കണ്ണൂരില്‍ മുക്കുപണ്ടം പണയം വെച്ച് പണം തട്ടുന്ന സംഘം പിടിയിൽ

കണ്ണൂരില്‍ മുക്കുപണ്ടം പണയം വെച്ച് പണം തട്ടുന്ന സംഘം പിടിയിൽ
കണ്ണൂർ :കൂത്തുപറമ്പിൽ സ്വർണ്ണം പൂശിയ മുക്ക് പണ്ടം ബാങ്കുകളിൽ പണയം വച്ച് പണം തട്ടിയ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു.കൂത്ത്പറമ്പ് സ്വദേശി പി. ശോഭന, നരവൂരിലെ അഫ്സൽ എന്നിവരെയാണ് കൂത്തുപറമ്പ് പോലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി അറസ്റ്റ് ചെയ്തത്. വിവിധ ബാങ്കുകളിൽ നിന്നായി മൂന്ന് കോടിയോളം രൂപ തട്ടിയെടുത്തതായാണ് പ്രാഥമിക നിഗമനം.
കൂത്തുപറമ്പ് ടൗണിൽ പ്രവർത്തിക്കുന്ന തലശ്ശേരി താലൂക്ക് വെൽഫെയർ സൊസൈറ്റി അധികൃതർ നൽകിയ പരാതിയെ തുടർന്ന് കൂത്തുപറമ്പ് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന തട്ടിപ്പ് വിവരം പുറത്ത് വന്നത്.

സ്വർണ്ണം പൂശിയ മുക്ക് പണ്ടം ബാങ്കുകളിൽ പണയം വച്ചാണ് പ്രതികൾ ബാങ്കുകളിൽ നിന്നും പണം തട്ടിയെടുത്തത്.
തലശ്ശേരി താലൂക്ക് വെൽഫെയർ സൊസൈറ്റി, കൂത്തുപറമ്പ് അർബൻ സഹകരണ ബാങ്ക് ഉൾപ്പെടെയുള്ള സഹകരണ ബാങ്കുകളെ കബളിപ്പിച്ചാണ് പണം തട്ടിയെടുത്തത്. മറ്റ് ബാങ്കുകളുടെ വിവരം പോലീസ് ശേഖരിച്ച് വരികയാണ്.
വിവിധ ബാങ്കുകളിൽ നിന്നായി മൂന്ന് കോടിയോളം രൂപ തട്ടിയെടുത്തതായാണ് നിഗമനം.

അഫ്സലാണ് തട്ടിപ്പിന്റെ സൂത്രധാരനെന്നാണ് പോലീസിന് ലഭിച്ച വിവരം. സഹകരണ സ്ഥാപനത്തിൽ കളക്ക്ഷൻ ഏജന്റായി പ്രവർത്തിച്ചു വന്നിരുന്ന ശോഭനയെ തെറ്റിദ്ധരിപ്പിച്ച് പണയം വെപ്പിക്കുകയായിരുന്നു എന്നാണ് കരുതുന്നത്.

അഫ്സലിനെ വയനാട് വച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്.  പോലീസ് പിടികൂടുമ്പോൾ ഇയാളുടെ ബാഗിൽ നിന്നും ഏതാനും വ്യാജ സ്വർണാഭരണങ്ങളും, പല ആളുകളുടെ പേരിലുള്ള രസീതുകളും പോലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ വിശദമായി ചോദ്യം ചെയ്താൽ മാത്രമെ തട്ടിപ്പിന്റെ വ്യാപ്തിയെപ്പറ്റി കൂടുതൽ വിവരങ്ങൾ പുറത്ത് വരികയുള്ളുവെന്ന് പോലീസ് പറഞ്ഞു.