വയനാട്ടിലെ വീട്ടില്‍ നിന്ന് വന്‍തോതില്‍ വിദേശമദ്യവും വ്യാജമദ്യവും പിടികൂടിയ കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി എം.ഡി ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളി.

അബ്ക്കാരി കേസില്‍ ആന്റോ അഗസ്റ്റിന് ജാമ്യമില്ല; ജാമ്യാപേക്ഷ സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളിയതോടെ ആന്റോ മാനന്തവാടി ജയിലില്‍ തുടരും; വ്യാജമദ്യം കണ്ടെത്തിയതില്‍ ഉറവിടം കണ്ടെത്തണമെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചു കോടതി; റിപ്പോര്‍ട്ടര്‍ മുതലാളിയെ കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ്


സുല്‍ത്താന്‍ ബത്തേരി: വയനാട്ടിലെ വീട്ടില്‍ നിന്ന് വന്‍തോതില്‍ വിദേശമദ്യവും വ്യാജമദ്യവും പിടികൂടിയ കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി എം.ഡി ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളി. പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്നും വ്യാജമദ്യത്തിന്റെ ഉറവിടം കണ്ടെത്താന്‍ തുടരന്വേഷണം അത്യാവശ്യമാണെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം പൂര്‍ണ്ണമായും അംഗീകരിച്ചാണ് കോടതി ഉത്തരവ്. വിധി തിരിച്ചടിയായതോടെ പ്രതി മാനന്തവാടി ജില്ലാ ജയിലില്‍ തന്നെ തുടരും.

സുല്‍ത്താന്‍ ബത്തേരി ജെ.എഫ്.സി.എം കോടതിയാണ് വാദം പൂര്‍ത്തിയാക്കി ജാമ്യാപേക്ഷയില്‍ വിധി പ്രസ്താവിച്ചത്. കേസിലെ ഗൗരവകരമായ കണ്ടെത്തലുകള്‍ പരിഗണിച്ച്, റിമാന്‍ഡില്‍ കഴിയുന്ന ആന്റോ അഗസ്റ്റിനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്ന ആവശ്യവുമായി അന്വേഷണ സംഘവും രംഗത്തെത്തിയിട്ടുണ്ട്. ഇതിനായുള്ള കസ്റ്റഡി അപേക്ഷ എക്‌സൈസും പോലീസും കോടതിയില്‍ സമര്‍പ്പിച്ചു.

ഫുട്ബോള്‍ താരം ലയണല്‍ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ പ്രത്യേക അന്വേഷണസംഘം നടത്തിയ റെയ്ഡിനിടെയാണ് വാഴവറ്റയിലെ വീട്ടില്‍ നിന്ന് മദ്യശേഖരം കണ്ടെത്തുന്നത്. തൃക്കാക്കര എ.സി.പി ബിജോയ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയില്‍ വീടിന്റെ ഒന്നാം നിലയിലെ മുറിയില്‍ നിന്ന് 138 കുപ്പി മദ്യമാണ് പിടിച്ചെടുത്തത്. നിയമപരമായി സൂക്ഷിക്കാവുന്ന പരിധി ലംഘിച്ച് വന്‍തോതില്‍ ശേഖരിച്ച മദ്യം വില്‍പ്പനയ്ക്കായി സൂക്ഷിച്ചതാണെന്നാണ് എഫ്.ഐ.ആറിലെ പ്രാഥമിക നിഗമനം.

പിടിച്ചെടുത്ത വലിയ മദ്യശേഖരത്തില്‍ വ്യാജമദ്യവും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് എക്‌സൈസ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഈ വ്യാജമദ്യത്തിന്റെ യഥാര്‍ത്ഥ ഉറവിടം കണ്ടെത്തുന്നതിനും കേസിലെ മറ്റ് കണ്ണികളെക്കുറിച്ച് വിവരങ്ങള്‍ ശേഖരിക്കുന്നതിനും പ്രതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണ്. സമൂഹത്തില്‍ ഉന്നത സ്വാധീനമുള്ള പ്രതിക്ക് ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.

നേരത്തെ നടന്ന ജാമ്യവാദത്തിനിടെ, മദ്യം പിടിച്ച വാഴവറ്റയിലെ വീട് തന്റെ ഉടമസ്ഥതയിലുള്ളതല്ലെന്ന വിചിത്ര വാദമാണ് പ്രതിഭാഗം ഉന്നയിച്ചത്. ഈ കെട്ടിടം 2022-ല്‍ ഒരു സ്ത്രീക്ക് കൈമാറിയതാണെന്നും ആന്റോ ഇവിടെ താമസിക്കുന്നില്ലെന്നുമായിരുന്നു അഭിഭാഷകന്റെ നിലപാട്. താന്‍ മദ്യപിക്കാറില്ലെന്നും വീട്ടില്‍ എങ്ങനെ മദ്യം എത്തിയെന്ന് അറിയില്ലെന്നും ചോദ്യം ചെയ്യലിനിടെ ആന്റോ അഗസ്റ്റിനും പ്രതികരിച്ചിരുന്നു.

എന്നാല്‍ പ്രതിഭാഗത്തിന്റെ വാദങ്ങളെ തള്ളിക്കൊണ്ട് ശക്തമായ രേഖകളാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയത്. 2025-ലെ ഉടമസ്ഥാവകാശ രേഖകളും നികുതി രസീതുകളും പരിശോധിച്ചതില്‍ നിന്നും വീടിന്റെ നിലവിലെ ഉടമ ആന്റോ അഗസ്റ്റിന്‍ തന്നെയാണെന്ന് പ്രോസിക്യൂഷന്‍ തെളിയിച്ചു. നിലവില്‍ ആന്റോ മാത്രമാണ് കേസിലെ പ്രധാന പ്രതിയെന്നിരിക്കെ, സ്വതന്ത്ര അന്വേഷണത്തിനായി ഇയാളെ കസ്റ്റഡിയില്‍ സൂക്ഷിക്കേണ്ടതുണ്ടെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.

നിയമപ്രകാരം ഒരാള്‍ക്ക് വയ്ക്കാവുന്ന അനുവദനീയമായ പരിധി ലംഘിച്ചാണ് പ്രതി മദ്യം ശേഖരിച്ചുവെച്ചിരുന്നത്. 67 ലിറ്റര്‍ മദ്യം, 43 ലിറ്റര്‍ വിദേശനിര്‍മിത മദ്യം, 4.824 ലിറ്റര്‍ വിദേശ വൈന്‍, 5.5 ലിറ്റര്‍ നാടന്‍ വൈന്‍, 860 മില്ലി ലിറ്റര്‍ മിലിട്ടറി മദ്യം എന്നിവയാണ് റെയ്ഡില്‍ പിടിച്ചെടുത്തത്. ഇതോടെ അന്വേഷണവും തുടര്‍നടപടികളും എക്സൈസ് ഏറ്റെടുക്കുകയായിരുന്നു.

കൊച്ചിയിലെ റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്തെത്തിയാണ് വയനാട്ടില്‍ നിന്നുള്ള എക്സൈസ് സംഘം ആന്റോ അഗസ്റ്റിനെ അറസ്റ്റ് ചെയ്തത്. എഫ്.ഐ.ആറിന്റെ ഹാര്‍ഡ് കോപ്പി കാണിക്കാതെ അറസ്റ്റിന് വഴങ്ങില്ലെന്ന് ഇയാള്‍ നിലപാടെടുത്തതോടെ പെരുമ്പാവൂര്‍ എക്സൈസ് സി.ഐ എഫ്.ഐ.ആറുമായി സ്ഥലത്തെത്തിയാണ് അറസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതിയെ വയനാട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു.

കൊച്ചിയില്‍ നിന്ന് എത്തിച്ച ആന്റോയെ മീനങ്ങാടിയിലെ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ ഓഫീസിലാണ് ചോദ്യം ചെയ്തത്. അഞ്ച് മണിക്കൂറോളം നീണ്ട വിശദമായ ചോദ്യം ചെയ്യലിനു ശേഷമാണ് കോടതിയില്‍ ഹാജരാക്കിയത്. അബ്കാരി ആക്ടിലെ 55 (എ), 55 (ഐ), 58 എന്നീ ജാമ്യമില്ലാ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.

നേരത്തെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയപ്പോള്‍ എക്സൈസ് ഉദ്യോഗസ്ഥരില്‍ നിന്ന് പീഡനമേറ്റിട്ടില്ലെന്ന് പ്രതി വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് കോടതി പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയായിരുന്നു. ഇപ്പോള്‍ ജാമ്യാപേക്ഷ തള്ളുകയും കസ്റ്റഡി അപേക്ഷ പരിഗണിക്കപ്പെടുകയും ചെയ്തതോടെ വ്യാജമദ്യത്തിന്റെ ഉറവിടം കണ്ടെത്തുന്നതിലേക്ക് കേസന്വേഷണം വേഗത്തില്‍ പുരോഗമിക്കും.