കണ്ണൂർ: സിഎംആർഎൽ എംഡി ശശിധരൻ കർത്തയിൽനിന്ന് ഇ.പി.ജയരാജന്റെ ഭാര്യ പി.കെ. ഇന്ദിര പണം വാങ്ങിയെന്ന ആരോപണവുമായി ഇപിയുടെ സഹോദരീപുത്രൻ ശ്യാംജിത്ത് രംഗത്ത്. വൈദേകം റിസോർട്ടിൽ ചെലവഴിച്ച പണം ഇതാണെന്നും ശ്യാംജിത്ത് ആരോപിച്ചു. താൻ ജീവിതം അവസാനിപ്പിക്കുകയാണ്.
അതിന്റെ ഉത്തരവാദിത്തം പി.കെ. ഇന്ദിരയ്ക്കും ഇ.പി. ജയരാജനുമാണെന്നും വ്യക്തമാക്കുന്ന ശ്യാംജിത്തിന്റെ കുറിപ്പും പുറത്തുവന്നിട്ടുണ്ട്. അതേസമയം ആരോപണങ്ങൾ നിഷേധിച്ച് ഇ.പി. ജയരാജൻ രംഗത്തെത്തി. വൈദേകം റിസോർട്ടുമായി തനിക്ക് യാതൊരു ബന്ധവുമില്ല. റിസോർട്ടുമായി ബന്ധപ്പെട്ട് ഉപദേശങ്ങൾ മാത്രമാണ് നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി.
ശശിധരൻ കർത്തയുമായി തനിക്ക് സാമ്പത്തിക ഇടപാടുകളൊന്നുമില്ലെന്നും ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഇ.പി പറഞ്ഞു. എന്ത് അടിസ്ഥാനത്തിലാണ് ആരോപണം ഉന്നയിച്ചത്. ആരോപണം ഉന്നയിച്ച വ്യക്തിക്കെതിരെയും വാർത്ത നൽകിയ ചാനലിനെതിരെയും മാനനഷ്ടക്കേസ് നൽകുമെന്നും ജയരാജൻ പറഞ്ഞു.
