പ്ലസ് വണ്‍; ഇതുവരെ അപേക്ഷിക്കാത്തവര്‍ക്ക് വീണ്ടും അവസരം

പ്ലസ് വണ്‍; ഇതുവരെ അപേക്ഷിക്കാത്തവര്‍ക്ക് വീണ്ടും അവസരം

പ്ലസ വണ്‍ പ്രവേശനത്തിന് ഇതുവരെ അപേക്ഷിക്കാന്‍ കഴിയാത്തവര്‍ക്ക് വീണ്ടും അവസരം നല്‍കുമെന്ന് വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മൂന്നാമത്തെ അലോട്ട്മെന്റിനുശേഷം സപ്ലിമെന്ററി അലോട്ട്മെന്റിനായി പുതിയ അപേക്ഷകള്‍ നല്‍കാം. മുഖ്യഘട്ടത്തില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയതിനാലും ഫൈനല്‍ കണ്‍ഫര്‍മേഷന്‍ നല്‍കാത്തതിനാലും പരിഗണിക്കപ്പെടാത്ത വിദ്യാര്‍ത്ഥികള്‍ക്കും സപ്ലിമെന്ററി ഘട്ടത്തില്‍ പുതിയ അപേക്ഷ നല്‍കാം. മുഖ്യഘട്ടത്തില്‍ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാത്തവര്‍ക്ക് സപ്ലിമെന്ററി അലോട്ട്‌മെന്റിനായി പ്രസിദ്ധീകരിക്കുന്ന ഒഴിവുകളില്‍ പരിഗണിക്കാനായി അപേക്ഷ പുതുക്കി നല്‍കാം. തെറ്റായ വിവരങ്ങള്‍ അപേക്ഷയില്‍ ഉള്‍പ്പെട്ടതിനാല്‍ പ്രവേശനം നിരാകരിക്കപ്പെട്ടവര്‍ക്കും ഈ അവസരത്തില്‍ തെറ്റുതിരുത്തിയുള്ള അപേക്ഷ നല്‍കാം. സപ്ലിമെന്ററി അലോട്ട്‌മെന്റിനുള്ള ഒഴിവും വിജ്ഞാപനവും മുഖ്യഘട്ട പ്രവേശനത്തിനുള്ള സമയപരിധിക്കുശേഷം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. രണ്ടാം അലോട്ട്‌മെന്റ്് ഇന്ന് വൈകിട്ട് ആറുവരെയാണ്. മെറിറ്റ് ക്വാട്ടയില്‍ ഒന്നാം ഓപ്ഷനില്‍ അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ ഫീസടച്ച് സ്ഥിരം പ്രവേശനം നേടണം. അലോട്ട്‌മെന്റ് ലെറ്ററില്‍ പറഞ്ഞിട്ടുള്ള ഫീസ് മാത്രമേ അടയ്ക്കേണ്ടതുള്ളു. താഴ്ന്ന ഓപ്ഷനില്‍ അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ക്ക് താത്കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോ നേടാം. അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാതിരുന്ന വിദ്യാര്‍ത്ഥികളെ തുടര്‍ന്നുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റുകളില്‍ പരിഗണിക്കില്ല. അലോട്ട്‌മെന്റ് കിട്ടിയ വിദ്യാര്‍ത്ഥികളെല്ലാം രക്ഷിതാക്കള്‍ക്കൊപ്പം ഇന്ന് വൈകിട്ട് അഞ്ചിനുമുമ്പ് സ്‌കൂളുകളില്‍ പ്രവേശനത്തിന് എത്തണമെന്നും വിദ്യാഭ്യാസവകുപ്പ് നിര്‍ദേശിച്ചു. രണ്ടാം അലോട്ട്‌മെന്റിനൊപ്പം സ്‌പോര്‍ട്‌സ്, കമ്യൂണിറ്റി ക്വാട്ടകളിലുള്ള പ്രവേശനവും നടക്കും.