പരിയാരം: കണ്ണപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ പരിയാരം മെഡിക്കൽ കോളേജിൽ ചികില്‍സക്കെത്തിയ യുവാവിൽ നിന്നും മാരകമായ ലഹരിമരുന്നായ 10 ഗ്രാമോളം എം.ഡി.എം.എ.പരിയാരം പോലീസ് കണ്ടെടുത്തു.
കെ.എസ്.പി ടി റോഡിൽ കണ്ണപുരം മുച്ചിലോട്ട് കാവിന് സമീപം ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് ബൈക്ക് കാറിൽ ഇടിച്ച് തീപിടുത്തമുണ്ടാകുകയും അപകടത്തിൽ ബൈക്ക് യാത്രികനായഒരാള്‍ മരിക്കുകയും ചെയ്തത്. ബൈക്ക് സഹയാത്രികന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അപകടവും വാഹനങ്ങൾ കത്തിയമർന്നതും അന്വേഷിക്കുന്നതിനിടെയാണ് പോലീസ് അന്വേഷണം പുതിയ വഴിത്തിരിവിലേക്ക് നീങ്ങിയത്. അപകടത്തെ തുടർന്ന്
കെ.എ.35 എക്‌സ്-1923 നമ്പർ ബൈക്കിന് തീപിടിച്ചതോടെയാണ് ഇടിച്ച കാറും പൂർണ്ണമായും കത്തിനശിച്ചത്.
കര്‍ണ്ണാടക ചിക്മംഗ്ലൂര്‍ ബാലന്നോര്‍ ശാന്തിപുര സ്വദേശി മുഹമ്മദ് ഷംസീര്‍(20) ആണ് അപകടത്തിൽ മരിച്ചത്. ബൈക്കിലുണ്ടായിരുന്ന മാലിക്കുദ്ദീനെ(25) ഗുരുതരമായി പൊള്ളലേറ്റ് പരിയാരം കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. നാട്ടുകാരുടെ സഹായത്തോടെ പോലീസ് ഇവരെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചപ്പോളാണ് വസ്ത്രങ്ങള്‍ക്കിടയില്‍ നിന്നും മയക്കുമരുന്ന് കണ്ടെത്തിയത്.
പരിയാരം എസ് ഐ. നിബിൻ ജോയിയും സംഘവും മയക്കുമരുന്ന് കസ്റ്റഡിയിലെടുത്ത് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. ബൈക്ക് യാത്രികനായ ഒരാൾ മരിക്കുകയും സഹയാത്രികന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തസാഹചര്യത്തില്‍ പോലീസ് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ അന്വേഷണം കർണ്ണാടകയിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്.
ചിക്മംഗളൂരില്‍ നിന്നെത്തിയ ഇവരുടെ ബന്ധുക്കളെ പോലീസ് ചോദ്യം ചെയ്തു. ചിക്മാംഗളൂര്‍ പോലീസുമായി ബന്ധപ്പെട്ട് ഇവരുടെ വിവരങ്ങള്‍ പോലീസ് ഇതിനകംശേഖരിച്ചിട്ടുണ്ട്.
ശാന്തിപുരയില്‍ ടെക്‌സ്റ്റൈല്‍ ഷോപ്പ് നടത്തുന്ന ഷംസീർ നിർമ്മാണ തൊഴിലാളിയായ മാലിക്കുദ്ദീനെ കാണാനാണ് കണ്ണൂരില്‍ എത്തിയതെന്നാണ് ബന്ധുക്കളിൽ നിന്ന് പോലീസ് ലഭിച്ച വിവരം.
ബൈക്കില്‍ മറ്റെന്തെങ്കിലും സ്ഫോടക വസ്തുക്കള്‍ ഉണ്ടായിരുന്നോ എന്ന് പരിശോധന നടത്താൻ ഫോറൻസിക് വിദ്ധരുടെ സഹായത്തോടെ ശാസ്ത്രീയ പരിശോധനക്ക് കണ്ണപുരം പോലീസും ശ്രമം തുടങ്ങി. വാഹനഅപകടത്തിലും തീപിടുത്തത്തിനുമിടയിൽ കാർ യാത്രക്കാർ അൽഭുതമായി രക്ഷപ്പെട്ടിരുന്നു.