
മലപ്പുറം: മലപ്പുറത്ത് ദേശിയപാതയിലുണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരായ സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം. വേങ്ങര വി.കെ. പടിയില്‍ ദേശീയപാതയിലുണ്ടായ സ്‌കൂട്ടറപകടത്തില്‍ പൊന്മള മാണൂര്‍ പിടക്കോഴി വീട്ടില്‍ ജിസ്മിന സുലൈമാന്‍ (23), ജിബിന്‍ സുലൈമാന്‍ (19) എന്നിവരാണ് മരിച്ചത്. ഇരുവരും സ്‌കൂട്ടറില്‍ സഞ്ചരിക്കുമ്പോള്‍ കാറിടിച്ച് വീഴ്ത്തിയതായാണ് സംശയം. വെള്ളിയാഴ്ച വൈകീട്ട് ആറോടെയായിരുന്നു അപകടം.
സ്‌കൂട്ടിയില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ടെത്തിയ ഇവരെ കോട്ടയ്ക്കല്‍ മിംസ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കാറിടിച്ച് വീഴ്ത്തിയതാണെന്ന് പറയുന്നുണ്ടെങ്കിലും അത് സ്ഥിരീകരിച്ചിട്ടില്ലെന്ന് തിരൂരങ്ങാടി പോലീസ് അറിയിച്ചു. സി.സി.ടി.വി. ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ ശേഖരിച്ച് അന്വേഷണം പുരോഗമിപ്പിക്കുമെന്നും പോലീസ് അറിയിച്ചു.
മഅദനിന്‍ പ്രീ സ്‌കൂള്‍ അധ്യാപികയാണ് ജിസ്മിന. രാമപുരം ജെംസ് കോളേജിലെ ഒന്നാം വര്‍ഷ ബി.സി.എ. വിദ്യാര്‍ഥിയാണ് ജിബിന്‍. സുലൈമാന്‍-താച്ചുട്ടി എന്നിവരുടെ മക്കളാണ്. സഹോദരന്‍: മുഹ്സിന്‍ കമാല്‍. പ്രവാസിയായ പരവക്കല്‍ അബൂബക്കര്‍ സിദ്ദിഖാണ് ജിസ്മിനയുടെ ഭര്‍ത്താവ്. നാലുവയസ്സുള്ള എബില്‍ അഹമ്മദാണ് മകന്‍.
