
കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടന്ന പ്രസവത്തിനു തൊട്ടുപിന്നാലെ നവജാതശിശുവിന്റെ ശരീരത്തില്‍ സൂചി തറഞ്ഞുകയറിയതായി ഗുരുതര ആരോപണം. ഏറ്റുമാനൂര്‍ കട്ടച്ചിറ സ്വദേശി അഞ്ജുവിന്റെയും കോഴിക്കോട് ചാത്തമംഗലം സ്വദേശി ബിനീഷിന്റെയും പെണ്‍കുഞ്ഞാണ് ചികിത്സാപ്പിഴവിന് ഇരയായത്. ഒരു വര്‍ഷത്തോളം കടുത്ത വേദന സഹിച്ച കുഞ്ഞിന്റെ ശരീരത്തില്‍നിന്ന് ഈയിടെയാണ് ശസ്ത്രക്രിയയിലൂടെ സൂചി നീക്കം ചെയ്തത്.
2025 ജൂണ്‍ 24-നാണ് കുട്ടി ജനിച്ചത്. ജനനശേഷം മഞ്ഞനിറം ബാധിച്ചതിനെ തുടര്‍ന്ന് കുട്ടിയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു. ഈ സമയത്താണ് കുഞ്ഞിന്റെ വാരിയെല്ലിനു താഴെ വയറിന്റെ വലതുഭാഗത്ത് എന്തോ തറച്ചുനില്‍ക്കുന്നത് മാതാപിതാക്കളുടെ ശ്രദ്ധയില്‍പെട്ടത്. വിവരം അപ്പോള്‍ തന്നെ ഡോക്ടറെ അറിയിച്ചെങ്കിലും പേടിക്കാനൊന്നുമില്ലെന്ന മറുപടിയാണ് ലഭിച്ചതെന്ന് അഞ്ജു പറയുന്നു.
കഴിഞ്ഞ ജൂലൈയില്‍ ബിനീഷ് കുഞ്ഞിനെ കളിപ്പിക്കുന്നതിനിടെ മുന്‍പ് പ്രശ്‌നമുണ്ടായ ഭാഗത്ത് വീക്കം ശ്രദ്ധയില്‍പെട്ടതോടെയാണ് കുഞ്ഞിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അവിടെ നടത്തിയ എക്‌സ്‌റേ പരിശോധനയിലാണ് വാരിയെല്ലിന് താഴെയായി ഒടിഞ്ഞ സൂചിയുടെ ഭാഗം കണ്ടെത്തിയത്. തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയ നടത്തി സൂചി നീക്കം ചെയ്യുകയായിരുന്നു.
സംഭവത്തില്‍ കുട്ടിയുടെ മാതാപിതാക്കള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട്, ആരോഗ്യമന്ത്രി, ഗാന്ധിനഗര്‍ പോലീസ് എന്നിവര്‍ക്ക് പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണത്തിനായി പ്രത്യേക സമിതിയെ നിയോഗിച്ചതായി സൂപ്രണ്ട് ഡോ. ടിജി തോമസ് ജേക്കബ് അറിയിച്ചു. ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ഫ്രെഡറിക് പോള്‍ ചെയര്‍മാനും ഗൈനക്കോളജി, ജനറല്‍ സര്‍ജറി വിഭാഗം മേധാവികള്‍ അംഗങ്ങളുമായ സമിതിയാണ് കേസ് അന്വേഷിക്കുന്നത്.
