സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിച്ചേക്കുമെന്ന് സൂചന നൽകി വൈദ്യുതി മന്ത്രി സണ്ണി ജോസഫ്

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിച്ചേക്കുമെന്ന് സൂചന നൽകി വൈദ്യുതി മന്ത്രി സണ്ണി ജോസഫ്


തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിന് ഉയർന്ന വില നൽകി പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നത് മൂലമുണ്ടാകുന്ന സാമ്പത്തിക ബാധ്യത മറികടക്കാൻ ഭാവിയിൽ വൈദ്യുതി നിരക്ക് കൂട്ടിയേക്കുമെന്ന് സൂചന നൽകി വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. യൂണിറ്റിന് 4.29 രൂപയ്ക്ക് ലഭിച്ചിരുന്ന വൈദ്യുതിക്ക് പകരം 30 രൂപ വരെ നൽകിയാണ് നിലവിൽ അടിയന്തരമായി വൈദ്യുതി വാങ്ങുന്നത്.

ഉയർന്ന തുക നൽകി വൈദ്യുതി വാങ്ങുമ്പോൾ ഉണ്ടാകുന്ന അധിക ബാധ്യത സർക്കാരാണ് വഹിക്കുന്നതെങ്കിലും ആത്യന്തികമായി അത് ജനങ്ങളിലേക്ക് തന്നെ എത്തിച്ചേരാൻ സാധ്യതയുണ്ടെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ തൽക്കാലം അധിക സെസ് ഏർപ്പെടുത്തുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും പ്രതിസന്ധി പരിഹരിച്ച് വൈദ്യുതി ലഭ്യമാക്കാനാണ് മുൻഗണന നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭ്യമാക്കാൻ എൻ.ടി.പി.സിയുമായി ചർച്ചകൾ നടത്തിവരികയാണ്. മുൻപ് റദ്ദാക്കപ്പെട്ട കരാറുകൾ പുനഃസ്ഥാപിക്കുന്നതിനുള്ള നിയമനടപടികളുമായി സർക്കാർ മുന്നോട്ടുപോകും. മുൻ സർക്കാർ കരാറുകൾ റദ്ദാക്കാൻ എടുത്ത തീരുമാനവും അത് പുനഃപരിശോധിക്കാൻ വരുത്തിയ കാലതാമസവുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമായതെന്നും മന്ത്രി ആരോപിച്ചു