂര്‍ കയ്പമംഗലം പനമ്പിക്കുന്നില്‍ ദേശീയപാത 66-ല്‍ എട്ട് എന്‍ജിനീയറിങ് വിദ്യാര്‍ഥികളുടെ ജീവനെടുത്ത വാഹനാപകടത്തിന് പ്രധാന കാരണം അധികൃതരുടെ കൊടിയ അനാസ്ഥ. സുരക്ഷാ മുന്നറിയിപ്പുകളില്ലാത്ത ദേശീയപാതയിലെ നിര്‍മ്മാണ മേഖലകള്‍ വീണ്ടും വലിയൊരു മനുഷ്യക്കുരുതിക്ക് സാക്ഷ്യം വഹിച്ചിരിക്കുകയാണ്.

പനമ്പിക്കുന്ന് സെന്ററില്‍നിന്ന് മൂന്നുപീടിക ബൈപാസ് തുടങ്ങുന്ന പ്രദേശം വരെ മാത്രമേ നിര്‍മ്മാണം നടക്കുന്ന ഹൈവേയിലൂടെ വാഹനങ്ങള്‍ക്ക് നിലവില്‍ കടന്നുപോകാന്‍ കഴിയുകയുള്ളൂ. ഇവിടെയെത്തുമ്പോള്‍ യാത്രികര്‍ ഹൈവേയില്‍ നിന്നും വാഹനങ്ങള്‍ സര്‍വീസ് റോഡിലേക്ക് മാറ്റിയാണ് യാത്ര തുടരേണ്ടത്. എന്നാല്‍, പെട്ടെന്ന് സര്‍വീസ് റോഡിലേക്ക് തിരിയേണ്ട ഈ ഡൈവേര്‍ഷനുമായി ബന്ധപ്പെട്ട് യാതൊരുവിധ മുന്നറിയിപ്പ് ബോര്‍ഡുകളും അധികൃതര്‍ ഇവിടെ സ്ഥാപിച്ചിരുന്നില്ല. ഇതിനുപകരം കോണ്‍ക്രീറ്റ് ഉപയോഗിച്ചുള്ള ചെറിയൊരു ഭിത്തി റോഡിന് കുറുകെ സ്ഥാപിച്ച് ഗതാഗതത്തിന് നേരിയ തടസ്സമുണ്ടാക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്.

യാതൊരു സുരക്ഷാ ക്രമീകരണങ്ങളുമില്ലാത്ത ഈ ഭാഗത്ത് രണ്ടാഴ്ച മുന്‍പും സമാനമായ രീതിയില്‍ അപകടം നടന്നിരുന്നു. സൂചനാബോര്‍ഡുകളില്ലാത്തതുകാരണം അന്ന് കോണ്‍ക്രീറ്റ് ഭിത്തിയില്‍ വന്നിടിച്ച കാറിലെ രണ്ട് യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച അര്‍ധരാത്രി ദുരന്തം നടക്കുന്നതിന് തൊട്ടുമുന്‍പ് മറ്റൊരു കാറും ഇവിടെ അപകടത്തില്‍നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടതെന്ന് നാട്ടുകാര്‍ പറയുന്നു. ഈ സുരക്ഷാ വീഴ്ചകള്‍ക്ക് പുറമെ കോണ്‍ക്രീറ്റ് ഭിത്തിക്ക് പിറകിലായി ചരക്കുലോറി നിര്‍ത്തിയിട്ടിരുന്നതാണ് വലിയ ദുരന്തത്തിന് വഴിവെച്ചത്. ഗുരുവായൂരില്‍നിന്ന് കൊടുങ്ങല്ലൂരിലേക്കുള്ള വാഹനങ്ങള്‍ സഞ്ചരിക്കുന്ന അതേ ദിശയില്‍ നിര്‍ത്തിയിട്ട ലോറി, രാത്രിയുടെ ഇരുട്ടില്‍ പെട്ടെന്ന് ഡ്രൈവറുടെ ശ്രദ്ധയില്‍ പെടാത്തതാകാം അപകടകാരണമെന്ന് സംശയിക്കുന്നു.

അപകടസമയത്ത് യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ അനധികൃതമായി മൂന്നു ലോറികളാണ് ഈ ഭാഗത്ത് പാര്‍ക്ക് ചെയ്തിരുന്നത്. എന്നാല്‍ അതിദാരുണമായ ഈ അപകടം നടന്നതിന് പിന്നാലെ ബാക്കി രണ്ടു ലോറികളുമായി ഡ്രൈവര്‍മാര്‍ അവിടെനിന്ന് സ്ഥലംവിടുകയായിരുന്നു. അമിതവേഗതയിലെത്തിയ കാര്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ പിന്നിലേക്ക് അതിശക്തമായി ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പൂര്‍ണ്ണമായും തകര്‍ന്നുതരിപ്പണമായി ലോറിക്കടിയിലേക്ക് കുടുങ്ങിയ കാര്‍ ഏറെ പണിപ്പെട്ട് കയറുകെട്ടി വലിച്ചാണ് പുറത്തെടുത്തത്.

കാര്‍ വെട്ടിപ്പൊളിച്ച് യാത്രക്കാരെ പുറത്തെടുക്കുമ്പോള്‍ എട്ടുപേരില്‍ ഒരാള്‍ക്ക് മാത്രമാണ് നേരിയ തോതിലെങ്കിലും ഹൃദയമിടിപ്പുണ്ടായിരുന്നത്. എന്നാല്‍ ഗുരുതരമായി പരിക്കേറ്റിരുന്ന ഇയാളും ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പായി തന്നെ മരണത്തിന് കീഴടങ്ങി. കാറിലുണ്ടായിരുന്നവര്‍ തമിഴ്നാട് ദിണ്ടിഗലിലെ പി.എസ്.എന്‍.എ. എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ഥികളാണെന്ന് പോലീസ് ഏറക്കുറെ ഉറപ്പിച്ചിട്ടുണ്ട്. അപകടസ്ഥലത്ത് നിന്നും ലഭിച്ച തിരിച്ചറിയല്‍ കാര്‍ഡുകള്‍ക്കും ബാഗുകള്‍ക്കും പുറമെ പോലീസിന്റെ പ്രാഥമിക അന്വേഷണത്തിലും ഇക്കാര്യം വ്യക്തമായി.

അന്വേഷണത്തിന്റെ ഭാഗമായി കാര്‍ ഉടമയെ പോലീസ് കണ്ടെത്തിയിട്ടുണ്ട്. പരിചയമുള്ള വിദ്യാര്‍ഥികളില്‍ ഒരാള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് വാഹനം നല്‍കിയതെന്നും, എങ്ങോട്ടാണ് ഇവരുടെ യാത്രയെന്ന് തനിക്കറിയില്ലായിരുന്നെന്നും ഉടമ പോലീസിന് മൊഴി നല്‍കി. തമിഴ്നാട് രജിസ്‌ട്രേഷനിലുള്ള ഈ കാര്‍ ഒരു മാസം മുന്‍പ് മാത്രം രജിസ്റ്റര്‍ ചെയ്തതാണെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ സൈറ്റായ പരിവാഹനില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തി. വിനോദയാത്രയ്ക്കായി കേരളത്തില്‍ എത്തിയപ്പോഴാണ് ഇവര്‍ അപകടത്തില്‍പ്പെട്ടതെന്നാണ് നിഗമനം.