
കൊച്ചി: അർജന്റീന ഫുട്ബോൾ താരം ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തിയെന്ന കേസിൽ അഗസ്റ്റിൻ സഹോദരന്മാർക്കെതിരെ നടപടി ശക്തമാക്കി പ്രത്യേക അന്വേഷണ സംഘം. ഇവരുടെ വീടുകളിലും സ്ഥാപനങ്ങളിലുമായി അഞ്ച് കേന്ദ്രങ്ങളിൽ പുലർച്ചെ നാല് മണി മുതൽ എസ്ഐടി റെയ്ഡ് തുടങ്ങി.(SIT Raids Augustine Brothers Offices And Residence In Messi Kerala Visit Fraud Case)
അഗസ്റ്റിൻ സഹോദരന്മാരുടെ കൊച്ചിയിലെ വസതികൾ, കളമശ്ശേരിയിലുള്ള കമ്പനിയുടെ ആസ്ഥാനം, വയനാട്ടിലെ തറവാട്ടു വീട് എന്നിവിടങ്ങളിലാണ് എഡിജിപിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തുന്നത്. കോടതിയിൽ നിന്ന് വ്യക്തമായ സെർച്ച് വാറന്റ് സമ്പാദിച്ച ശേഷമാണ് പോലീസിന്റെ ഈ നിർണ്ണായക നീക്കം.
മെസ്സിയുടെ വരവുമായി ബന്ധപ്പെട്ട സ്പോൺസർഷിപ്പിന്റെ മറവിൽ വൻ സാമ്പത്തിക ക്രമക്കേടുകളും നികുതി വെട്ടിപ്പും നടന്നതായി അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു. 25.78 കോടി രൂപയുടെ നികുതി വെട്ടിപ്പാണ് കണ്ടെത്തിയിട്ടുള്ളത്. മെസ്സിയെ സംസ്ഥാനത്തേക്ക് കൊണ്ടുവരുന്ന പദ്ധതിയുടെ മറവിൽ കള്ളപ്പണം വെളുപ്പിക്കാനും വലിയ തോതിൽ നികുതി വെട്ടിപ്പ് നടത്താനുമാണ് നീക്കം നടന്നതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്
