വധഭീഷണിയുണ്ടായിരുന്നു, ബിജെപി സഹായത്തോടെയാണ് കൊല'; ആരോപണവുമായി ഷാജഹാന്റെ കുടുംബം

വധഭീഷണിയുണ്ടായിരുന്നു, ബിജെപി സഹായത്തോടെയാണ് കൊല'; ആരോപണവുമായി ഷാജഹാന്റെ കുടുംബം


പാലക്കാട് : പാലക്കാട് കുന്നംകാട് കൊല്ലപ്പെട്ട സി പി എം പ്രവർത്തകൻ ആയിരുന്ന ഷാജഹാന് വധഭീഷണി ഉണ്ടായിരുന്നതായി കുടുംബം. ഒന്നാം പ്രതി ശബരീഷ്, രണ്ടാം പ്രതി അനീഷ്, മൂന്നാം പ്രതി നവീൻ എന്നിവർ വെട്ടുമെന്ന് ഭീഷണിപ്പെടുത്തി. രണ്ടു ദിവസം മുമ്പ് നവീൻ വെട്ടിക്കൊല്ലുമെന്ന് മുന്നറിയിപ്പ് നൽകി. കൊലപാതകം ആസൂത്രിതമാണ്. ഈ ആസൂത്രിതമായ കൊലയ്ക്ക് പിന്നിൽ ബി ജെ പി ആണെന്നും കുടുംബം ആരോപിക്കുന്നു. ബി ജെ പിയുടെ സഹായമില്ലാതെ കൊലപാതകം നടക്കില്ല. ഒരു വർഷമായി ഷാജഹാനും പ്രതികളും തമ്മിൽ പ്രശ്നമുണ്ടായിരുന്നു. ഷാജഹാൻ സി പി എം ബ്രാഞ്ച് സെക്രട്ടറിയായ ശേഷമാണ് തർക്കം തുടങ്ങിയത്. പ്രതികൾ ഒരു വർഷം മുമ്പ് വരെ സി പി എം പ്രവർത്തകർ ആയിരുന്നുവെന്നും കുടുംബം  പറഞ്ഞു.അതേസമയം പാലക്കാട് കുന്നംകാട് സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാന്‍റെ കൊലപാതക കേസിൽ പ്രത്യേക അന്വേഷണ സംഘം ഇന്ന് പ്രവർത്തനം തുടങ്ങും. പാലക്കാട് ഡി വൈ എസ് പി  വി കെ രാജുവിന്‍റെ നേതൃത്വത്തിൽ 19 അംഗങ്ങളാണ് സംഘത്തിലുള്ളത്. പ്രതികൾ എവിടെ എന്നതിന്റെ എകദേശ ധാരണ പൊലീസിന് ലഭിച്ചതായാണ് സൂചന. പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലം വ്യക്തമാകാൻ കൂടുതൽ  പേരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. ഞായറാഴ്ച രാത്രിയിലാണ് ഷാജഹാൻ വെട്ടേറ്റ് മരിക്കുന്നത്