പ്രതിഷേധം ഫലം കണ്ടു; മേപ്പാടി-ചൂരൽമല റോഡിലെ ഉപരോധം അവസാനിപ്പിച്ച് നാട്ടുകാർ, നവംബർ 30നുള്ളിൽ പണി പൂർത്തിയാക്കാമെന്ന് ഉറപ്പ് നൽകി അധികൃതർ
കൽപ്പറ്റ: നിർമ്മാണം ആരംഭിച്ച് പത്ത് വർഷം കഴിഞ്ഞിട്ടും റോഡ് പണി പൂർത്തിയാകാത്തതിൽ പ്രതിഷേധിച്ച് മേപ്പാടി-ചൂരൽമല റോഡ് ഉപരോധിച്ച് നാട്ടുകാർ. ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ റോഡിൽ കിടന്നായിരുന്നു പ്രതിഷേധം. അഞ്ചു മണിക്കൂർ ഉപരോധം നീണ്ടതോടെ ചൂരൽമലയിൽ നിന്ന് മേപ്പാടിയിലേക്കും തിരിച്ചും ഉള്ള ഗതാഗതം സ്തംഭിച്ചു.രാവിലെ 7 മണിയോടെയാണ് ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ നാട്ടുകാർ ചൂരൽ മല മേപ്പാടി റോഡ് ഉപരോധിച്ചത്. കെ.എസ്.ആർ.ടി.സി ബസുകളും വിനോദ സഞ്ചാരികളുടെ വാഹനങ്ങളുമുൾപ്പടെ നൂറു കണക്കിന് വാഹനങ്ങൾ കുടുങ്ങി. മണിക്കൂറുകൾ പിന്നിട്ടതോടെ പ്രതിഷേധത്തിന്റെ രൂപം മാറി. നാട്ടുകാർ റോഡിൽ കിടന്ന് പ്രതിഷേധിച്ചു.പ്രതിഷേധം ശക്തമായതോടെ എഡിഎം സ്ഥലത്ത് എത്തി ചർച്ച നടത്തി. പഞ്ചായത്ത് പ്രസിഡന്റ്, നിർമ്മാണ ചുമതലയുള്ള ഊരാളുങ്കൽ ലേബർ സൊസൈറ്റി അധികൃതർ തഹസിൽദാർ, വാട്ടർ അതോറിറ്റി അധികൃതർ, കെ എസ് ഇ ബി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. നവംബർ 30നുള്ളിൽ പണി പൂർത്തിയാക്കാമെന്ന ഉറപ്പിൽ ഉച്ചയ്ക്ക് 12 മണിയോടെ നാട്ടുകാർ സമരം അവസാനിപ്പിച്ചു.