മരണവീട്ടില്‍ സംസാരിച്ചുനില്‍ക്കുകയായിരുന്ന ആളുകള്‍ക്കിടയിലേക്ക് ജീപ്പ് നിയന്ത്രണം വിട്ട് ഇടിച്ചുകയറി ഒരാള്‍ മരിച്ചു

മരണവീട്ടിലെ ആളുകള്‍ക്കിടയിലേക്ക് നിയന്ത്രണം വിട്ട ജീപ്പ് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, മറ്റൊരാള്‍ക്ക് പരിക്ക്



കൊയിലാണ്ടി: മരണവീട്ടില്‍ സംസാരിച്ചുനില്‍ക്കുകയായിരുന്ന ആളുകള്‍ക്കിടയിലേക്ക് ജീപ്പ് നിയന്ത്രണം വിട്ട് ഇടിച്ചുകയറി ഒരാള്‍ മരിച്ചു. മറ്റൊരാള്‍ക്ക് പരിക്കേറ്റു. നടേരി തടോളിതാഴ കിടഞ്ഞിയില്‍ രാജന്‍ (59) ആണ് മരിച്ചത്. കൊയിലാണ്ടി നഗരത്തിലെ ചുമട്ടുതൊഴിലാളിയായ പഴങ്കാവില്‍ സുരേന്ദ്രനാണ് (56) പരിക്കേറ്റത്.

ഞായറാഴ്ച രാവിലെ 7.45-ഓടെയായിരുന്നു അപകടം. നടേരി കാവുംവട്ടം മീറങ്ങാട്ട് ബാലകൃഷ്ണന്‍ നായരുടെ (84) സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു രാജന്‍ ഉള്‍പ്പെടെയുള്ളവര്‍. വീടിന്റെ ഉമ്മറത്ത് സംസാരിച്ചുനില്‍ക്കുകയായിരുന്ന ഇവര്‍ക്കിടയിലേക്ക് പാഞ്ഞെത്തിയ ജീപ്പ് നിയന്ത്രണം വിട്ട് ഇടിച്ചുകയറുകയായിരുന്നു.

വീടിന്റെ ചുവരിനും വാഹനത്തിനും ഇടയില്‍പ്പെട്ട് ഗുരുതരമായി പരിക്കേറ്റ രാജനെ ഉടന്‍തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌കാരം തിങ്കളാഴ്ച പകല്‍ 12-ന് വീട്ടുവളപ്പില്‍ നടക്കും.

ഇലക്ട്രീഷ്യനായ രാജന്‍ പരേതരായ കിടഞ്ഞിയില്‍ രാമുണ്ണി നായരുടെയും ചിരുതേയിക്കുട്ടി അമ്മയുടെയും മകനാണ്. ഭാര്യ: ശ്രീജ. മക്കള്‍: ഹിമ രാജ (വടകര മോഡല്‍ പോളിടെക്‌നിക് വിദ്യാര്‍ഥിനി), ഹിദ രാജ (പ്ലസ് ടു വിദ്യാര്‍ഥിനി, കൊയിലാണ്ടി ജി.എച്ച്.എസ്.എസ്.). സഹോദരങ്ങള്‍: ദേവിയമ്മ, രാഘവന്‍ നായര്‍.