
ഇടുക്കി : സംരക്ഷിത വന മേഖലക്കു ചുറ്റും ഒരു കിലോമീറ്റർ ബഫർ സോൺ വേണമെന്ന വിധിക്കെതിരെ ഇടുക്കിയിൽ വീണ്ടും സമരങ്ങൾ ശക്തമായി. കത്തോലിക്ക കോൺഗ്രസും ഇൻഫാമുമാണ് ജില്ലയിൽ പലഭാഗത്തായി ചിങ്ങം ഒന്നിന് സമരവുമായി എത്തിയത്
ബഫർ സോണിൽ ഉൾപ്പെടുന്ന ജനവാസ മേഖലകളേയും അവിടുത്തെ നിർമ്മിതികളേയും സംബന്ധിച്ച റിപ്പോർട്ട് സെപ്റ്റംബർ മൂന്നിനു മുമ്പ് മുഖ്യ വനപാലകൻ സമർപ്പിക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചിരുന്നു. ഈ റിപ്പോർട്ട് സമർപ്പിക്കുമ്പോൾ ജനവാസ മേഖലകൾ ഉൾപ്പെടുത്തിയാലുള്ള ദുരിതങ്ങൾ കൃത്യമായി കോടതിയെ അറിയിക്കണമെന്നാണ് സമര രംഗത്തുള്ള കർഷക സംഘടനകളുടെ ആവശ്യം. തുടർ സമരങ്ങളുടെ ഭാഗമായി കത്തോലിക്ക കോൺഗ്രസ് ഇടുക്കി രൂപതയിലെ നാലു സ്ഥലങ്ങളിൽ കർഷക റാലിയും പ്രതിഷേധ സമ്മേളനവും സംഘടിപ്പിച്ചു
ബഫർസോൺ വിഷയത്തിൽ കൃഷി മന്ത്രി പി പ്രസാദ് സ്വീകരിച്ചിരിക്കുന്ന കർഷക വിരുദ്ധ നിലപാടിൽ നിന്നും പിന്മാറണമെന്നും കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു. ഇൻഫാമിൻറെ നേതൃത്വത്തിൽ ഇടുക്കിയിൽ അഞ്ച് സ്ഥലങ്ങളിലായിരുന്നു ബഫർ സോൺ വിരുദ്ധ ദിനാചരണം.
പ്രശ്നത്തിൽ സർക്കാർ മെല്ലെപ്പോക്ക് തുടർന്നാൽ സമരം ശക്തമാക്കാനാണ് കത്തോലിക്ക കോൺഗ്രസിൻറെയും ഇൻഫാമിൻറെയും തീരുമാനം. വ്യാപാരി വ്യവസായി ഏകോപന സമിതി ഉൾപ്പെടെയുള്ള സംഘടനകളും സമരം ശക്തമാക്കാൻ തീരുമാനിച്ചിട്ടുണ്ട്.
ബഫർ സോൺ വിധി വലിയ പ്രത്യാഘാതമുണ്ടാക്കും; പുന:പരിശോധന ഹർജി ഫയൽ ചെയ്തു കേരളം
സംരക്ഷിത വനമേഖലക്ക് ചുറ്റും ഒരു കിലോമീറ്റർ ബഫർ സോൺ നിർണയിച്ച സുപ്രീം കോടതി വിധിക്കെതിരെ കേരളം പുന:പരിശോധന ഹർജി ഫയൽ ചെയ്തു. ചീഫ് സെക്രട്ടറിയാണ് പുന:പരിശോധന ഹർജി നൽകിയത്. വിധി നടപ്പാക്കുന്നത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്ന് കേരളം ഹര്‍ജിയില്‍ പറയുന്നു.
സംസ്ഥാനത്തിന്‍റെ സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍ മുഖേനയാണ് ഹര്‍ജി സുപ്രീംകോടതിയിലെത്തിയിരിക്കുന്നത്. കേരളത്തിന്റെ സ്റ്റാൻഡിംഗ് കൌൺസൽ നിഷേ രാജൻ ശങ്കറാണ് സംസ്ഥാനത്തിനായി ഹർജി സുപ്രീം കോടതിയിൽ ഫയല്‍ ചെയ്തത്. നിലവിലെ സാഹചര്യത്തില്‍ ബഫര്‍ സോണ്‍ ഉത്തരവ് നടപ്പാക്കുന്നത് വലിയ പ്രത്യാഘാതമുണ്ടാക്കും. ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ജനങ്ങളെ ഒഴിപ്പിച്ചുകൊണ്ട് ബഫര്‍സോണ്‍ നടപ്പാക്കുന്നതും ഇവരെ പിന്നീട് പുനരധിവസിപ്പിക്കുക എന്നതും സംസ്ഥാനത്തെ വലിയ പ്രതിസന്ധിയിലേക്ക് എത്തിക്കുമെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. വിധി നടപ്പാക്കുന്നത് ജീവിക്കാനുള്ള അവകാശത്തിന് നേരെയുള്ള കടന്നുകയറ്റമായി മാറുമെന്നും കേരളം പറയുന്നു. സുപ്രീംകോടതി വിധി നടപ്പാക്കിയാല്‍ കൊച്ചിയിലുള്ള മംഗളവനത്തിനു സമീപമുള്ള ഹൈക്കോടതിയെ ബാധിക്കുമെന്നും ഹര്‍ജിയില്‍ പറയുന്നു.
വിധി വയനാട്, ഇടുക്കി, കുമളി, മൂന്നാർ, നെയ്യാർ ,റാന്നി അടക്കം സ്ഥലങ്ങളിലെ ജനങ്ങളിൽ അരക്ഷിതാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്. കേരളത്തിലെ സംരക്ഷിത വനമേഖലയ്ക്ക് ചുറ്റും ദശാബ്ദങ്ങളായി വികസിച്ചു വന്ന ജനവാസ മേഖലയാണ് ഉള്ളത്. വിധി നടപ്പാക്കുന്നത് ആദിവാസി സെറ്റിൽമെൻ്റുകളെ അടക്കം ബാധിക്കുമെന്നും ഹര്‍ജിയില്‍ കേരളം വാദിക്കുന്നു. 106 പേജുകളുള്ളതാണ് ഹര്‍ജി. പതിനേഴ് വന്യജീവി സങ്കേതങ്ങളുടെയും ആറ് ദേശീയ സംരക്ഷിത ഉദ്യാനങ്ങളുടെയും ബഫര്‍ സോണ്‍ സംബന്ധിച്ച ശുപാര്‍ശ കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയത്തിന് കേരളം കൈമാറിയതാണ്. എന്നാല്‍ സുപ്രീംകോടതി ഇത് കണക്കിലെടുത്തില്ലെന്നും കേരളം പുനഃപരിശോധനാ ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്. ഹർജിയുമായി ബന്ധപ്പട്ട് വനം മന്ത്രിയും എജിയും അടക്കം ദില്ലിയിൽ എത്തി വലിയ കൂടിയാലോചനകളാണ് നടന്നത്.