
റിയാദ്: ജോര്‍ദാന്‍ കിരീടാവകാശി ഹുസൈന്‍ ബിന്‍ അബ്‍ദുല്ല വിവാഹിതനാവുന്നു. സൗദി അറേബ്യന്‍ തലസ്ഥാനമായ റിയാദില്‍ നിന്നുള്ള റജ്‍വ ഖാലിദ് ബിന്‍ മുസൈദ് ബിന്‍ സൈഫ് ബിന്‍ അബ്‍ദുല്‍ അസീസ് അല്‍ സൈഫാണ് വധു. ഇരുവരുടെയും വിവാഹനിശ്ചയം നടന്നതായി ജോര്‍ദാന്‍ റോയല്‍ കോര്‍ട്ട് അറിയിച്ചു. ചടങ്ങിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടിട്ടുണ്ട്.
വധുവിന്റെ റിയാദിലെ വീട്ടില്‍ വെച്ചാണ് വിവാഹ നിശ്ചയ ചടങ്ങുകള്‍ നടന്നത്. ജോര്‍ദാന്‍ രാജകുടുംബത്തിലെ നിരവധി പ്രമുഖരാണ് ഇതിനായി കഴിഞ്ഞയാഴ്‍ച സൗദി അറേബ്യയില്‍ എത്തിയത്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍, ജോര്‍ദാന്‍ രാജാവ് അബ്‍ദുല്ല രണ്ടാമനെ വിളിച്ച് ആശംസകള്‍ അറിയിച്ചതായി സൗദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്‍തു. വിവാഹിതരാവാനൊരുങ്ങുന്ന ജോര്‍ദാന്‍ കിരീടാവകാശി ഹുസൈന്‍ രാജകുമാരനും വധുവിനും സന്തോഷകരമായ ജീവിതം ആശംസിക്കുന്നതായി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ അറിയിച്ചു.