തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള സാമ്പത്തിക സഹായത്തിനായി സംസ്ഥാന സർക്കാർ 9.96 കോടി രൂപ അനുവദിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് ഈ തുക അനുവദിച്ചിരിക്കുന്നത്.
കോവിഡ് മൂലം കുടുംബത്തിലെ പ്രധാന വരുമാന സ്രോതസ്സ് നഷ്ടപ്പെട്ട ബി.പി.എൽ (BPL) കുടുംബങ്ങൾക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നത്. പ്രതിമാസം 5,000 രൂപ വീതം മൂന്ന് വർഷത്തേക്കാണ് ബാങ്ക് അക്കൗണ്ട് വഴി ധനസഹായം വിതരണം ചെയ്യുന്നത്. കോഴിക്കോട്, എറണാകുളം, പത്തനംതിട്ട എന്നീ ജില്ലകളിലെ കളക്ടർമാർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചുകൊണ്ട് ഉത്തരവായിരിക്കുന്നത്.

