'സ്വപ്നയ്ക്ക് തിരിച്ചടി; ഗൂഢാലോചന, കലാപാഹ്വാന കേസുകൾ റദ്ദാക്കില്ല

'സ്വപ്നയ്ക്ക് തിരിച്ചടി; ഗൂഢാലോചന, കലാപാഹ്വാന കേസുകൾ റദ്ദാക്കില്ല


കൊച്ചി: സ്വപ്ന സുരേഷിന് തിരിച്ചടി. ഗൂഢാലോചന, കലാപാഹ്വാന കേസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന സമർപ്പിച്ച ഹർജികൾ ഹൈക്കോടതി തള്ളി. അന്വേഷണം പ്രാഥമികഘട്ടത്തിൽ ആണെന്ന് വ്യക്തമാക്കിയാണ് കോടതി സ്വപ്നയുടെ ഹർജി തള്ളിയത്. കുറ്റപത്രം സമർപ്പിച്ച ശേഷം ആവശ്യമെങ്കിൽ കേസ് റദ്ദാക്കാൻ വീണ്ടും കോടതിയെ സമീപിക്കാമെന്ന് ജസ്റ്റിസ് സിയാദ് റഹ്‍മാൻ വ്യക്തമാക്കി. 

ഗൂഢാലോചന കേസുൾപ്പെടെ പൊലീസ് രജിസ്റ്റർ ചെയ്ത രണ്ട് കേസുകൾ റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് സ്വപ്ന ഹൈക്കോടതിയെ സമീപിച്ചത്. മുൻമന്ത്രി കെ.ടി.ജലീലിന്‍റെ പരാതിയിൽ തിരുവനന്തപുരം കന്‍റോൺമെന്‍റ് പൊലീസ് എടുത്ത ഗൂഢാലോചന കേസും പാലക്കാട് കസബ പൊലീസ് എടുത്ത കലാപാഹ്വാന കേസും റദ്ദാക്കണമെന്നായിരുന്നു ആവശ്യം. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനുമുള്ള പങ്ക് 164 പ്രകാരം വെളിപ്പെടുത്തിയതിന് പിന്നാലെയാണ് കേസുകൾ എടുത്തതെന്നും പ്രതികാര നടപടിയാണ് കേസിന് പിന്നിലെന്നുമായിരുന്നു സ്വപ്ന സുരേഷിന്റെ വാദം. എന്നാൽ നിക്ഷിപ്ത താൽപര്യമാണ് സ്വപ്നയുടെ രഹസ്യ മൊഴിക്ക് പിന്നിലെന്നും തെളിവുകൾ ഇല്ലാതെയാണ് മുഖ്യമന്ത്രിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചതെന്നും ഇതിന് പിറകിൽ ഗൂഢാലോചനയുണ്ടെന്നുമായിരുന്നു സർക്കാരിന്റെ വാദം. അന്വേഷണം തുടരുന്ന ഈ ഘട്ടത്തിൽ കോടതി ഇടപെടരുതെന്നും സർക്കാർ ആവശ്യപ്പെട്ടിരുന്നു.