
തൃശൂര്‍: ദേശീയപാതയില്‍ കയ്പമംഗലം പനമ്പിക്കുന്ന് സെന്ററിന് സമീപം നിര്‍ത്തിയിട്ടിരുന്ന ലോറിയിലേക്ക് അമിതവേഗതയിലെത്തിയ കാര്‍ ഇടിച്ചുകയറി എട്ട് പേര്‍ ദാരുണമായി കൊല്ലപ്പെട്ടു. വെള്ളിയാഴ്ച അര്‍ധരാത്രി 12 മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. അപകടത്തില്‍പ്പെട്ട കാര്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. മരിച്ചവരില്‍ ഏഴ് പേര്‍ തമിഴ്നാട്ടിലെ ഡിണ്ടിഗലില്‍ നിന്നുള്ള എന്‍ജിനീയറിങ് വിദ്യാര്‍ഥികളാണെന്നാണ് പ്രാഥമിക വിവരം. അപകടത്തില്‍ കാറിലുണ്ടായിരുന്ന എട്ടുപേരും സംഭവസ്ഥലത്തുതന്നെ മരണപ്പെടുകയായിരുന്നു.
ഗുരുവായൂര്‍ ഭാഗത്തുനിന്ന് കൊടുങ്ങല്ലൂരിലേക്ക് അമിതവേഗതയില്‍ സഞ്ചരിക്കുകയായിരുന്ന തമിഴ്നാട് രജിസ്‌ട്രേഷനിലുള്ള കാറാണ് അപകടത്തില്‍പ്പെട്ടത്. പാതയോരത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ഡ്രൈവറും സഹായിയുമാണ് അപകടശബ്ദം കേട്ട് നാട്ടുകാരെ വിവരമറിയിച്ചത്. ഉടന്‍തന്നെ പൊലീസും അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി വാഹനം വെട്ടിപ്പൊളിച്ചാണ് ഉള്ളിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. തുടര്‍ന്ന് മൃതദേഹങ്ങള്‍ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റി. മരിച്ചവരം തിരിച്ചറിഞ്ഞിട്ടില്ല.
ദേശീയപാത വികസന നിര്‍മാണം പുരോഗമിക്കുന്ന ഭാഗത്താണ് ഈ ദുരന്തമുണ്ടായത്. സംഭവസമയത്ത് റോഡരികിലായി മൂന്ന് ലോറികള്‍ പാര്‍ക്ക് ചെയ്തിട്ടുണ്ടായിരുന്നു. ഇതില്‍ മഹാരാഷ്ട്ര രജിസ്‌ട്രേഷനുള്ള ലോറിയുടെ പിന്നിലേക്കാണ് കാര്‍ ഇടിച്ചുകയറിയത്. നിര്‍മാണം നടക്കുന്ന ഈ മേഖലയില്‍ അപകടങ്ങള്‍ പതിവാണെന്ന് പ്രദേശവാസികള്‍ പറയുന്നു. അപകട വിവരമറിഞ്ഞ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
