ചെന്നൈ: തമിഴ്നാടിന്റെ വടക്കൻ ജില്ലകളിലും മലയോര മേഖലകളിലും കനത്ത മഴ തുടരുന്നു. ശക്തമായ മഴയെ തുടർന്ന് ഊട്ടി – മേട്ടുപ്പാളയം റോഡിലും കൊടൈക്കനാൽ മേഖലയിലും വൻ മണ്ണിടിച്ചിലുണ്ടായി. ഊട്ടി-മേട്ടുപ്പാളയം പാതയിലെ ബൂർളിയാറിന് സമീപം നിർത്തിയിട്ടിരുന്ന ബസ്സിന് മുകളിലേക്ക് മണ്ണും മരവും ഇടിഞ്ഞുവീണു.(Tamil Nadu Heavy Rains Landslide Ooty Mettupalayam Road Traffic Disrupted)
എന്നാൽ ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ ബസ്സിലുണ്ടായിരുന്ന ജീവനക്കാരെയും യാത്രക്കാരെയും സുരക്ഷിതമായി രക്ഷപ്പെടുത്താൻ സാധിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. മണ്ണിടിച്ചിലിനെ തുടർന്ന് കോയമ്പത്തൂർ – നീലഗിരി ജില്ലകളെ ബന്ധിപ്പിക്കുന്ന റോഡുകളിലും കൊടൈക്കനാലിലേക്കുള്ള പ്രധാന പാതകളിലും ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടിരിക്കുകയാണ്.
വാരാന്ത്യ അവധി ദിവസങ്ങളിൽ പ്രദേശത്ത് എത്തിയ നൂറുകണക്കിന് വിനോദസഞ്ചാരികൾ ഊട്ടി, കൊടൈക്കനാൽ മലയോര കേന്ദ്രങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ മേഖലയിൽ വിനോദസഞ്ചാരത്തിന് അധികൃതർ താൽക്കാലികവിലക്കേർപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ പത്ത് ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ശക്തമായ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പെയ്ത്തുപിടിച്ച മഴയിൽ ഇനിയും കൂടുതൽ സ്ഥലങ്ങളിൽ മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാൽ മലയോര മേഖലകളിൽ താമസിക്കുന്നവരും യാത്രക്കാരും അതീവ ജാഗ്രത പാലിക്കണമെന്ന് പ്രാദേശിക ഭരണകൂടം അറിയിച്ചു.
