ബസ് പിന്നോട്ടെടുക്കുമ്പോള്‍ പിറകില്‍ നിന്നയാളോട് മാറാന്‍ പറഞ്ഞ കണ്ടക്ടര്‍ക്ക് മര്‍ദ്ദനം, തലയ്ക്ക് പരിക്ക്
കോഴിക്കോട്: ബസ് പിറകിലേക്കെടുക്കുന്നതിനിടെ മാറാന്‍ പറഞ്ഞതിന് കണ്ടക്ടര്‍ക്ക് ക്രൂരമര്‍ദ്ദനം. കോഴിക്കോട് വടകരയിലാണ് സംഭവം. വടകര പുതിയ ബസ് സ്റ്റാന്റില്‍ രാവിലെയോടെയാണ് വട്ടോളി മാവുള്ള പറമ്പത്ത് സ്വദേശിയും കണ്ടക്ടറുമായ ദിവാകരന്(50) മര്‍ദ്ദനമേറ്റത് . വടകര-തൊട്ടില്‍പ്പാലം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഹരിശ്രീ ബസ്സിലെ കണ്ടക്ടറാണ് ദിവാകരന്‍. പുതിയ ബസ് സ്റ്റാന്റിലെ ട്രാക്കില്‍ മറ്റൊരു ബസ് പുറകോട്ടെടുക്കുന്നതിനിടെ അവിടെ ഇരിക്കുകയായിരുന്ന ആളോട് ദിവാകരന്‍ മാറാന്‍ പറഞ്ഞിരുന്നു. ഇതില്‍ ക്ഷുഭിതനായ ഇയാള്‍ കണ്ടക്ടറെ ഇടിച്ചുവീഴ്ത്തി സ്ഥലത്ത് നിന്നും കടന്നുകളയുകയായിരുന്നു. വീഴ്ചയില്‍ ദിവാകരന്റെ തലക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ഉടന്‍ തന്നെ ഇദ്ദേഹത്തെ വടകര സഹകരണ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.